Advertisement

മാര്‍ച്ച് 28 ‘സുഹൈബ് ഇല്ല്യാസി’യെ രേഖപ്പെടുത്തുമ്പോള്‍…..

March 28, 2016
Google News 2 minutes Read

illyasi 2കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു ടെലിവിഷന്‍ ഷോ. അതായിരുന്നു ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’. 1998 ല്‍ സീ ടിവിയിലാണ് പരിപാടി പ്രക്ഷേപണം ചെയ്തത്. സംവിധായകനും നിര്‍മ്മാതാവും അവതാരകനും ഒരാള്‍ തന്നെയായിരുന്നു,സുഹൈബ് ഇല്ല്യാസി. വേറിട്ട ശൈലിയും പ്രതിഭയും ഇല്യാസിയെ മികച്ച അവതാരകനാക്കി. പരിപാടി വളരെവേഗം ജനഹൃദയങ്ങളിലേക്ക് എത്തി. നിരവധി കേസുകളില്‍ കുറ്റവാളികള കണ്ടെത്താന്‍ ഷോയിലൂടെ പോലീസിന് കഴിഞ്ഞു.തുടര്‍ന്ന് അതേ ഷോയുമായി ഇല്ല്യാസി ദൂരദര്‍ശന്റെ ഭാഗമായി,’ഫ്യുജിറ്റീവ് മോസ്റ്റ് വാണ്ടഡ്’ എന്ന തല്ലക്കെട്ടോടെ..അവിടെയും പരിപാടി വന്‍ വിജയമായി. എന്നാല്‍,രണ്ടു വര്‍ഷത്തിനകം അതേ സുഹൈബ് ഇല്ല്യാസിയെ പോലീസ് അറസ്റ്റ് ചെയ്തു,ഭാര്യ അഞ്ജുവിനെ കൊന്ന കുറ്റത്തിന്!!!

കുറ്റകൃത്യങ്ങളുടെ തലനാരിഴകീറി വിശകലനം ചെയ്ത് പ്രതികളിലേക്ക് എത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരാള്‍ കുറ്റവാളിയായത് എങ്ങനെ?? ഈ വൈരുദ്ധ്യാത്മകതയാണ് സൂഹൈബ് ഇല്ല്യാസിയുടെ ജീവിതം.ഏഴു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷം 2000 ജനുവരി 10ന് ഇല്യാസിയുടെ ഭാര്യ അഞ്ജു ഡല്‍ഹിയിലെ മയൂര്‍ വിഹാറിലുള്ള അവരുടെ ഫഌറ്റില്‍ ജീവനൊടുക്കുകയായിരുന്നു. അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചെന്നും എത്രയും വേഗം ഹോസ്പിറ്റലിലെത്തിക്കാന്‍ സഹായിക്കണമെന്നും പറഞ്ഞ് പോലീസ് സഹായം തേടിയത് ഇല്ല്യാസി തന്നെയായിരുന്നു.ടെലിവിഷന്‍ ഷോ വന്‍ വിജയമായതോടെ ഇല്ല്യാസിയുടെ ജീവന് ഭീഷണി ഉയര്‍ന്നിരുന്നതിനാല്‍ പോലീസ് ഏതു നേരവും ഫഌറ്റിന് കാവലുണ്ടായിരുന്നു. അഞ്ജുവിനെ ആദ്യം അടുത്തുള്ള നഴ്‌സിംഗ് ഹോമിലും തുടര്‍ന്ന് എഐഐഎംഎസിലും പ്രവേശിപ്പിച്ചു. എന്നാല്‍,ഇവിടെയെത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നു. ശരീരത്തിലെ മുറിവുകളില്‍ നിന്ന് അമിതമായിരക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. കത്തി ഉപയോഗിച്ച് അഞ്ജു സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു എന്നാണ് ഇല്ല്യാസി മൊഴി നല്‍കിയത്. ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്നും അല്‍പസമയത്തിനു ശേഷം അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചു എന്നുമായിരുന്നു ഇല്ല്യാസിയുടെ വാദം. താന്‍ ആ സമയത്ത് മറ്റൊരു മുറിയില്‍ കുഞ്ഞിനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും അദ്ദേഹം മൊഴി നല്കി. അഞ്ജുവിന്റെ മാതാപിതാക്കളും ഇല്ല്യാസിക്ക് അനുകൂലമായി മൊഴി നല്കി. അഞ്ജുവിന് വളരെ വേഗം ദേഷ്യം വരാറുണ്ടായിരുന്നെന്നും അങ്ങനെയാവാം സ്വയം മുറിവേല്‍പ്പിക്കാനുള്ള പ്രകോപനമുണ്ടായതെന്നും അവര്‍ പറഞ്ഞു. അങ്ങനെ ജനുവരി 17ന് സംഭവം ആത്മഹത്യ എന്നു വിധിയെഴുതി പോലീസ് കേസ് നടപടികള്‍ അവസാനിപ്പിച്ചു.anju-illyasi

