Advertisement

കേരളം ഞെട്ടിയ ഒരു ദുരൂഹമരണം കാൽ നൂറ്റാണ്ടിലേക്ക് ; സിസ്റ്റര്‍ അഭയ ഓർമ്മയായിട്ട് 24 വർഷം

March 27, 2016
Google News 1 minute Read
Abhaya abhaya case in bollywood abhaya case verdict on jan 5 abhaya case first verdict today

സിസ്റ്റർ അഭയ കേരളത്തിന്റെ സാമൂഹ്യ സുരക്ഷിതത്വത്തിലേക്ക് വിരൽ ചൂണ്ടി നിൽക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടു തികയാൻ ഇനി ഒരു വർഷം മാത്രം. അഭയ എന്നത് ഇന്നൊരു ഇരയല്ല. നിയമത്തിന്റെയും നീതിയുടെയും വലക്കണ്ണികൾ ബലമുള്ളതല്ല എന്ന ഓർമ്മപ്പെടുത്തലാണ്. നമ്മുടെ പേടിയുടെയും, സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നതിന്റെയും അടയാളമാണ് സിസ്റ്റർ അഭയ.

അഭയ കൊലക്കേസ്

സിസ്റ്റര്‍ അഭയ എന്ന 19 വയസ്സുള്ള കന്യാസ്ത്രിയുടെ ജഡം 1992 മാര്‍ച്ച് 27-ന് കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് സിസ്റ്റര്‍ അഭയ കൊലക്കേസിന് ആധാരമായ സംഭവം. കോട്ടയം ജില്ലയിലെ അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ എം.തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രീ വിദ്യാര്‍ത്ഥിനിയായിരുന്നു.

ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1992 ഏപ്രിൽ 14നു അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. എന്നാല്‍ പിന്നീട് കേസിന്റെ അന്വേഷണ ചുമതല സി.ബി.ഐ. യ്ക്ക് കൈമാറി. സി.ബി.ഐ. പലവര്‍ഷങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ അഭയയുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തി. ഇതിനിടയില്‍ മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ സി.ബി.ഐ. പലതവണ കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും അനുമതി നിഷേധിച്ച് കോടതി വീണ്ടും കേസന്വേഷണം പുനരാരംഭിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഫാദര്‍ തോമസ് എം.കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി

Abhaya case-2

2008 നവംബര്‍ 18-ന് സഞ്ജു മാത്യുവിന്റെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും, രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവർ പോലീസ് കസ്റ്റഡിയിലായി. പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് പോലീസ് കസ്റ്റഡിയില്‍ വിട്ട് നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവിട്ടു. 2008 നവംബര്‍ 24-ന് അഭയ കൊലക്കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐ. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. സി.ബി.ഐ ചോദ്യം ചെയ്‌ത അഗസ്‌റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന്‌ ഉത്തരവാദി സി.ബി.ഐയാണെന്ന്‌ പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ്‌ ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്‌. അഭയ ആത്മഹത്യയുടെ ഇൻക്വസ്‌റ്റ്‌ തയ്യാറാക്കിയത്‌ അന്ന്‌ കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐയായിരുന്നു അഗസ്‌റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന്‌ ശേഷം ആദ്യം പയസ്‌ ടെൻത്‌ കോൺവെന്റിലെത്തിയ അഗസ്‌റ്റിൻ കേസ്‌ സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന്‌ നേരത്തെ ആരോപണം ഉയർന്നിരുന്നു.

2009 ജനുവരി 2-ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഇപ്പോഴും അഭയ കൊലക്കേസിന്റെ അന്വേഷണങ്ങളും വാദഗതികളും നടന്നുകൊണ്ടിരിക്കുന്നു. അതിനിടെ ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നു കാണിച്ച് 1996, 1999, 2005 വര്‍ഷങ്ങളില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.െഎ. കോടതിയുടെ അനുമതി തേടി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മൂന്ന് തവണയും സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ട് തള്ളിക്കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണം തുടരാന്‍ ഉത്തരവിടുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് മൂന്ന് പ്രതികളെ സി.ബി.െഎ. അറസ്റ്റുചെയ്ത് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഫാദര്‍ തോമസ് എം.കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ പ്രതികള്‍ക്കെതിരെയുള്ള വിചാരണ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ തുടങ്ങിയിരുന്നു. എന്നാല്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഹൈക്കോടതി അത് സ്‌റ്റേ ചെയ്തിരിക്കുകയാണ്.

24 വര്‍ഷമായിട്ടും എന്താണ് സിസ്റ്റര്‍ അഭയയ്ക്ക് സംഭവിച്ചതെന്നോ? ആരാണ് യഥാര്‍ത്ഥ പ്രതികളെന്നോ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും കുറേ ചോദ്യങ്ങള്‍ ബാക്കിയാക്കി അഭയ കൊലക്കേസ് മനുഷ്യ മനസാക്ഷിയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here