കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; 17 ഗ്രാം MDMA പിടികൂടി, ഒരാൾ അറസ്റ്റിൽ

കോഴിക്കോട് നഗരത്തിൽ നടത്തിയ ലഹരിവേട്ടയിൽ 17 ഗ്രാം MDMA പിടികൂടി. ബംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന മാരക ലഹരിമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ സ്വദേശി ഉമ്മർ ഫാറൂഖ് സി.കെ (38) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
[Drug bust in Kozhikode city]
നഗരത്തിലും സമീപപ്രദേശങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഉമ്മർ ഫാറൂഖ് എന്ന് പൊലീസ് അറിയിച്ചു. ഇയാൾ ബംഗളൂരുവിൽ നിന്ന് MDMA വാങ്ങി സ്കൂട്ടറിൽ കടത്തിക്കൊണ്ടുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡാൻസാഫ് (District Anti-Narcotics Special Action Force), പന്തീരാങ്കാവ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരിമരുന്ന് കടത്തും വിൽപ്പനയും തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും ലഹരിമാഫിയയെ പിടികൂടാൻ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Story Highlights : Drug bust in Kozhikode city; 17 grams of MDMA seized, one arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here