ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത് കൊന്ന കേസ്; യുവതിക്ക് 100 വർഷം തടവ്

ഗർഭിണിയെ ആക്രമിച്ച് ഗർഭസ്ഥശിശുവിനെ പുറത്തെടുത്ത് കൊന്ന കേസിൽ പ്രതിക്ക് 100 വർഷത്തെ തടവ് ശിക്ഷ. അമേരിക്കയിലെ കൊളറാഡോയിൽ മിഷേൽ വിൽകിൻസിനോട് കാട്ടിയ ക്രൂരതയ്ക്കാണ് നഴ്‌സായ ഡൈനൽ ലേനിനെ് കോടതി ശിക്ഷിച്ചത്. 2015 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗർഭകാലത്ത് ധരിക്കാനുള്ള വസ്ത്രങ്ങൾ വില്പനയ്ക്ക് എന്ന ഓൺലൈൻ പരസ്യം കണ്ട് ലേനിന്റെ വീട്ടിലെത്തിയ വിൽകിൻസിനെ ലേൻ ആക്രമിക്കുകയായിരുന്നു. ഏഴുമാസം ഗർഭിണിയായിരുന്ന വിൽകിൻസിനെ കുത്തി കുഞ്ഞിനെ പുറത്തെടുത്തു. വിൽകിൻസ് ഒരു മുറിയിൽ കയറി കതകടച്ച ശേഷം എമർജൻസി നമ്പറിൽ വിളിച്ചു. പോലീസെത്തി അവരെ ആശുപത്രിയിലാക്കുകയായിരുന്നു.സ്വന്തം നിലനിൽപിനു വേണ്ടിയായിരുന്നു ലേൻ ഇത്തരമൊരു ക്രൂരത ചെയ്തത്. താൻ ഗർഭിണിയാണെന്ന് ലേൻ വേരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഗർഭം അലസിപ്പോയെന്ന് വരുത്തിത്തീർക്കാൻ അവർ ആസൂത്രണം ചെയ്ത നാടകമായിരുന്നു ഓൺലൈൻ വസ്ത്രവില്പനയിലൂടെ വിൽകിന്‌സിനെ വീട്ടിലെത്തിച്ചതും തുടർന്നുണ്ടായ ആക്രമണവും. സംഭവദിവസം ലേനിന്റെ ഭർത്താവ് വീട്ടിലെത്തുമ്പോൾ അവർ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഗർഭം അലസിയെന്നും കുഞ്ഞ് ബാത്ത്ടബ്ബിലുണ്ടെന്നും കേട്ട് ഭർത്താവ് ബാത്ത്‌റൂമിലെത്തുമ്പോൾ കുഞ്ഞിന് ശ്വാസമുണ്ടായിരുന്നു. ലേനിനെയും കുഞ്ഞിനെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. തന്നെ പരിശോധിക്കാൻ ലേൻ വിസമ്മതിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. അതേ സമയം ലേനിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കുമ്പോഴൊക്കെ കുഞ്ഞിന്റെ യഥാർഥ അമ്മ വീടിനുള്ളിൽ രക്തം വാർന്ന് അവശനിലയിലുണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ലേനിന്റെ ഭർത്താവ് കോടതിയിൽ പറഞ്ഞത്.