എതിരാളിയുടെ മകനെ തട്ടിയെടുക്കാൻ മൂന്ന് കോടി; വ്യവസായിക്ക് പോലീസ് ലുക്ക്‌ഔട്ട്

ബിസിനസ് വൈര്യത്തെ തുടർന്ന് എതിരാളിയുടെ മകനെ തട്ടിക്കൊണ്ട് പോകാൻ ക്വട്ടേഷൻ നൽകിയ മലയാളി ബിസിനസ് പ്രമുഖനെതിരെ എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഗൾഫ് രാജ്യങ്ങളിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ശൃംഖലയുടെ ഉടമയും പ്രമുഖ സൗദി മലയാളി ബിസിനസുകാരനുമായ കെ. മുഹമ്മദ് റബിയുള്ളയ്‌ക്കെതിരെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. വിമാനത്താവളത്തിലേയ്ക്കും ലുക്ക്ഔട്ട് നോട്ടീസ് കൈമാറിക്കഴിഞ്ഞതായി സിറ്റി പോലീസ് കമ്മീഷ്ണർ എം.പി.ദിനേഷ് ഐപിഎസ് 24ന്യൂസിനോട് പറഞ്ഞു.
കാക്കനാട് മുതൽ പൊള്ളാച്ചി വരെ
ഇക്കഴിഞ്ഞ മാർച്ച് 23 നാണ് എറണാകുളം രാജഗിരി മാനേജ്‌മെന്റ് സ്‌കൂളിലെ എം.ബി.എ. വിദ്യാർത്ഥി ഫിറാസ്സത്ത് ഹസ്സനെ ഒരു സംഘം വാടക ഗുണ്ടകൾ ചേർന്ന് തട്ടികൊണ്ട് പോയത്. ഗൾഫ് വ്യവസായി പി.എ.മുഹമ്മദിന്റെ മകനാണ് ഫിറാസത്ത്. പി.എ.മുഹമ്മദിന്റെ മൊഴിയാണ് വിദേശത്തുള്ള റബിയുള്ള എന്ന വ്യവസായിയിലേക്കുള്ള സൂചനകൾ നൽകിയത്. ബിസിനസ്സ് വൈരികളായിരുന്നു റബിയുള്ളയും പി.എ.മുഹമ്മദും. വൻതുക ഉൾപ്പെടുന്ന ഒരു ബിസിനസ്സ് കരാർ സംബന്ധിച്ച തർക്കത്തിനൊടുവിലാണ് ഇങ്ങ് കേരളത്തിൽ ഫിറാസത്ത് എന്ന ബാലനെ വാടക ഗുണ്ടകൾ തട്ടിക്കൊണ്ട് പോകുന്നത്.
അടിയന്തിര പരിഗണനയിൽ അന്വേഷണം നടത്തിയ പോലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഗുണ്ടാസംഘം പൊള്ളാച്ചിയിലേക്ക് നീങ്ങിയതായി വ്യക്തമായി. പൊള്ളാച്ചിയിലെ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഫിറാസത്ത് ഹസ്സനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് കോടിയുടെ (നിധി) ക്വട്ടേഷൻ
മൂന്ന് കോടി രൂപയുടെ ക്വട്ടേഷൻ. രാജഗിരിയിലെ ഒരു എം.ബി.എ. വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പൊള്ളാച്ചി വരെ എത്തിക്കുന്നത് കൊച്ചിയിലെ ഒരു ക്വട്ടേഷൻ ടീമിന് അത്ര വലിയ പണിയല്ല. മൂന്ന് കോടി അവരെ സംബന്ധിച്ചി നിധി തന്നെയായിരുന്നു.
മൂന്ന് കോടിയുടെ ക്വട്ടേഷൻ നൽകി എതിരാളിയുടെ കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള പദ്ധതിയൊരുക്കിയത് ഉന്നത സ്വാധീനമുള്ള മലയാളി വ്യവസായി കെ.മുഹമ്മദ് റബീയുള്ള ആണെന്ന് ഗുണ്ടാ സംഘം സമ്മതിച്ചു. തുടർന്നാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് അടക്കമുള്ള നിയമ നടപടികൾ ആരംഭിച്ചത്. ഫേസ്ബുക്ക്, ടെലിഫോൺ തുടങ്ങി റബീയുള്ള സജീവമാകുന്ന ആശയവിനിമ മാർഗ്ഗങ്ങൾ നിരീക്ഷിച്ച പോലീസ് ഇയാൾ ബഹറിനിൽ ഉണ്ടെന്ന നിഗമനത്തിലാണ്. രാഷ്ട്രീയ നേതാക്കളുമായും മത പണ്ഡിതരുമായൊക്കെ അടുത്ത ചങ്ങാത്തം പുലർത്തുന്നയാളാണ് റബീയുള്ള എന്നത് കൊണ്ട് തന്നെ നിയമം ഈ സ്വാധീനത്തിന് വഴിമാറുമോ എന്ന സംശയത്തിലാണ് ഫിറാസത്തിന്റെ പിതാവ് പി.എ.മുഹമ്മദ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here