ആഗോള താപനം: സമുദ്രത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നു.

ആഗോളതാപനം മൂലം സമുദ്രജലത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ അറ്റ്‌മോസ്ഫിയറിക്ക് റിസർച്ചിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. 2030-40 ആകുമ്പോഴേക്കും ഇത് കൂടുതൽ മേഖലയിലേക്ക് പടരുമെന്നാണ് ഗവേഷക സംഘം നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ മേഖല, പസഫിക്ക് സമുദ്രത്തിന്റെ കിഴക്കൻ ഉഷ്ണ മേഖല, അത്‌ലാന്റിക്ക് എന്നിവിടങ്ങളിലാണ് ഇപ്പോൾ ഈ അവസ്ഥ കാണപ്പെടുന്നത്.
സമുദ്രജലത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നത് മത്സ്യങ്ങൾക്കും കടൽ നക്ഷത്രങ്ങൾക്കും മറ്റ് കടൽ ജീവികൾക്കും ഒരു പോലെ ഭീഷണിയാണ്.
സമുദ്രത്തിലെ ഓക്‌സിജന്റെ അളവ് സമുദ്രോപരിതലത്തിലെ ഊഷ്മാവ് കാറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇവിടെ നിന്നാണ് സമുദ്രത്തിന്റെ അടിത്തട്ട് വരെ ഓക്‌സിജൻ ലഭിക്കുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുന്നതോടെ ഇത് സാധ്യമാകാതെ വരുന്നു. സാധാരണയായി അന്തരീക്ഷത്തിൽ നിന്ന് നേരിട്ടോ മറ്റ് പ്ലവകങ്ങളിൽ നിന്നോ ആണ് സമുദ്ര ജലത്തിൽ ഓക്‌സിജൻ കലരുക. വെള്ളത്തിനു ചൂടുപിടിച്ചാൽ ഈ പ്രവർത്തനം വളരെ മന്ദഗതിയിലാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here