മെല്‍ബണില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പരയും സ്വന്തം

അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 7 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. മെല്‍ബണില്‍ 231 എന്ന ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മഹേന്ദ്രസിംഗ് ധോണി (87 ) കേദാര്‍ ജാദവ് (61 ) എന്നിവര്‍ പുറത്താവാതെ നേടിയ അര്‍ധസെഞ്ച്വറികളുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മ(9), ശിഖര്‍ധവാന്‍ (23), വിരാട് കോഹ്‌ലി (46) എന്നിവരെ നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയ്ക്ക് ധോണിയും ജാദവും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരുത്തായത്. 49.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം കണ്ടു. ആറ് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് കളിയിലെ താരം. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും അര്‍ധസെഞ്ച്വറി നേടിയ ധോണി പരമ്പരയിലെ താരവുമായി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായി സ്വന്തമാക്കുന്ന ഏകദിന പരമ്പര നേട്ടം കൂടിയാണിത്.ഓസീസ് ബൗളിങ്നിരയില്‍ റിച്ചാര്‍ഡ്‌സണ്‍, മാര്‍ക്ക് സ്‌റ്റോയിനിസ്, പീറ്റര്‍ സിഡില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 48.4 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 6 വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചാഹലിന്റെ ബൗളിങ് മാജിക്കാണ് ഇന്ത്യയ്ക്ക് തുണയായത്.10 ഓവറില്‍ 42റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹല്‍ 6 വിക്കറ്റുകള്‍ പിഴുതത്. ചാഹലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. അലക്സ് കാരി (5), ആരോണ്‍ ഫിഞ്ച് (14), ഉസ്മാന്‍ ഖവാജ (34), ഷോണ്‍ മാര്‍ഷ് (39) തുടങ്ങിയവരുടെ വിക്കറ്റുകള്‍ ഓസീസിന് തുടക്കത്തിലേ നഷ്ടമായിരുന്നു.27 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായഓസ്ട്രേലിയയെ മൂന്നാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷ്- ഖവാജ കൂട്ടുകെട്ട് നേടിയ 73 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷിനെ ഇത്തവണ 39 റണ്‍സില്‍ വെച്ച് ധോണി സ്റ്റമ്പിങ്ങിലൂടെ മടക്കിയയച്ചതോടെ ഓസീസ് സ്‌ക്കോറിംഗിന് വീണ്ടും വേഗത കുറഞ്ഞു.58 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്സ് കോമ്പാണ് ഓസീസിന്റെ ടോപ് സ്‌ക്കോറര്‍. ആദ്യമത്സരം കൈവിട്ട ഇന്ത്യ പിന്നീടുള്ള രണ്ടു മത്സരങ്ങളും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here