ജയിച്ചിട്ടും സഭകാണാതെ 32 പേർ, ചരിത്ര പരാജയങ്ങളും വിജയങ്ങളും

ആയിരക്കണക്കിന് രാഷ്ട്രീയ പ്രവർത്തകരിൽ ഒരു ചെറിയ ശതമാനത്തിനാണ് തിരഞ്ഞെടുപ്പുകളിൽ അവസരം കിട്ടുന്നത്. അവരിൽ തന്നെ പലരും ഇത് വരെ ജയിച്ചിട്ടു പോലുമില്ല. ആയുസുമുഴുവൻ കൊടിപിടിച്ചും സമരം ചെയ്തും തല്ലുകൊണ്ടും ജയിലിൽ കിടന്നും പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചിട്ടും ഒരിക്കൽപോലും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്ത ആയിരങ്ങൾ ഉണ്ട്. ഒരിക്കലെങ്കിലും മത്സരിക്കാൻ അവസരം കിട്ടിയവർ ഭാഗ്യവാന്മാർ. എന്നാൽ മത്സരിച്ച് ജയിച്ചിട്ടും നിയമസഭയിൽ എത്താനായില്ലെങ്കിലോ? പിന്നീടൊരിക്കലും സഭ കാണാനായിട്ടില്ലെങ്കിലോ? കേരളത്തിലുണ്ട് അത്തരം ഹതഭാഗ്യവാന്മാരുടെ ഒരു വലിയ നിര. ഒന്നും രണ്ടുമല്ല 32 പേർ.
മുന്നണികളൊന്നുമില്ലാതിരുന്ന എല്ലാ പാർട്ടികളും ഒറ്റയ്ക്ക് മത്സരിച്ച 1964 ലെ തെരഞ്ഞെടുപ്പിലായിരുന്നു ജയിച്ചിട്ടും എം.എൽ.എ ആയി സത്യപ്രതിജ്ഞ പോലും ചെയ്യാൻ കഴിയാത്ത ഇവർ. എന്നാൽ അന്ന് തെരഞ്ഞെടുക്കപ്പെട്ട ചിലർ പിന്നീട് കേരള രാഷ്ട്രീയത്തിന്റെ ഉന്നത ശ്രേണികളിലെത്തി. അന്ന് മാള നിയമസഭയിലേക്കയച്ച കരുണാകരൻ പിന്നെ അധികാരം കൊണ്ട് ശക്തനായ മുഖ്യമന്ത്രിയായി മാറി.
മുഖ്യമന്ത്രി ഇ.എം.എസ് പട്ടാമ്പിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു അന്ന്. പുനലൂരിൽ നിന്ന് വിജയിച്ചത് സി.എം സ്റ്റീഫനാണ്. അദ്ദേഹം എന്നിട്ട് കേന്ദ്രത്തിൽ പ്രതിപക്ഷ നേതാവും ക്യാബിനറ്റ് മന്ത്രിയുമായി. പാലയിൽ കെ.എം തോമസിനെയാണ് മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആർ.ശങ്കർ മന്ത്രിസഭയിൽ ആരോഗ്യ വനം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രി 1965 ലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോട്ടയത്ത് 3484 വോട്ടിന് സി.പി.എം ലെ കെ.എം ജോർജ്ജാണ് വിജയിച്ചത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എം.പി ഗോവിന്ദൻ നായരായിരുന്നു ആ മുൻ മന്ത്രി.
പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടേതാകും മുമ്പുള്ള കാലമാണ് അത്. അവിടെ ജയിച്ചത് സി.പി.എം ലെ ഇ.എം ജോർജ്ജ് ഭൂരിപക്ഷം 1835 വോട്ട്. ആലപ്പുഴയിൽ കോൺഗ്രസിലെ ജി. ചിദംബര അയ്യർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ടി.വി തോമസിനെ 1304 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്നത്തെ ഏറ്റവും ജനകീയ നേതാവാണെങ്കിലും അമ്പലപ്പുഴയിൽ അന്ന് വി.എസ് അച്ചുതാനന്ദൻ തോൽക്കുകയായിരുന്നു. ചടയമംഗലത്ത് എസ്.എസ്.പി. യിലെ ബി. ദാമോദരൻ പോറ്റിയും കോൺഗ്രസിലെ എൻ. ഭാസ്‌ക്കരൻപിള്ളയും തമ്മിൽ നടന്ന മത്സരമായിരുന്നു ഏറ്റവും വാശിയേറിയത്. ബലാബലം നടന്ന ആ മത്സരത്തിനൊടുവിൽ വോട്ടുകൾ പല തവണ എണ്ണിയ ശേഷമാണ് 22 വോട്ടിന് ബി. ദാമോദരൻ പോറ്റി വിജയിച്ചത്. പിന്നീട് അദ്ദേഹം നിയമസഭയുടെ സ്പീക്കറായി.
