മോദി തഴഞ്ഞ റിന മിത്രയെ ആഭ്യന്തര സുരക്ഷയുടെ മുഖ്യ ഉപദേഷ്ടാവാക്കി മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദി തഴഞ്ഞ റിന മിത്രയെ ബംഗാള്‍ സംസ്ഥാന സുരക്ഷ മുഖ്യ ഉപദേഷ്ടാവാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി. ആഭ്യന്തര മന്ത്രാലത്തില്‍ ആഭ്യന്തര സുരക്ഷാ ചുമതലയുള്ള സ്പെഷ്യല്‍ സെക്രട്ടറിയായിരുന്നു റിന മിത്ര. ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് ബംഗാളില്‍ വേരുകളുള്ള റിനയെ സുരക്ഷ ചുമതല ഏല്‍പ്പിച്ചത്.
സിബിഐ മേധാവി സ്ഥാനത്തേക്കായി പഴ്സണല്‍ മന്ത്രാലയം തയ്യാറാക്കിയ 12 അംഗ ചുരുക്കപ്പെട്ടിയില്‍ റിനയുടെ പേരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പരിഗണിക്കപ്പെട്ടില്ല. തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ രാജ്യത്തെ ആദ്യത്തെ വനിതാ സിബിഐ ഡയറക്ടറാവുമായിരുന്നു റിന. സിബിഐ ഡയറക്ടറാവാന്‍ തനിക്ക് എല്ലാ യോഗ്യതയും ഉണ്ടായിരുന്നുവെന്ന് റിന പറഞ്ഞതായി ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിബിഐ ഡയറക്ടറാവാന്‍ പരിഗണിച്ച നാല് യോഗ്യ മാനദണ്ഡങ്ങളും തനിക്കുണ്ടായിരുന്നുവെന്നും അവര്‍ പ്രതികരിച്ചിരുന്നു.
1983 ബാച്ച് ഉദ്യോഗസ്ഥയാണ് റിന. കൊല്‍ക്കത്ത ലേഡി ബ്രാബോണ്‍ കോളേജില്‍ നിന്ന് ബിരുദവും കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്ന് എംഫിലും റീന കരസ്ഥമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here