Advertisement

ദളിതർക്കു വെളിച്ചമാവാൻ ഒരു ടിവി ചാനൽ

April 6, 2016
0 minutes Read

രാഷ്ട്രീയപ്പാർട്ടികളുടെ ചാനൽ എന്നത് തമിഴ്‌നാട്ടുകാർക്ക് പുതിയ കാര്യമല്ല. പുരട്ചിതലൈവിയുടെ ജയ ടിവിയും കരുണാനിധിയുടെ കലൈഞ്ജർ സെയ്തികളും അടക്കം ഒമ്പത് ചാനലുകളാണ് ഇത്തരത്തിൽ തമിഴ്‌നാട്ടിലുള്ളത്. ഈ രംഗത്ത് പുതിയ കാൽവയ്പിനൊരുങ്ങുകയാണ് തിരുമാവളവന്റെ നേതൃത്വത്തിലുള്ള വിടുതലൈ ചിരുതൈകൾ കക്ഷി. ദളിതരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന രാഷ്ട്രീയപാർട്ടിയാണ് വിസികെ.അതുകൊണ്ട് തന്നെ അവരുടെ ചാനലിന്റെ രാഷ്ട്രീയവും മറ്റൊന്നല്ല. തമിഴ്‌നാട്ടിലെ ആദ്യ ദളിത് ചാനൽ എന്ന അവകാശവാദവുമായാണ് വെളിച്ചം ടിവി സംപ്രേഷണം ആരംഭിക്കുന്നത്.

സമൂഹത്തിലെ പാർശ്വവല്ക്കരിക്കപ്പെടുന്നവരുടെ വേദനകളും പ്രശ്‌നങ്ങളും ഉയർച്ചതാഴ്ച്ചകളുമെല്ലാമായിരിക്കും ചാനൽ പരിപാടികളുടെ പ്രധാന ഉള്ളടക്കം. ദിവസേന 3 വാർത്താ ബുള്ളറ്റിനുകൾ ഉണ്ടാകും. മറ്റേതു മേഖലയിലുമെന്ന പോലെ മാധ്യമരംഗത്തും പക്ഷപാതിത്വം ഉണ്ടെന്നും അതിനാൽ ദളിതരടക്കമുള്ള പിന്നോക്കവർഗത്തിന്റെ ജീവിതം ചാനലുകൾ കാണാതെ പോവുന്നു എന്നുമാണ് വിസികെയുടെ ആരോപണം.ഇതിനൊരു പരിഹാരമായാണ് വെളിച്ചം ടിവി ആരംഭിക്കുന്നത്.2012ലാണ് ദളിതർക്ക് വേണ്ടി ഒരു ചാനൽ എന്ന ആശയം രൂപപ്പെടുന്നത്. തിരുമാവളവന് ജന്മദിനസമ്മാനമായി പ്രവർത്തകരിൽ നിന്ന് ലഭിച്ച സ്വർണനാണയങ്ങൾ സ്വരൂപിച്ചുണ്ടാക്കിയ തുകയാണ് ചാനലിനു വേണ്ടിയുള്ള ആദ്യ നിക്ഷേപം. വെളിച്ചം ടിവി എന്ന പേരിലൂടെ പാർട്ടി ലക്ഷ്യമാക്കുന്നത് മാറ്റത്തിനു വേണ്ടിയുള്ള വെളിച്ചം എന്നാണ്. ജാതി വർഗ വർണ വിവേചനങ്ങളുടെ ഇരുട്ടിൽ നിന്ന് പുതിയ മാറ്റമെന്ന വെളിച്ചത്തിലേക്കുള്ള പാതയാവും ചാനലെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. പാർട്ടി ചാനലാണെങ്കിലും നേതാക്കളെ പ്രശംസിക്കാനുള്ള ഇടമായി ഇതിനെ കാണില്ലെന്ന് തിരമാവളവൻ അറിയിച്ചുകഴിഞ്ഞു.ആരെയൊക്കെ ഉന്നം വച്ചാണ് ഈ പ്രസ്താവന എന്നത് തമിഴകത്ത് ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു.
അംബേദ്കർ ജന്മദിനമായ ഏപ്രിൽ 14ന് ചാനൽ ലോഞ്ച് ചെയ്യും.തമിഴ്‌നാട്ടിലെ ആദ്യ ദളിത് ചാനൽ എന്നാണ് ടാഗ്‌ലൈൻ എങ്കിലും ഇന്ത്യയിൽത്തന്നെ ഇത്തരത്തിലൊരു സംരംഭം ഇത് ആദ്യമായാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top