ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ കലാപങ്ങള്‍ക്ക് സാധ്യത; യുഎസ് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ മുന്നറിയിപ്പുള്ളത്. തീവ്രഹിന്ദുത്വം, പാകിസ്ഥാനെ കുറ്റപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് യു.എസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയ മാധ്യമങ്ങളായ ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവര്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ ജൂലൈ മധ്യത്തോടെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ്, താലിബാന്റെ വര്‍ധിക്കാനിടയുള്ള ഭീകരാക്രമണങ്ങള്‍, ഭീകരസംഘടനകളോട് പാകിസ്ഥാന്‍ സ്വീകരിക്കുന്ന മൃദുസമീപനം, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യയിലുണ്ടാകാനിടയുള്ള വര്‍ഗീയ കലാപങ്ങള്‍ എന്നിവയാണ് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
Read Also: ‘വെടിയേറ്റ് വീഴുമ്പോള്‍ ഗാന്ധിജി ഹേ റാം എന്ന് പറഞ്ഞിരുന്നില്ല’: വെങ്കിട കല്യാണം
ഇറാന്‍ പുതിയ ആണവ പരീക്ഷണ പദ്ധതികള്‍ ആരംഭിക്കുന്നില്ലെന്നും ഉത്തര കൊറിയ ആണവപദ്ധതികള്‍ ഉപേക്ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ഈ റിപ്പോര്‍ട്ട് തള്ളുന്നു. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഐഎസ് ആയിരക്കണക്കിനു ഭീകരരുമായി പോരാട്ടം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാനിയല്‍ കോട്‌സ് ചൊവ്വാഴ്ച യുഎസ് കോണ്‍ഗ്രസിന്റെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍, സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി, സിഐഎ, എഫ്ബിഐ, എന്‍എസ്എ, ജിന ഹാസ്‌പെല്‍, ക്രിസ്റ്റഫര്‍ റേ, പോള്‍ നകാസോണ്‍ എന്നിവര്‍ക്കും കൈമാറും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here