ജിഷയുടെ കൊലപാതകം ബർക്കിംഗ് രീതിയിൽ; അന്വേഷണം ചേച്ചിയുടെ സുഹൃത്തിലേക്ക്

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിൽ. ബർക്കിംഗ് രീതിയിലാണ് ജിഷയെ കൊലപ്പെടുത്തിയതെന്നാണ് ഫോറൻസിക് നിഗമനം.ഇരകൾ ദുർബലരും കൊലപാതകി കരുത്തനുമാവുമ്പോഴാണ് ഇത്തരത്തിൽ കൊല നടക്കുക. ഇരയെ കീഴ്പ്പെടുത്തിയ ശേഷം നെഞ്ചിൽ കയറി ഇരുന്ന് ഇരയുടെ കൈകൾ രണ്ടും കൊലപാതകി കാലുകൽ കൊണ്ടു ചവിട്ടിപ്പിടിച്ചു ഞെരിക്കും. പിന്നീട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തും.ശ്വാസനാളിയിലെ അസ്ഥിയും തൈറോയ്ഡ് ഗ്രന്ഥിയും തകർന്നാണ് മരണം സംഭവിക്കുക. ജിഷയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണം സംഭവിച്ചത് ഇത്തരത്തിലാണെന്ന് പറയുന്നുണ്ട്.
ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാൾക്ക് സാമ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ കഞ്ചാവ് വിൽപനക്കാരനാണെന്നും പെൺവാണിഭസംഘവുമായി ബന്ധമുള്ളയാളാണെന്നും സൂചനയുണ്ട്.
ജിഷയുടെ അച്ഛൻ പാപ്പു പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്താണ് ഇയാൾ ജിഷയെ പരിചയപ്പെട്ടത്. മുടക്കുഴയിൽ നിർമ്മാണം നടക്കുന്ന വീടിനു സമീപം ഇയാളെ കണ്ടതായി മൊഴിയുണ്ട്. കൃത്യം നടന്ന ദിവസം വൈകിട്ട് നാലിനു ശേഷം ജിഷ വീടിനുള്ളിൽ ആരോടോ കയർത്തുസംസാരിക്കുന്നതു കേട്ടുവെന്ന് അയൽവാസി മൊഴി നല്കിയിരുന്നു. ഇതു ഫോണിലാവുമെന്നാണ് പോലീസ് നിഗമനം.തുടർന്ന് വെള്ളമെടുക്കാൻ ജിഷ പുറത്തേക്ക് പോയിരുന്നു. ഈ സമയത്ത് പ്രതി വീടിനുള്ളിൽ കയറി ഒളിച്ചിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. ജിഷയുടെ കൊലപാതകം ആസൂത്രിതമാണെന്നും പെട്ടന്നുണ്ടായ പ്രകോപനത്തിൽ സംഭവിച്ചതല്ലെന്നും എഡിജിപി പത്മകുമാർ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here