‘വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ് ആർഎസ്എസ്’; പ്രിയാനന്ദനനെതിരെയുള്ള ആക്രമണത്തിനെതിരെ കോടിയേരി

സംവിധായകൻ പ്രിയാനന്ദനനെതിരെയുള്ള ആക്രമണത്തിനെതിരെ സിപിഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ എസ് എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് സംവിധായകൻ പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ് ആർ എസ് എസ് സംഘപരിവാരം. നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകർത്ത്, ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുള്ള ആർ എസ് എസ് അജണ്ട കേരളത്തിൽ വിലപോവില്ലെന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
‘ആര്‍ എസ് എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രസിദ്ധ സംവിധായകന്‍ പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റം. വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ് ആര്‍ എസ് എസ് സംഘപരിവാരം.
നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ത്ത്, ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍ എസ് എസ് അജണ്ട കേരളത്തില്‍ വിലപോവില്ല.
തങ്ങള്‍ക്കെതിരായി ശബ്ദിക്കുന്നവരെയെല്ലാം നിശബ്ദമാക്കണമെന്ന തീരുമാനം ഗൗരി ലങ്കേഷിലൂടെയും ദബോല്‍ക്കറിലൂടെയും കല്‍ബുര്‍ഗിയിലൂടെയും ഗോവിന്ദ് പന്‍സാരയിലൂടെയും നടപ്പിലാക്കിയ പാരമ്പര്യം സംഘപരിവാര്‍ രാഷ്ട്രീയത്തിനുണ്ട്. അതിന്റെ തുടര്‍ച്ച പ്രിയനന്ദനിലൂടെ കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന ആര്‍ എസ് എസ് വ്യാമോഹം ഈ നാട്ടില്‍ വേവില്ല.
കേരളസമൂഹം സംഘപരിവാര്‍ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തുന്നത് അവരുടെ ഫാസിസ്റ്റ് രീതിശാസ്ത്രത്തെ വെറുത്താണ്. ഇപ്പോഴിതാ കുറച്ചുകൂടി അവരെ വെറുക്കാന്‍ കേരളം നിര്‍ബന്ധിതരായിരിക്കുന്നു.
വ്യക്തികളുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സൈബര്‍ ആക്രമണത്തിലൂടെയും ഭീഷണിയിലൂടെയും ആക്രമണങ്ങളിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് സംഘപരിവാരത്തിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരണം. കേരളത്തിലെ സമാധാനം തകര്‍ക്കുന്ന ഈ വര്‍ഗീയ വിധ്വംസകതയെ ഒറ്റപ്പെടുത്തണം.’
പ്രിയാനന്ദനനെതിരെ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ആക്രമണം നടന്നത്. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപം പ്രിയാനന്ദന് നേരെ ചാണകവെള്ളം തളിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പാല് വാങ്ങാന്‍ സമീപത്തെ കടയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തില്‍ പ്രിയാനന്ദനന്റെ ചെവിക്ക് പരിക്കേറ്റിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സരോവറാണ് ആക്രമിച്ചതെന്ന് പ്രിയാനന്ദനന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
Read More : പ്രിയാനന്ദനനെ ആക്രമിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ശബരിമല വിഷയത്തില്‍ പ്രിയാനന്ദനന്‍ ഫെയ്‌സ്ബുക്കിലെഴുതി കുറിപ്പ് വിവാദമായിരുന്നു. വിവിധ കോണില്‍ നിന്നും അദ്ദേഹത്തിനെതിരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചിരുന്നു. ഇത്തരത്തിലുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here