കൊല്ലത്ത് അന്ന് കോൺഗ്രസിലെ ഹെൻറി ഓസ്റ്റിനോട് ടി.കെ ദിവാകരൻ പരാജയപ്പെട്ടത് 250 വോട്ടിനാണ്. വർക്കല രാധാകൃഷ്ണൻ വർക്കലയിലും തോറ്റു. ആറ്റിങ്ങലിൽ മാർക്സിസ്റ്റ് പാർട്ടിയുടെ പുതുമുഖ താരം കെ. അനിരുദ്ധനോട് (എ. സമ്പത്ത്, എം.പി.യുടെ പിതാവ്) മുൻ മുഖ്യമന്ത്രി ആർ. ശങ്കർ തന്നെ തോറ്റു. രാജ്യമൊട്ടാകെ ഞെട്ടലോടെ നിരീക്ഷിച്ച തെരഞ്ഞെടുപ്പ് ഫലമായിരുന്നു അത്. നെടുമങ്ങാട് മണ്ഡലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നീലകണ്ഠരു പണ്ടാരത്തിലിനെ പരാജയപ്പെടുത്തിയത് എസ്. വരദരാജൻ നായർ ആയിരുന്നു. ഒ. രാജഗോപാൽ അന്ന് പാലക്കാട്ട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് 2,879 വോട്ട് നേടി. അങ്കമാലിയിൽ മത്തായി മാഞ്ഞൂരാൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപിള്ള പെരുമ്പാവൂരിൽ അന്ന് വിജയിച്ചു.
ചെങ്ങന്നൂരിൽ കേരളാ കോൺഗ്രസ്സിലെ കെ.ആർ സരസ്വതിയമ്മ 4 പുരുഷന്മാരെയാണ് പാരജയപ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആർ ശങ്കരനാരായണൻ തമ്പിക്ക് കിട്ടിയത് 505 വോട്ട്. സരസ്വതിയമ്മയ്ക്ക് 26,248 വോട്ട്. ആറൻമുളയിൽ നിന്ന് അന്ന് തെരഞ്ഞെടുക്കപ്പെട്ട എൻ. ഭാസ്‌ക്കരൻ നായരും പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റായി. 1967-ൽ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചിറയിൻകീഴിൽ നിന്ന് ആർ. ശങ്കർ മത്സരിച്ചു. അവിടെയും പ്രതിയോഗിയായി കെ. അനിരുദ്ധൻ തന്നെ എത്തി. ആർ. ശങ്കർ വീണ്ടും തോറ്റു. ആ തെരഞ്ഞെടുപ്പിൽ കാസർഗോട്ടുനിന്ന് ഏ.കെ ഗോപാലനും അമ്പലപ്പുഴയിൽ നിന്ന് ഭാര്യ സുശീലാ ഗോപാലനും വിജയിച്ചു. കേരളത്തിൽ നിന്ന് അങ്ങനെ ആദ്യമായി ഭർത്താവും എം.പി മാരായി ലോക്‌സഭയിലെത്തി. അരങ്ങിൽ ശ്രീധരൻ വടകരയിലും ഇ.കെ നയനാർ പാലക്കാട്ടും, പി. വിശ്വംഭരൻ തിരുവനന്തപുരത്തും ടി.പി മംഗലത്തുമഠം മാവേലിക്കരയിലും നിന്ന് ലോക്‌സഭയിലും എത്തി. പിന്നീട് അദ്ദേഹവും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അദ്യക്ഷ പദവിയിൽ എത്തി.
കോൺഗ്രസ്സിന് ദയനീയ പരാജയം നേരിട്ട ആ തെരഞ്ഞെടുപ്പിൽ ആകെ ഒരു സീറ്റാണ് ലഭിച്ചത്. മുകുന്ദപുരം മാത്രം. ഇവിടെ വിജയിച്ചത് സാക്ഷാൽ പനമ്പള്ളി ഗോവിന്ദ മേനോൻ. പിന്നീട് കെ. കരുണാകരൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളെ വൻ ഭൂരിപക്ഷത്തോടെ പാർലമെന്റിലേക്ക് അയച്ചു മുകുന്ദപുരം. കരുണാകരന്റെ നോമിനിയായി മത്സരിച്ച സാവിത്രി ലക്ഷ്മണനേയും പിന്തുണച്ച മണ്ഡലം കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായാണ് അറിയപ്പെട്ടിരുന്നത്. എന്നിട്ടും മണ്ഡലത്തിലെ വോട്ടർമാർ തിരിച്ച് ജനവിധി രേഖപ്പെടുത്തുന്നത് 2004-ൽ കേരളം കണ്ടു. കരുണാകരനോട് എന്നും വിശ്വസ്തത പുലർത്തിയ മണ്ഡലം മകൾ പത്മജ വേണുഗോപാലിനെ തള്ളിക്കളഞ്ഞു. എതിർ സ്ഥാനാർത്ഥി സി.പി.എം ലെ ലോനപ്പൻ നമ്പാടനെ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് അന്ന് മുകുന്ദപുരത്തുകാർ വിജയിപ്പിച്ചത്.
ഇതേ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പത്മജയുടെ സഹോദരൻ കെ. മുരളീധരനും പരാജയപ്പെട്ടു. ഏ.കെ ആന്റണി മന്ത്രി സഭയിൽ വൈദ്യുത മന്ത്രിയായിരുന്നു അന്ന് മുരളി. സഹോദരനും സഹോദരിയും തോറ്റ തെരഞ്ഞെടുപ്പ്. അങ്ങനെ എം.എൽ.എ. ആകാത്ത നിയമസഭ കാണാത്ത ഊർജ്ജ മന്ത്രിയായി കെ. മുരളീധരന് കേരള രാഷ്ട്രീയത്തിൽ റെക്കോർഡ് ലഭിച്ചു. 2011 ൽ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ചെത്തുമ്പോഴാണ് മുരളി പിന്നീട് നിയമസഭ കാണുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here