സിബിഐ നടപടിയ്‌ക്കെതിരെ പ്രതിഷേധം; മമതയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനുള്ള സിബിഐ ശ്രമവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയറിയിച്ചു.സി.ബി.ഐ. യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്നും ബംഗാളിനെ വേട്ടയാടുകയാണെന്നും ആരോപിച്ച് മമത ബാനര്‍ജി കൊല്‍ക്കത്ത മെട്രോ ലൈനില്‍ സത്യാഗ്രഹ സമരം നടത്തുകയാണ്.
അതേ സമയം സിബിഐ നടപടിയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ സിബിഐ സംഘത്തെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കിയത്. ബലം പ്രയോഗിച്ച് കമ്മീഷണറുടെ വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച സിബിഐ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
5 സിബിഐ ഉദ്യോഗസ്ഥരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ കമ്മീഷണര്‍ ശ്രമിച്ചു എന്നതാണ് സിബിഐയുടെ കണ്ടെത്തല്‍. ഇതിനിടെ ബംഗാള്‍ പോലീസ് സി.ബി.ഐ ഓഫീസ് വളഞ്ഞതോടെ സിബിഐ കേന്ദ്രസേനയുടെ സഹായം തേടി.
സി.ആര്‍.പി.എഫ്. സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നടപടി. കേന്ദ്രസേന എത്തിയതോടെ പോലീസ് സ്ഥലത്തു നിന്നും പിന്‍വാങ്ങി.
സിബിഐ ഓഫീസ് ആക്രമിക്കപ്പെടാനും തെളിവുകളും രേഖകളും നഷ്ടപ്പെടാനുമുള്ള സാധ്യത മുന്‍ നിര്‍ത്തി സി.ബി.ഐ. ജോയിന്റ് ഡയറക്ടര്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here