17
Oct 2021
Sunday
Covid Updates

  ട്രോൾ ചെയ്തവർക്ക് നന്ദി പറഞ്ഞ് നികേഷ് കുമാർ; കിണറ്റിലിറങ്ങിയതിനുള്ള വിശദീകരണം ഫേസ്ബുക്ക് പോസ്റ്റിൽ

  തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താൻ കിണറ്റിലിറങ്ങിയതിനെ വിമർശിച്ചവർക്കും പരിഹസിച്ചവർക്കും അഭിനന്ദിച്ചവർക്കും നന്ദി അറിയിച്ച് അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി.നികേഷ് കുമാർ. മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നം ജനശ്രദ്ധയിലെത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യം. പലതവണ പലരീതിയിൽ ശ്രമിച്ചിട്ടും പ്രശ്‌നം വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.എന്നാൽ,ഇന്നലെ താൻ കിണറ്റിലിറങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെ കുടിവെള്ളപ്രശ്‌നത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കാനും പദ്ധതികളും നിർദേശങ്ങളും മുന്നോട്ട് വയ്ക്കാനും സമൂഹം തയ്യാറായി. പരിഹാസശരങ്ങൾക്കും വിമർശനങ്ങൾക്കും അപ്പുറം പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടൽ വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. അതുകൊണ്ട് തന്നെ ഈ കുടിവെള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കാൻ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ട്.പ്രശ്‌നപരിഹാരത്തിനായി എന്ത് അഭ്യാസം കാണിക്കാനും താൻ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും നികേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം….

  പ്രിയപ്പെട്ടവരെ…

  അഴീക്കോടെ കുടിവെള്ളപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ഞാന്‍ ഇന്നലെ ഗുഡ്‌മോര്‍ണിംഗ് അഴീക്കോടിലൂടെ ലോകത്തിനു മുന്നിലെത്തിക്കാന്‍ ശ്രമിച്ചത്. എന്റെ വീഡിയോയ്ക്ക് ലഭിച്ചത് അഭൂതപൂര്‍വ്വമായ പ്രതികരണമാണ്.. വിമര്‍ശിച്ചവരുണ്ട്, നല്ലതു പറഞ്ഞവരുണ്ട്. പലരസകരമായ കോമഡികള്‍ ട്രോളുകളായി വന്നു, ഓണ്‍ലൈന്‍ പത്രങ്ങളും ചാനലുകളും വാര്‍ത്തയാക്കി, റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡെമോക്രെയ്‌സിയും ഏഷ്യാനെറ്റിലെ ചിത്രം വിചിത്രവും അടക്കമുള്ള ഡെയ്‌ലി സറ്റയര്‍ പരിപാടികളില്‍ തമാശയായി… എല്ലാവര്‍ക്കും നന്ദി..
  ഇനി വിഷയത്തിലേക്ക് വരാം.. അഴീക്കോട്ടെ കുടിവെള്ള പ്രശ്‌നം ഞാന്‍ ആദ്യമായല്ല വിഷയമാക്കുന്നത്. എല്ലാവരുടേയും ശ്രദ്ധ ഏപ്രില്‍ 16,17 തീയ്യതികളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലേക്ക് ക്ഷണിക്കുന്നു.

  മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നമായിരുന്നു സബ്ജക്റ്റ്. ഈ പ്രശ്‌നം ഞാന്‍ ജില്ലാഭരണകൂടത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ താത്ക്കാലികപരിഹാരം പോലും സാധ്യമായില്ല.. പ്രചരണത്തിനിടയില്‍ വീണ്ടും ആളുകള്‍ ഇതേ വിഷയം സംസാരിച്ചു തുടങ്ങി. കുടിവെള്ളം മലിനമാക്കപ്പെട്ടതിന്റെ പ്രശ്‌നം ചൂണ്ടിക്കാട്ടി.. കഴിഞ്ഞ ദിവസം പാലോട്ട്കാവില്‍ പോയപ്പോള്‍ നാട്ടുകാര്‍ ഇതേ കാര്യം ആവര്‍ത്തിച്ചു. ഈ ജലപ്രശ്‌നം പലതവണ നിലവിലെ ജനപ്രതിനിധിയുടെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ വിശദാംശങ്ങള്‍ പറഞ്ഞു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും തിരിഞ്ഞുനോക്കാത്ത അധികാരികളെ കുറിച്ച് പറഞ്ഞു. ഇത് പാലോട്ടുവയലുകാരുടെ മാത്രം പ്രശ്‌നമല്ല. ചിറക്കല്‍, പുഴാതി, വളപട്ടണം. നാറാത്ത് പഞ്ചായത്തുകളിലെ പുഴയോരത്തുള്ള മൂവായിരത്തോളം കുടുംബങ്ങളുടെ പ്രശ്‌നമാണിത്. ലത്തൂരിലും മറ്റും ഒരിറ്റു ദാഹജലത്തിനായി ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളുടെ ചിത്രം കൂടി മനസിലെത്തി.. അങ്ങനെയാണ് കുടിവെള്ളമില്ലാതെ കരയുന്ന ജനങ്ങളുടെ പ്രശ്‌നം വീണ്ടും ഗുഡ്‌മോണിംഗ് അഴീക്കോടില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് . അങ്ങനെ അത് ചിത്രീകരിക്കുകയും ചെയ്തു. അതിനിടെ ഞാന്‍ കിണറ്റിലിറങ്ങി. ഇതൊരു പ്രശ്‌നമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ പലവിധ പ്രതികരണങ്ങള്‍ വന്നു. നേരത്തെ ഇതേ കാര്യം പോസ്റ്റ് ചെയ്തപ്പോഴില്ലാത്ത ശ്രദ്ധ ഇത്തവണ കിട്ടി. അത് ഞാന്‍ കിണറ്റില്‍ ഇറങ്ങിയ ദൃശ്യം ഉള്ളതുകൊണ്ടായിരുന്നു. വിമര്‍ശിച്ചും പരിഹസിച്ചും ആക്ഷേപിച്ചും അനുകൂലിച്ചും പലവിധ പ്രതികരണങ്ങള്‍. ഈ നിമിഷത്തില്‍ എല്ലാ ഇടപെടലിനെയും ആത്മാര്‍ത്ഥമായി ഞാന്‍ അഭിനന്ദിക്കുകയാണ്.

  140 എണ്ണത്തില്‍ ഒന്ന് മാത്രമായ ഞങ്ങളുടെ അഴീക്കോട് മണ്ഡലത്തിലെ, കുടിവെള്ളപ്രശ്‌നത്തെ കേരളം മുഴുവന്‍ ചര്‍ച്ചയാക്കിയതിന് നന്ദി പറയുകയാണ്.

  അഭിനന്ദനവും നന്ദിയും എന്തിന് എന്നല്ലേ.. കാരണമുണ്ട്. വിവിധ മാധ്യമങ്ങളില്‍ ഒരു ദിനം മുഴുക്കെ പലരീതിയില്‍ ഗുഡ്‌മോണിംഗ് അഴീക്കോട് ചര്‍ച്ചയായല്ലോ. അതിന്റെ തുടര്‍ച്ചയായി അഴീക്കോട് മണ്ഡലത്തിലെ കുടിവെളളപ്രശ്‌നത്തെ കുറിച്ച് ഗൗരവമേറിയ വിശകലനങ്ങളും ചര്‍ച്ചകളും പദ്ധതിനിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവരാന്‍ ഈ ഇടപെടല്‍ കാരണമായി. കേരളത്തില്‍ നിന്നും വിദേശത്തുനിന്നുമായി നിരവധി പേര്‍ വിളിച്ച് ഈ പ്രശ്‌നത്തെ കുറിച്ച് അന്വേഷിച്ചു. സുഹൃത്തുക്കളായ ചില ഭൂഗര്‍ഭശാസ്ത്രജ്ഞര്‍ വിളിച്ചു. വിഷയം വിശദമായി പഠിക്കാനും പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കാനുമുള്ള സന്നദ്ധത അറിയിച്ചു. ചില അഭ്യുദയകാംക്ഷികള്‍ അവരുടെ സംഘടന വഴിയും കൂട്ടായ്മകളിലൂടെയും പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ വാഗ്ദാനം ചെയ്തു.

  അതുകൊണ്ട് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഈ പ്രശ്‌നം അധികം വൈകാതെ തന്നെ പരിഹരിക്കാന്‍ കഴിയും എന്ന്.

  എന്തായാലും ഒരുകാര്യം ഞാനുറപ്പു തരുന്നു. നിങ്ങളുടെ ജനപ്രതിനിധിയായാല്‍ അടിയന്തിര പ്രാധാന്യത്തോടെ ഈ കുടിവെളളപ്രശ്‌നം ഞാന്‍ പരിഹരിക്കും. പ്രശ്‌നപരിഹാരത്തിനായി കിണറ്റിലിറങ്ങാനും എന്ത് ‘ അഭ്യാസം’ കാണിക്കാനും ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. ഇത് കഴിഞ്ഞ അഞ്ചുവര്‍ഷമായി അഴീക്കോട്ടുകാര്‍ കേള്‍ക്കുന്ന വികസന വാചാടോപമല്ല, എന്റെ വാക്കാണ്.

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top