കൊക്കോകോള കമ്പനിയുടെ കൈവശമുള്ള പ്ലാച്ചിമടയിലെ 35 ഏക്കര്‍ ഭൂമി സര്‍ക്കാരിന് തിരിച്ച് നല്‍കും; നഷ്ടപരിഹാരം നല്‍കാതിരിക്കാനുള്ള നീക്കമെന്ന് വിമര്‍ശനം

പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനി കൈവശം വെച്ചിരിക്കുന്ന 35 ഏക്കര്‍ ഭൂമിയും കെട്ടിടവും സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ കൊക്കോകോള കമ്പനി തീരുമാനിച്ചു. ഭൂമിയും കെട്ടിടവും കൈമാറാന്‍ തയ്യാറാണെന്ന് ഹിന്ദുസ്ഥാന്‍ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സി.ഇ. ഒഹ്വാന്‍ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. എന്നാല്‍ ഇത് പ്ലാച്ചിമട നിവാസികളായ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കാനുള്ള തന്ത്രമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. (Coca cola will hand over plachimada land to kerala government)
കര്‍ഷകരുടെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ പോകുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന് കമ്പനിയുടെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെ പരിസമാപ്തിയിലാണ് ഭൂമിയും കെട്ടിടവും വിട്ടു നല്‍കാന്‍ കമ്പനി തയ്യാറായിരിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിന്റെ നിര്‍മ്മാണത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നല്‍കാന്‍ ഒരുക്കമാണെന്നും കൊക്കോകോള കമ്പനി അറിയിച്ചിട്ടുണ്ട്.
പ്ലാച്ചിമട ഇരകള്‍ക്ക് അര്‍ഹമെന്ന് കണ്ടെത്തിയ നഷ്ടപരിഹാര ബില്ലിലെ 216 കോടി രൂപ ഇരകള്‍ക്ക് നല്‍കുന്ന കാര്യത്തില്‍ ഒരു നീക്കുപോക്കും ഇല്ലെന്നിരിക്കെ സര്‍ക്കാര്‍ കമ്പനി ഏറ്റെടുക്കാനൊരുങ്ങുന്നതാണ് പ്ലാച്ചിമട നിവാസികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയും കെട്ടിടവും ഏറ്റെടുക്കുന്നതോടെ വലിയ ജനകീയ സമരങ്ങള്‍ നടന്നിട്ടുള്ള പ്ലാച്ചിമടയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം കിട്ടാനുള്ള എല്ലാ വഴികളും അടയുകയാണെന്ന് വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
Story Highlights: Coca-cola will hand over plachimada land to kerala government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here