Advertisement

കേരളം കാത്തിരിക്കുന്ന വധശിക്ഷകൾ

April 18, 2016
0 minutes Read

ആറ്റിങ്ങൽ ഇരട്ടകൊലപാതക്കേസിലെ പ്രതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കാത്തിരിക്കുന്നവരുടെ എണ്ണം 16 ആയി. കേരളത്തെ നടുക്കിയ കൊലപാതകക്കേസുകളിലെ പ്രതികളെല്ലാം പൂജപ്പുര,കണ്ണൂർ സെൻട്രൽ ജയിലുകളിൽ തൂക്കുമരം കാത്ത് കഴിയുകയാണ്. കേരളത്തിൽ ഇതിനു മുമ്പ് വധശിക്ഷ വിധിച്ചത് 2014ൽ ആയിരുന്നു. പട്ടാമ്പി ആമയൂരിൽ ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തുകയും ഒരു മകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പാലാ സ്വദേശി റെജികുമാറിന് 2009ൽ പാലക്കാട് ജില്ലാ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ആലുവ കൂട്ടക്കൊലക്കേസിലെ ആന്റണി,സൗമ്യ വധക്കേസിലെ ഗോവിന്ദച്ചാമി,പുത്തൻവേലിക്കര ബേബിവധക്കേസിലെ റിപ്പർ ജയാനന്ദൻ എന്നിവരാണ് വധശിക്ഷ കിട്ടിയതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടവർ. കണിച്ചുകുളങ്ങരയിൽ എവറസ്റ്റ് ചിട്ടിഫണ്ട് ഉടമയെയും കുടുംബത്തെയും ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഡ്രൈവർ ഉണ്ണി,കോട്ടയത്ത് കൈനറ്റിക് റബ്ബേഴ്‌സ് ഉടമ ശ്രീധരനെയും ഭാര്യയെയും കൊന്ന അസാം സ്വദേശി പ്രദീപ് ബോറ,കായംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി വിശ്വരാജൻ,മാവേലിക്കരയിൽ രണ്ട് പേരെ കുത്തിക്കൊന്ന സന്തോഷ്‌കുമാർ,വെമ്പായത്ത് പെൺകുട്ടിയെ വീട്ടിൽക്കയറി അതിക്രമിച്ചു കൊലപ്പെടുത്തിയ രാജേഷ് കുമാർ തുടങ്ങിയവരും കഴുമരത്തിലേക്ക് പോവാൻ വിധിക്കപ്പെട്ടവരാണ്.
കേരളത്തിൽ അവസാനത്തെ തൂക്കികൊല നടന്നത് 1991ൽ കണ്ണൂർ സെന്ട്രൽ ജയിലിലായിരുന്നു.റിപ്പർ ചന്ദ്രനെയാണ് അന്ന് തൂക്കിലേറ്റിയത്.അതിന് മുമ്പ് 1988ൽ നടന്ന വാകിരി ബാലകൃഷ്ണന്റെ തൂക്കിക്കൊല ഏറെ ചർച്ച ചെയ്യപ്പെട്ടു. വധശിക്ഷ ലഭിച്ച ശേഷം തന്റെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പല സാംസ്‌കാരിക നായകർക്കും ബാലകൃഷ്ണൻ കത്തയച്ചിരുന്നു. സുകുമാർ അഴീക്കോട് ജയിലിലെത്തി ബാലകൃഷ്ണനെ സന്ദർശിക്കുകയും, ചെയ്ത പാപത്തിന്റെ ഫലമാണ് ശിക്ഷയെന്നും അത് പ്രാർഥനയോടെ ഏറ്റുവാങ്ങിക്കൊള്ളൂ എന്നും പറഞ്ഞത് അന്ന് വലിയ വാർത്തയായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ അവസാനത്തെ തൂക്കികൊല നടന്നത് 1979ലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top