ഉമ്മന്‍ചാണ്ടിയ്ക്കും ആര്യാടനുമെതിരെ ആരോപണവുമായി സരിത.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിയ്ക്ക് 1.90 കോടി രൂപയാണ് നല്‍കിയത്. ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപയും കൈക്കൂലിയായി നല്‍കി. കോഴ നല്‍കാനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും സരിത കമ്മീഷന് മുമ്പാകെ പറഞ്ഞു.
മുഖ്യമന്ത്രിയ്ക്കായി 7 കോടിയാണ് ജിക്കുമോന്‍ ആവശ്യപ്പെട്ടത്. അതും ഡല്‍ഹിയില്‍ നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. വിമാനത്തില്‍ പണം കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയില്‍ ഏര്‍പ്പാടുചെയ്യുകയായിരുന്നു. 1.10 കോടി രൂപയാണ് ഡല്‍ഹിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിള വശം നല്‍കിയത്. മുഖ്യമന്ത്രി തന്നെയാണ് തോമസ് കുരുവിളയെ കാണാന്‍ പറഞ്ഞത്. അറസ്റ്റിലാകുന്നതിന് 14 ദിവസം മുമ്പ്, തിരുവനന്തപുരത്ത് വെച്ച് 80 ലക്ഷം രൂപ കൂടി നല്‍കിയെന്നും സരിത കമ്മീഷനോട് പറഞ്ഞു.
സോളാര്‍ പദ്ധതിയുടെ ഭാഗമായി 2011 ജൂണിലാണ് മുഖ്യമന്ത്രിയെ ആദ്യം കണ്ടത്. പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ആര്യാടനെ കണ്ടു. പദ്ധതി നടപ്പിലാക്കാന്‍ ആര്യാടന്‍ 2 കോടി ആവശ്യപ്പെട്ടു. ഒടുവില്‍ വിലപേശി 1 കോടി നല്‍കാമെന്ന് ഉറപ്പിച്ചു. രണ്ട് തവണയായി 40 ലക്ഷം രൂപ നല്‍കിയെങ്കിലും കാര്യമായ സഹായമൊന്നും ഉണ്ടായില്ല എന്നും സരിത പറഞ്ഞു. ആര്യാടന്റെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹത്തിന്റെ പി.എ.യ്ക്ക് 25 ലക്ഷം കൈക്കൂലി നല്‍കിയത്. പിന്നീട് മറ്റൊരു ചടങ്ങില്‍ വെച്ച് 15 ലക്ഷവും കൈമാറി. ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പണം തിരികെ ചോദിച്ചങ്കിലും കിട്ടിയില്ല.
മുഖ്യമന്ത്രിയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. മുന്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ പി.എ ആണ് മുഖ്യമന്ത്രിയെ കാണാന്‍ അപ്പോയിമെന്റ് ശരിയാക്കി നല്‍കിയത്. ആര്യാടന്‍ മുഹമ്മദിന്റെ സഹായത്തോടെയാണ് താന്‍ കല്ലട ഡാം സദ്ധര്‍ശിച്ചത്. രണ്ടര വര്‍ഷം നല്‍കിയ പണത്തിനായി കാത്തിരുന്നു കിട്ടിയില്ല. തന്നെ തട്ടിപ്പുകാരിയായി ചിത്രീകരിച്ചു. ഈ അപമാനം തുടര്‍ന്നപ്പോഴാണ് കാര്യങ്ങള്‍ തുറന്ന് പറയുന്നത് എന്നും സരിത പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here