ഡി.ഡി.സി.എ. അഴിമതി: ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനെ കേന്ദ്രം റദ്ദാക്കി.

അരുണ്‍ ജെയ്റ്റിലിക്കെതിരെ ഉയര്‍ന്ന ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ കെജ്രിവാള് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കെജ്രിവാള് നിയോഗിച്ച കമ്മീഷന് നിയമ സാധുതയില്ലെന്ന് കാണിച്ചാണ് തീരുമാനം.
ഭരണഘടനാ വിരുദ്ധമായ നടപടിയാണ് സര്‍ക്കാറിന്റേതെന്ന് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് കമ്മീഷനെ നിയോഗിക്കാന്‍ അധികാരമുള്ളത്. പ്രത്യേക പദവിയുള്ള സംസ്ഥാനമായതിനാല്‍ ഡല്‍ഹി സര്‍ക്കാറിന് കമ്മീഷനെ വെക്കാന്‍ അധികാരമില്ല. സര്‍ക്കാറിന്റെ തീരുമാനം നിലനില്ക്കുകയും ഇല്ല. ഡി.ഡി.സി.എ.യുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ഡല്‍ഹി സര്‍ക്കാറിന് അധികാരമില്ലെന്നും ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.
കഴിഞ്ഞമാസം മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ഡിഡിസിഎ അഴിമതി അന്വേഷിക്കാന്‍ നിയമിച്ചിരുന്നു. ഇതാണ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. 2000 മുതല്‍ 2013 വരെ അരുണ്‍ ജെയ്റ്റിലി ഡിഡിസിഎ അധ്യക്ഷനായിരുന്ന കാലയളവില്‍ അഴിമതി നടന്നതായി ബിജെപി നേതാവ് കീര്‍ത്തി ആസാദ് ആരോപിച്ചിരുന്നു. ഇത് ഏറ്റെടുത്ത ആംആദ്മി പാര്‍ട്ടി അഴിമതിക്കെതിരെ ശക്തമായി വാദിക്കുകയും നിയമനടപടി സ്വീകരിക്കുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here