ബി ജെ പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മായാവതി

കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി. ഗോവധം ആരോപിച്ചു മുസ്ലിങ്ങള്‍ക്ക് എതിരെ എൻ എസ് എ ചുമത്തിയ മധ്യപ്രദേശ് സർക്കാരും അലിഗഢ് മുസ്ലിം സർവകലാശാല വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ യു പി സർക്കാരും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളതെന്ന് മായാവതി ചോദിച്ചു. രണ്ട് നടപടികളും ഭരണകൂട ഭീകരത ആണെന്നും അവർ പറഞ്ഞു.
ഗോവധം ആരോപിച്ച് മധ്യപ്രദേശിൽ അഞ്ച് മുസ്ലീംകൾക്ക് എതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി മധ്യപ്രദേശ് സർക്കാർ കേസ് എടുത്തത് വിവാദമായിരുന്നു. നടപടിക്കെതിരെ കോൺഗ്രസിൽ നിന്ന് തന്നെ പ്രതിഷേധങ്ങൾ ഉയർന്നു. പിന്നാലെയാണ് റിപ്പബ്ലിക് ടി വി പ്രവർത്തകരെ ആക്രമിച്ചു എന്നാരോപിച്ച് അലിഗഢ് മുസ്‌ലിം സർവ്വകലാശാലയിലെ 14 വിദ്യാർത്ഥികൾക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്തത്. ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്ന് രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടി ബിഎസ്പി നേതാവ് മായാവതി ട്വിറ്ററിൽ കുറിച്ചു.
Read More: രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന വാഗ്ദാനം വ്യാജമെന്ന് മായാവതി
രണ്ട് സംഭവങ്ങളും ഭരണകൂട ഭീകരതയുടെ ഒന്നാം തരം ഉദാഹരണം ആണെന്നും മായാവതി കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശിൽ ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ കടന്നാക്രമിചാണ് കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി മായാവതി മുന്നോട്ട് പോകുന്നത്. സമാജ്‌വാദി പാർട്ടിയുമായി സഖ്യം രൂപീകരിച്ച മായാവതി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സഖ്യത്തിന് അനുകൂലമായി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാല് പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കോൺഗ്രസ്സ് പോരാട്ടം കനപ്പിച്ചതും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകുമെന്ന എസ് പി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞതുമെല്ലാം സഖ്യത്തിന് തിരിച്ചടിയായി.ഈ സാഹചര്യത്തിൽ ആണ് ഗോവധ വിഷയം ഉൾപ്പെടെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ആശങ്ക ഉണ്ടാകുന്ന വിഷയങ്ങളിൽ കോൺഗ്രസ്സ് സ്വീകരിക്കുന്ന ഇരട്ടത്താപ്പുകളെ തുറന്ന് കാണിക്കാനുള്ള മായാവതിയുടെ ശ്രമം എന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here