സുരക്ഷിതമല്ലാത്ത ഒറ്റമുറിവീടുകൾ; നിസ്സഹായരാവുന്ന എത്രയോ ജിഷമാർ!!

”വീട് പണിയാൻ കാശില്ലാഞ്ഞിട്ട് തെണ്ടി നടക്കുകയായിരുന്നു മോനെ..1500 ഹോളോബ്രിക്സ് മേടിച്ചുവച്ചു..ആരെങ്കിലും സഹായിക്കട്ടെ എന്ന് വിചാരിച്ചു..ആരും സഹായിച്ചില്ല ഉറപ്പുള്ള ഒരു വീടുണ്ടാക്കാൻ…ഇപ്പോ എന്റെ മോളും പോയി…”
ഈ അമ്മയുടെ കരച്ചിൽ കേട്ടില്ലെന്ന് നടിക്കാൻ ഇനിയും ആവുമോ കേരളത്തിന്. നഷ്ടങ്ങളുടെ ദുരിതക്കടലിൽ നിന്നാണ് ആ അമ്മ അലറിക്കരയുന്നത്. ജീവിതത്തിന്റെ താങ്ങും തണലും പ്രതീക്ഷയുമായിരുന്ന മകളെയാണ് നഷ്ടപ്പെട്ടത്. അങ്ങേയറ്റം നിഷ്ഠൂരമായ മരണം ഏറ്റുവാങ്ങി മനുഷ്യമനസ്സുകളിൽ നീറ്റലായി പടരുകയാണ് ജിഷ എന്ന പെരുമ്പാവൂരുകാരി. ജിഷയ്ക്ക് വേണ്ടി നീതിക്കായി പോരാടുന്നവരുടെ പ്രതിഷേധങ്ങളാണ് എങ്ങും.ദിവസങ്ങൾ നീങ്ങും,പോലീസ് പ്രതിയെ പിടികൂടും,ശിക്ഷ വിധിക്കും..ചിലപ്പോൾ വധശിക്ഷ തന്നെ ലഭിക്കും. ജിഷയ്ക്ക് നീതി കിട്ടിയെന്ന് ആശ്വസിച്ച് പ്രബുദ്ധ കേരളം മറ്റ് വിഷയങ്ങളിൽ മുങ്ങും. ശിക്ഷ വിധിച്ച പ്രതിയോ,മറ്റൊരു ഗോവിന്ദച്ചാമിയായി സർക്കാർ ചെലവിൽ സുഭിക്ഷമായി ഉണ്ടുറങ്ങി ജീവിക്കും!!
അപ്പോഴും സമൂഹത്തിലെ അനേകം ജിഷമാർ കെട്ടുറപ്പില്ലാത്ത ഒറ്റമുറി വീടുകളിൽ അരക്ഷിതമായ ഭാവിയെ നോക്കി നെടുവീർപ്പിടുന്നുണ്ടാവില്ലേ. ജിഷയ്ക്ക് നീതി വേണം എന്നതിലൂടെ നമ്മൾ ഉന്നയിക്കേണ്ടത് സമാന പരിതസ്ഥിതിയിൽ ജീവിക്കുന്ന എത്രയോ പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണം എന്ന് കൂടിയല്ലേ. സുരക്ഷിതമായി കയറിക്കിടക്കാൻ വീടില്ലാതെ,സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ, സമൂഹത്തിൽ ഒറ്റപ്പെട്ട് പോവുന്ന എത്രയോ കുടുംബങ്ങളുണ്ട്. അവിടങ്ങളിൽ ജീവിക്കുന്ന പെണ്ണുങ്ങളുണ്ട്. അടച്ചുറപ്പുള്ള വീട്ടിൽ എല്ലാ വിധ സൗകര്യങ്ങളിലും ജീവിക്കുമ്പോഴും സംരക്ഷകരാവേണ്ടവർ തന്നെ ശിക്ഷകരാവുന്ന അവസ്ഥ മറക്കുന്നില്ല.
ദിനംപ്രതി നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടും കാണാതെ പോവാറില്ലേ. ഓലപ്പുരയിലെ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചുയർന്ന മിടുക്കിക്കുട്ടികളെക്കുറിച്ച്, ഒറ്റമുറി വീടിന്റെ അരക്ഷിതാവസ്ഥയിൽ നിന്ന് നാടിന് അഭിമാനമായി മാറുന്ന പ്രതിഭകളെക്കുറിച്ച്,രോഗാതുരരായ മാതാപിതാക്കൾക്ക് നടുവിൽ ഇനി എന്ത് എന്നതിന് ഉത്തരമില്ലാതെ ഭാവിയിലേക്ക് ഭയപ്പാടോടെ നോക്കിനിൽക്കുന്ന നിസ്സഹായതയെക്കുറിച്ച്,അങ്ങനെ വാർത്താകോളങ്ങളിൽ ഒതുങ്ങുന്ന എത്രയോ പെൺജന്മങ്ങൾ. നമ്മളെങ്ങനെയാണ് പ്രതികരിക്കാറുള്ളത്. വെറുമൊരു ഹ്യൂമൻ റിലേറ്റഡ് സ്റ്റോറി എന്ന നിരാസം അല്ലെങ്കിൽ പാവം കുട്ടി എന്ന ആത്മഗതത്തോടെയുള്ള സഹതാപം. അവിടെ തീരും ഭൂരിപക്ഷത്തിന്റെയും പ്രതികരണം. അത്തരം ഇടങ്ങളിൽ പതിയിരിക്കുന്ന അപകടത്തെപ്പറ്റി നമ്മളെ ജാഗരൂകരാക്കാൻ ഇങ്ങനെ ജിഷമാർ വേണ്ടിവരും.
പെൺകുട്ടികളെ വീട്ടകങ്ങളിൽ തനിച്ചാക്കി ജോലിക്ക് പോവേണ്ടി വരുമ്പോൾ അയൽപ്പക്കങ്ങളിൽ നമ്മൾ ഏൽപ്പിക്കുന്ന വിശ്വാസവും ഒരു പരിധിയിൽ കൂടുതൽ ആശ്വാസമാവില്ല എന്ന തിരിച്ചറിവിലേക്കും നമ്മൾ എത്തേണ്ടിയിരിക്കുന്നു. പകൽവെളിച്ചത്തിൽ അതിക്രൂരമായി ഒരു പെൺകുട്ടി കൊല്ലപ്പെടുമ്പോഴും ആ നിലവിളി ആരുമറിയാതെ പോയത് എന്തുകൊണ്ട് എന്ന് ആലോചിച്ച് നോക്കൂ. സമൂഹത്തിലെ വരേണ്യവർഗത്തിന് സ്വീകാര്യമല്ലാത്ത ഒരു കുടുംബത്തിൽ എന്തു സംഭവിച്ചാലും അത് നമ്മെയാരെയും ബാധിക്കില്ല എന്ന മനോഭാവം തന്നെയല്ലേ ഒരു കാരണം. ആ അമ്മയെയും മകളെയും മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തിയതിന് എന്തൊക്കെ ന്യായങ്ങൾ വേണമെങ്കിലും നിരത്തുമ്പോഴും ഒന്ന് മറക്കരുത്. നിരാശ്രയരായ രണ്ട് സ്ത്രീകളായിരുന്നു അവർ,നിസ്സഹായരായ രണ്ട് മനുഷ്യരായിരുന്നു അവർ….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here