Advertisement

രാജസ്‌നേഹിയല്ല ഞാന്‍ രാജ്യസ്‌നേഹി.

March 28, 2016
Google News 1 minute Read

ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ ജ്വലിക്കുന്ന പ്രതീകമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള. പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള.

കെ. രാമകൃഷണപിള്ള എന്നായിരുന്നു യഥാര്‍ത്ഥ നാമം. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. പല രഹസ്യങ്ങളുടേയും ചുരുകള്‍ അഴിച്ച് ജനങ്ങളിലേക്ക് സത്യത്തിന്റെ വെളിച്ചം വിതറുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മുന്‍ഗാമിയാണ് അദ്ദേഹം.

1878 മെയ് 25 ന് തിരുവിതാംകൂറിലെ നെയ്യാറ്റിന്‍കരയില്‍ ജനനം. പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് തന്നെ രാമകൃഷ്ണപ്പിള്ള കേരള ദര്‍പ്പണം, കേരള പഞ്ചിക, മലയാളി, കേരളന്‍ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. അപ്പോഴാണ് സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് അദ്ദേഹത്തെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ക്ഷണിച്ചത്. 1906 ജനുവരി 17ന് രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. അദ്ദേഹം തിരുവിതാംകൂറിലെ പത്രമേഖലയിലേക്ക് കടക്കുമ്പോള്‍ രാജാധികാരത്തിന് വിധേയമായ പത്രപ്രവര്‍ത്തനമേ അവിടെ നടന്നിരുന്നുള്ളൂ. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന് പരിമിതികളുണ്ടായിരുന്നു.

എന്നാല്‍ അഴിമതിയുടെ കരിനിഴല്‍ വീണ തിരുവിതാംകൂര്‍ രാജഭരണത്തെ സ്വദേശാഭിമാനി നിശിതമായി വിമര്‍ശിച്ചു. ഭരണപരമായ പാളിച്ചകളും അപാകതകളും ചൂണ്ടികാണിക്കാന്‍ രാമകൃഷ്ണ പിള്ള മടിച്ചില്ല. രാജഭരണത്തില്‍ ജനങ്ങള് പ്രജകള്‍ മാത്രമായിരുന്ന കാലഘട്ടത്തില്‍ പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം ജനിപ്പിക്കുന്ന സ്വദേശാഭിമാനിയുടെ ലേഖനങ്ങള്‍ ജനാതിപത്യ ചിന്തകളിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു. രാമകൃഷ്ണ പിളളയുടെ വിമര്‍ശനത്തില്‍ വെന്ത രാജസദസ്സ്, 1910 സെപ്റ്റംബര്‍ 26 ന് സ്വദേശാഭിമാനിയുടെ പ്രെസ്സ് അടച്ച് പൂട്ടി സീല്‍ വെയ്ക്കുകയും അദ്ദേഹത്തെ നാടു കടത്തുകയും ചെയ്തു.

ഇതിനിടെ 1911 ല്‍ അദ്ദേഹം തന്റെ ആത്മകഥ ‘എന്റെ നാടുകടത്തല്‍’ പ്രസിദ്ധീകരിച്ചു. 1912 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘വൃത്താന്ത പത്ര പ്രവര്‍ത്തനം’ മലയാള ഭാഷയിലെ പത്ര പ്രവര്ത്തനത്തിനെ കുറിച്ചുള്ള ആദ്യ പുസ്തകമായി മാറി.

അഴിമതിക്കെതിരെ തൂലിക പടവാളാക്കിയ രാമകൃഷ്ണ പിള്ള എന്നാല്‍ ജാതിവ്യവസ്ഥയ്ക്ക് അനുകൂലമായ സവര്‍ണ്ണനിലപാടുകളെ പിന്തുണച്ചിരുന്നു.
സവര്‍ണ്ണരായ കുട്ടികളെയും അവര്‍ണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപിള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്

നാടുകടത്തപ്പെട്ട ശേഷം മദ്രാസ്, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഭാര്യ ബി. കല്യാണിക്കുട്ടിയമ്മയോടൊപ്പം മാറിമാറി താമസിച്ചു. ഒടുവില്‍ 1916 മാര്‍ച്ച് 28നാണ് അദ്ദേഹം അന്തരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here