എന്നാല്‍,അഞ്ജുവിന്റെ സഹോദരി രശ്മി കാനഡയില്‍ നിന്നെത്തിയതോടെ കേസ് പുതിയ വഴിത്തിരിവിലെത്തി. സഹോദരിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് അവര്‍ പരാതി നല്കി. മരിക്കുന്നതിന് മുമ്പ് അവസാനമായി അഞ്ജു ഫോണില്‍ സംസാരിച്ചത് രശ്മിയോടായിരുന്നു.സ്ത്രീധനം ചോദിച്ച് ഇല്ല്യാസി അഞ്ജുവിനെ ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും അവരുടെ കുടുംബജീവിതം പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും രശ്മി പറഞ്ഞു. ഇല്ല്യാസി അഞ്ജുവിനെ ഉപദ്രവിക്കുന്നതിന് മുമ്പൊരിക്കല്‍ താന്‍ സാക്ഷിയായിട്ടുണ്ടെന്നും രശ്മി അറിയിച്ചു. തുടര്‍ന്ന് അന്വേഷണങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 28ന് സ്ത്രീപീഢനം,മാനസികപീഢനം,തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇല്ല്യാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 2ന് ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പുറത്താണ് ഇല്ല്യാസിക്ക് ജാമ്യം അനുവദിച്ചത്. ഡല്‍ഹി വിട്ട് പുറത്ത് പോവരുതെന്നും ഉപാധിയുണ്ടായിരുന്നു. മകളെ ഇല്ല്യാസിക്കൊപ്പം വിടാനാവില്ലെന്ന് രശ്മി നിര്‍ബന്ധം പിടിച്ചെങ്കിലും ഈ വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അങ്ങനെ ജൂലൈ 11 മുതല്‍ മകള്‍ ആലിയ ഇല്ല്യാസിക്കൊപ്പമായി താമസം. 2001 മെയില്‍ ഡല്‍ഹിക്ക് പുറത്തേക്ക് പോവാന്‍ ഇല്ല്യാസിക്ക് കോടതി അനുമതി നല്കി. 2005ല്‍ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് അഞ്ജുവിന്റെ അമ്മ രുക്മസിംഗ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി നിരാകരിച്ചു. 2010ല്‍ കൊലപാതകക്കുറ്റം കൂടി ഇല്ല്യാസിനു മേല്‍ ചുമത്തണമെന്ന വാദിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍,ഈ വാദങ്ങളെ ഖണ്ഡിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞതിനാല്‍ കൊലപാതക്കുറ്റം ചുമത്തേണ്ടതില്ലെന്ന് സെഷന്‍സ് കോടതി പിന്നീട് വിധിച്ചു. ന്യൂ ഡല്‍ഹിയിലെ കര്‍ക്കര്‍ടുമാ കോടതിയില്‍ നടപടികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കുറ്റാരോപിതനായ ശേഷം സുഹൈബ് ഇല്ല്യാസി കൂടുതല്‍ സമയം ചെലവഴിച്ചത് സിനിമാ രംഗത്തായിരുന്നു. 2004ല്‍ ഇല്ല്യാസി നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ‘കാംയാബ് രസ്താ’ പുറത്തിറങ്ങി. ഇന്ത്യാ ടിവിയില്‍ തന്റെ മാസ്റ്റര്‍ പീസ് ഷോ ‘ഇന്‍ഡ്യാസ് മോസ്റ്റ് വാണ്ടഡ്’ വീണ്ടുമാരംഭിച്ചതും ഇക്കാലയളവിലാണ്. 2009 മാര്‍ച്ചില്‍ ‘ബ്യൂറോക്രസി ടുഡേ’ എന്ന പേരില്‍ മാസിക ആരംഭിച്ചു. സുഹൃത്തിന്റെ ജീവിതകഥ ആസ്പദമാക്കി തയ്യാറാക്കിയ 498എ ദി വെഡ്ഡിംഗ് ഗിഫ്റ്റ് എന്ന സിനിമ 2012ല്‍ പുറത്തിറങ്ങി. സ്ത്രീധന പീഡനവും ആത്മഹത്യയും പ്രമേയമായ സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അതേ വര്‍ഷം തന്നെ ഇല്ല്യാസി സംവിധാനം ചെയ്ത ‘യേ സിന്ദഗി ഹേ ഗുല്‍ഷാന്‍’ എന്ന സീരിയല്‍ ദുരദര്‍ശന്‍ സംപ്രേഷണം ചെയ്തു. ‘ഘര്‍ വാപ്പസി’ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഇല്ല്യാസി. ചിത്രത്തിന്റെ പ്രചരണത്തിന് ഗുലാം നബി ഇന്ത്യയിലെത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിലൂടെ ഘര്‍ വാപ്പസി ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.05DMC_SUHAIB_1043576f

സ്ത്രീധന നിരോധന നിയമം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം നിരപരാധികളായ പുരുഷന്മാര്‍ ശിക്ഷിക്കപ്പെടുന്നതിനംു കാരണമാകുന്നു എന്ന് സുഹൈബ് ഇല്ല്യാസി പറയുന്നു. തന്റെ ജീവിതം പോലും അതിനുദാഹരണമാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. അഞ്ജുവുമായുള്ളത് പ്രണയവിവാഹമായിരുന്നു. സ്ത്രീധനം ഒരിക്കല്‍ പോലും തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നില്ല. തെറ്റിദ്ധാരണയുടെ പുറത്താണ് താന്‍ ഇത്രയധികം ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതെന്നും ഇല്ല്യാസി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല , ഈ ശിക്ഷാവകുപ്പിന്റെ ഇത്തരം പോരായ്മകള്‍ ചൂണ്ടിക്കാട്ടി പുരുഷന്മാര്‍ക്കും നീതി വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കാനും ഇല്ല്യാസി തയ്യാറായി. സുഹൈബ് ഇല്ല്യാസി കുറ്റക്കാരനോ അല്ലയോ എന്നത് ഇപ്പോഴും തീര്‍ച്ചയായിട്ടില്ലാത്ത വസ്തുതയാണ്. എങ്കിലും,കുറ്റവാളികളെ കണ്ടെത്താന്‍ സഹായിക്കുകയായിരുന്ന ഒരാള്‍ സ്വയം കുറ്റവാളിയാക്കപ്പെട്ട വിധിവൈപരിത്യമാണ് ഇതിലൂടെ ചര്‍ച്ചയാവുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here