ആര്‍.എം.ലോധ സമിതി റിപ്പോര്‍ട്ട്: ക്രിക്കറ്റ് അസോസിയേഷനില്‍ രാഷ്ട്രീയക്കാര്‍ വേണ്ട.

ബിസിസിഐ പരിഷ്‌കരിക്കുന്നതിന് നിര്‍ദ്ദേശങ്ങളുമായി ജസ്റ്റിസ് ആര്‍.എം.ലോധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബിസിസിഐ യുടെ ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് അസോസിയേഷനില്‍ രാഷ്ട്രീയക്കാര്‍ ആവശ്യമില്ല, കളിക്കാര്‍ക്കും അസോസിയേഷന്‍ ആവശ്യമാണെന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളടക്കം നിരവധി പരിഷ്‌കാരങ്ങളാണ് സമിതി റിപ്പോര്‍ട്ടറില്‍ പറയുന്നത്..
ബി.സി.സി.ഐ. ഭാരവാഹികള്‍, വിവിധ സംസ്ഥാന അസോസിയേഷനുകളുടെ ഭാരവാഹികള്‍, മുന്‍ ക്യാപ്റ്റന്മാരായ ബിഷന്‍ സിങ് ബേബി, കപില്‍ദേവ്, സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരില്‍ നിന്ന് സമിതി തെളിവെടുത്തിരിന്നു.
ബിസിസിഐ യ്ക്കും ഐപിഎല്ലിനും വ്യത്യസ്ത ഭരണ സമിതികള്‍ വേണം, ഓരോ സംസ്ഥാനത്തിനും ഓരോ അസോസിയേഷന്‍ മതി. ബിസിസിഐയില്‍ സി.ഇ.ഒ. തസ്തിക സൃഷ്ടിക്കണം ദൈനംദിന ഭരണ കാര്യങ്ങളുടെ ചുമതല അദ്ദേഹത്തിനായിരിക്കും, ഇദ്ദേഹത്തെ സഹായിക്കാന്‍ 6 പ്രൊഫഷണല്‍ മാനേജര്‍മാര്‍ വേണം. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കമ്മറ്റി മുന്നോട്ട് വെക്കുന്നു.
കളിക്കാരുടെ അസോസിയേഷന്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 3 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കണം. മൊഹീന്ദര്‍ അമര്‍നാഥ്, അനില്‍ കുംബ്ലെ, ഇന്ത്യന്‍ വനിതാ ടീം നായിക ഡയാന എഡുജീ എന്നിവരായിരിക്കണം അംഗങ്ങള്‍ എന്നും സമിതി നിര്‍ദ്ദേശിക്കുന്നു.
എഴുപത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരും മന്ത്രിമാരും സര്‍ക്കാര്‍ ജീവനക്കാരും ബി.സി.സി.ഐ.യുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍ എന്നീ പദവികള്‍ വഹിക്കരുത്. ഒന്‍പത് വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ ഭാരവാഹിയായി ഇരിക്കരുത്. മൂന്ന് വര്‍ഷമാണ് ഒരു ഭാരവാഹിയുടെ കാലാവധി. തുടര്‍ച്ചയായി മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ ഭാരവാഹിയാകരുത് തുടങ്ങിയ ശക്തമായ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here