Advertisement

ഈ രക്തം എ.കെ.ജി സെന്ററില്‍ വെക്കാന്‍ പറ്റില്ലെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അണികള്‍ക്ക് നന്നായിട്ടറിയാം; വനിതാ ലീഗ് നേതാവിന് ഡോ. വീണയുടെ മറുപടി

January 17, 2019
Google News 1 minute Read
VEENA JS

‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയെ വിമര്‍ശിച്ച വനിതാ ലീഗ് നേതാവ് ഷാഹിനാ നിയാസിന് മറുപടിയുമായി ഡോക്ടര്‍ വീണ ജെ.എസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആര്‍ത്തവം ശുദ്ധമെങ്കില്‍ ആര്‍ത്തവ രക്തം സ്വരൂപിച്ച് എ.കെ.ജി സെന്ററില്‍ വിതരണത്തിന് വെക്കണമെന്നും ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കള്‍ക്ക് അത്യാവശ്യം വരുമ്പോള്‍ കുത്തിവെക്കാം എന്നുമായിരുന്നു ഷാഹിനയുടെ പരാമര്‍ശം. ഇതിനെതിരെയാണ് ഡോ. വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഷാഹിനയുടെ പോസ്റ്റിന് ശാസ്ത്രീയമായാണ് ഡോ. വീണ ജെ.എസ് മറുപടി നല്‍കിയിരിക്കുന്നത്.

വീണ ജെ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

വനിതാ ലീഗ് നേതാവായ ഷാഹിന നിയാസി അറിയാൻ.

പാൽ സൊസൈറ്റിക്കാർ വീടുകളിൽ നിന്ന് പാൽ ശേഖരിക്കുമ്പോലെയല്ല ആർത്തവരക്തം ശേഖരിക്കേണ്ടത്. ബോഡി ഓട്ടോണമി അഥവാ സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം മനുഷ്യർക്ക്‌ ഓരോരുത്തർക്കുമുണ്ട്. വിവാഹിതയായാലും ഇല്ലേലും പെൺശരീരത്തിനുമേൽ ആണിനാണ് അധികാരമെന്നു വിശ്വസിക്കുന്ന സ്ത്രീവിരുദ്ധ-ആൺമേധാവിത്തമനസ്സുള്ള ആളുകൾക്ക് പറഞ്ഞാൽ മനസിലാവില്ലെങ്കിലും ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം.

ആർത്തവരക്തബാങ്ക് എന്നത് താങ്കൾ മെനഞ്ഞെടുക്കുന്നതിന് എത്രയോമുന്നേ തന്നെ അത് അമേരിക്കയിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്. Stem cell തെറാപ്പിക്ക് ആർത്തവരക്തത്തിലെ കോശങ്ങൾ ഉപയോഗപ്പെടുത്താമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അൽഷിമേഴ്‌സ് അസുഖത്തിനും പക്ഷാഘാതത്തിനും ഈ stem cell തെറാപ്പി ഉപയോഗപ്പെടുത്താം. അതിനുവേണ്ടി ആർത്തവരക്തബാങ്കുകൾ ഗവേഷണം തുടങ്ങിയിട്ടും ഉണ്ട്.

പക്ഷെ പാൽക്കാരൻ വന്നു പാൽ വാങ്ങുംപോലെ നടക്കില്ല. പശുവിന്റെ അകിടിൽ പോയി പാൽ എടുക്കും പോലെ ആർത്തവരക്തം സ്ത്രീശരീരത്തിൽനിന്നുമെടുക്കാൻ ആർക്കും അവകാശമോ അധികാരമോ ഇല്ലാ. രക്തം ദാനം ചെയ്യുന്ന സ്ത്രീയുടെ പരമാധികാരം ആണത്. ഗവേഷണങ്ങൾക്കുവേണ്ടിയോ ചികിത്സക്ക് വേണ്ടിയോ ഉപയോഗിക്കാൻ സ്വന്തം ശരീരത്തിലെ രക്തം കൊടുക്കണോ വേണ്ടയോ എന്ന് അവർ സ്വയം തീരുമാനിക്കുകയും written consent എഴുതി അറിയിക്കുകയും മെൻസ്ട്രുവൾ കപ്പിൽ രക്തം ശേഖരിച്ചു സീൽ ചെയ്തു, കേടാകാതിരിക്കാൻ ഐസ് ബോക്സിൽ വെച്ച് ആർത്തവബാങ്കിൽ എത്തിക്കുകയും ചെയ്യും. അതായത് പാൽസൊസൈറ്റിപ്പരിപാടി അല്ലാന്ന് 

