പ്രതിഷേധം ഭയന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എത്തിയില്ല

പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവപരിപാടിയില്‍ നിന്നും വിട്ടുനിന്നു. ദേവസ്വം ബോര്‍ഡ് അംഗങ്ങളും ചടങ്ങിനെത്തിയില്ല.
എല്ലാ വര്‍ഷങ്ങളിലും ഉത്സവ കൊടിയേറ്റിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മുഖ്യാതിഥിയായി എത്താറുണ്ട്. എന്നാല്‍ ഇന്നലെ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡെടുത്ത നിലപാടിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പ്രതിഷേധം ഉണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിന്‍മാറ്റമെന്നറിയുന്നു. യുവതീപ്രവേശന വിഷയത്തില്‍ ഇന്നലെ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ നിലപാടില്‍ നിന്നും മാറിയിരുന്നു. യുവതീപ്രവേശനം വേണമെന്നും കോടതി വിധി പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും കോട്ടയത്ത് എത്തിയിരുന്നെങ്കിലും പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഏറ്റുമാനൂരിലേക്കെത്തിയില്ല. ശബരിമല കഴിഞ്ഞാല്‍ ദേവസ്വം ബോര്‍ഡിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here