ഉമ്മൻചാണ്ടി സർക്കാർ കേരളത്തിന് ബാധ്യത

അഴിമതിയും വിലക്കയറ്റവും നിറഞ്ഞ യു ഡി എഫ് ദുർഭരണത്തിനുള്ള മറുപടിയാവും തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദൻ. നിലവിലെ ഭരണം ജനങ്ങൾക്ക് ബാധ്യതയായിട്ടുണ്ട്. ഇതിൽ നിന്നുള്ള രക്ഷയാണ് അവർ ആഗ്രഹിക്കുന്നത്. ട്വന്റിഫോർ ന്യൂസ് എഡിറ്റർ വി.അരവിന്ദ് നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വി.എസ്.അച്ചുതാനന്ദൻ.

യു.ഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം കേരളത്തിലെ ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയായിരുന്നു. അതിനു മുമ്പുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ജനോപകാരപദ്ധതികളെല്ലാം അവർ അട്ടിമറിച്ചു. പൊതുവിതരണ സമ്പ്രദായം താറുമാറാക്കിയെന്നും വി.എസ്.അച്ച്യുതാനന്ദൻ ആരോപിച്ചു. അഴിമതിക്കാർ ഒന്നിനു പിറകെ ഒന്നായി ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് യു.ഡി.എഫ് സർക്കാർ സാധ്യമാക്കിയത്. കോഴ കൊടുക്കാൻ പ്രാപ്തിയുള്ളവന് എന്തും നേടാമെന്ന സ്ഥിതിയിലായി കാര്യങ്ങൾ. മെത്രാൻ കായൽ വിഷയവും സന്തോഷ് മാധവന്റെ ഭൂമിയിടപാടുമൊക്കെ വിരൽചൂണ്ടുന്നതും അതിലേക്ക് തന്നെ.

മതേതര അടിസ്ഥാനത്തിൽ ജനങ്ങളെ മുൻനിർത്തിയുള്ള ഭരണമാണ് ഇടുപക്ഷത്തിന്റെ ലക്ഷ്യം. അതിന് ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുണ്ട്. എൽ.ഡി.എഫ് അധികാരത്തിലെത്തണമെന്ന് കേരളത്തിലെ ജനങ്ങൾ അത്രമേൽ ആഗ്രഹിക്കുന്നുണ്ട്.

ബിജെപി കേരളത്തിൽ അപ്രസക്തമാണ്.പരവൂർ ദുരന്തത്തിലടക്കം ബിജെപിയുടെ നിസ്സഹായത വെളിവായതാണ്. പരവൂർ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി വന്നു പറഞ്ഞു. വാഗ്ദാനമല്ലാതെ ആ പ്രഖ്യാപനം കൊണ്ട് എന്തു പ്രയോജനമാണ് പരവൂരിലെ ജനങ്ങൾക്കുണ്ടായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോഴും അവിടെ പൂർണമായിട്ടില്ല.

മലമ്പുഴയിലെ ജനങ്ങളാണ് തന്റെ വിജയത്തിനു പിന്നിലെ ശക്തി. തന്റെ അസാന്നിധ്യത്തിലും അവർ പ്രചാരണത്തിൽ സജീവമാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് 140 മണ്ഡലങ്ങളിലും തന്റെ വാക്കുകൾക്കായി വോട്ടർമാർ കാത്തിരിക്കുന്നു. ഈ സത്യം മനസ്സിലാക്കി സന്ദർഭോചിതമായി പെരുമാറുന്നവരാണ് മലമ്പുഴയിലുള്ളതെന്നും വി.എസ്.അച്ച്യുതാനന്ദൻ അഭിപ്രായപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top