ഈ രക്തം എകെജി സെന്ററിൽ വെക്കാൻ പറ്റില്ലെന്നും, അവിടെയെത്തുന്ന എല്ലാം സ്വീകരിക്കേണ്ടതല്ലെന്നും, ചിലത് സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അണികൾക്ക് നന്നായിട്ടറിയാം. 
ഷാഹിനാ, ഇനി അഥവാ നിങ്ങളുടെ ചിന്തകളോട് ഐക്യദാർഢ്യപ്പെടുന്നവർ പെൺശരീരത്തിൽനിന്നും ആർത്തവരക്തം ശേഖരിച്ചു എകെജി സെന്ററിൽ എത്തിച്ചാൽ നിയമം അവരെ കൈവെക്കും. എന്ത് എവിടെ എങ്ങനെ എത്തിക്കണം എന്ന മാർഗ്ഗരേഖയോ ചെയിൻ ഓഫ് കസ്റ്റഡിയോ തെറ്റിക്കുന്ന ഗവേഷണകുതുകികളെ നന്നായി ഡീൽ ചെയ്യുന്ന നിയമങ്ങൾ നിലവിൽ ഉണ്ട്ട്ടാ.

പിന്നെ, ആർത്തവദ്രാവകത്തിന്റെ മുപ്പത്തഞ്ചു ശതമാനം മാത്രമേ രക്തമുള്ളു. അത് പ്രോസസ്സ് ചെയ്തു രക്തദാനത്തിന് തയ്യാറാക്കാൻ വലിയ ബുദ്ധിമുട്ടും ചെലവും ആകും. അതാണ് രക്തദാനത്തിന് നിലവിൽ ആർത്തവരക്തം എടുക്കാത്തതിനുള്ള ഒരു കാരണം. പിന്നെ ഇതൊന്നുമല്ലേലും ചാവാൻ കിടക്കുന്നത് നാമജപം ടീംസ് ആണെങ്കിൽ “അശുദ്ധി” പ്രഖ്യാപിച്ചു, ആർത്തവരക്തം സ്വീകരിക്കാതെ അല്ലെങ്കിൽ കൊടുക്കാതെ പരലോകത്തേക്ക് പോകാൻ/അയക്കാൻ ആവും തീരുമാനം. ആർത്തവം അശുദ്ധമല്ലെന്ന് എത്രനാൾ ഉരുവിടണം ആവോ !!!!

പിന്നെ, സ്ത്രീകളുടെ മാനം. അത് അശ്ലീലമല്ലല്ലോ. “നിങ്ങളുടെ” എഴുത്ത് വെച്ച് അതിനെപ്പറ്റി “നിങ്ങളോട്” തർക്കിക്കാൻ യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല. ക്ഷമിക്കുമല്ലോ അല്ലേ ??

വനിതാസഖാക്കളുടെ പ്രൈവറ്റ് പ്രോപ്പർട്ടിയാണ് അവരുടെ ശരീരം എന്ന് മാത്രം പറഞ്ഞിരുന്നെങ്കിൽ അതിനൊരു മാനം ഉണ്ടാകുമായിരുന്നു. അവരാണ് അവരുടെ ശരീരത്തിന്റെ അധികാരികൾ.

നാവും കയ്യും നഖങ്ങളും നന്നായി വിറക്കുന്നതുകൊണ്ട് അക്ഷരങ്ങൾ വല്ലാതങ്ങ് മാറിപ്പോകുന്നതിനാൽ നിങ്ങൾക്കനുയോജ്യമായ ഭാഷ മാത്രമേ മോണിറ്ററിൽ എന്റെ കണ്ണുകൾക്ക് തെളിയുന്നുള്ളു എന്നതിനാൽ ഞാൻ ഇപ്പൊ നിർത്തുന്നു. സ്ത്രീകൾക്ക് പൊതുവേദികൾ തരാതിരിക്കാനുള്ള കാരണം മറച്ചുവെക്കാൻ ഒരുപാട് കണ്ടങ്ങൾ വനിതകൾക്ക് വേണ്ടി നിരത്തിവെച്ചിരിക്കുന്ന കൂട്ടം നിങ്ങൾക്ക് പരിചയമുണ്ടായിരിക്കുമല്ലോ? അതുകൊണ്ട് ഞാനായിട്ട് നിങ്ങൾക്ക് കണ്ടങ്ങൾ കാണിച്ച് തരാൻ ഉദ്ദേശിക്കുന്നില്ല.

നല്ല നമസ്ക്കാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here