പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും

പുൽവാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേർ ആക്രമണത്തിൽ മരിച്ചവരിൽ വയനാട് സ്വദേശിയും. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് കൊല്ലപ്പെട്ടത്. എൺപത്തിരണ്ടാം ബെറ്റാലിയനിൽപ്പെട്ട വസന്ത് കുമാർ അടക്കം 44 പേരാണ് ഇന്നലത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ ഇന്നലെ മൂന്നരയോടെയാണ് ആക്രമണമുണ്ടായത്. മൂന്നൂറ്റിയമ്പതോളം കിലോഗ്രാം സ്ഫോടക വസ്തു നിറച്ച എസ്യുവി സൈന്യത്തിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റിയാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ജയ്ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പുൽവാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്ഷെ മുഹമ്മദിൽ ചേര്‍ന്നതെന്നും ജമ്മു പൊലീസ് അറിയിച്ചു.
ഇന്നസെ അഞ്ച് മണിയോടെയാണ് വസന്തകുമാറാണ് മരിച്ചതെന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതെന്ന് സഹോദരന്‍ സജീവന്‍ പറഞ്ഞു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകശ്മീരിലേക്ക് പോയത്. വസന്തകുമാറിന്റെ പിതാവ് എട്ടു മാസം മുന്‍പ് മരിച്ചിരുന്നു. വസന്തകുമാറിന് രണ്ട് കുട്ടികളുണ്ട്. രാജ്യത്തിന് വേണ്ടി സഹോദരന്‍ ജീവത്യാഗം ചെയ്തതില്‍ അഭിമാനം ഉണ്ടെന്ന് സജീവന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here