Advertisement

ആലപ്പുഴയുടെ പരമ്പരാഗത തൊഴിൽ മേഖലകളെ തിരിച്ചുപിടിക്കും; പ്രതിഭാ ഹരി

May 10, 2016
Google News 1 minute Read

എന്താണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പൊതുവെയും ഈ മണ്ഡലത്തിൽ പ്രത്യേകമായും ഉന്നയിക്കുന്ന മുദ്രാവാക്യം ?

കായംകുളത്ത് ഇടതുപക്ഷ എംഎൽഎ കഴിഞ്ഞ 10 വർഷം നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ആദ്യ 5 വർഷക്കാലം അദ്ദേഹം ഭരണ പക്ഷ എംഎൽഎ ആയിരുന്നു. പിന്നീട് 5 വർഷം പ്രതിപക്ഷ എംഎൽഎ ആയിരുന്നു. ഈ കാലയളവിൽ തന്റെ ഇടപെടലുകൾ കൊണ്ട് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ഗവൺമെന്റ് 17 താലൂക്കുകൾ യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചപ്പോൾ കായംകുളം മംണ്ഡലത്തെ അവഗണിച്ചു. അത് സിറ്റിങ് എംഎൽഎയോടുള്ള, അല്ലെങ്കിൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന പാർടിയോടുള്ള എതിർപ്പായാണ് ഞങ്ങൾ കാണുന്നത്. അത് ഒരിക്കലും സംഭവിക്കാൻ പാടില്ല. നീതി എല്ലാവർക്കും തുല്യമായിരിക്കണം.

താലൂക്ക് യാഥാർത്ഥ്യമാക്കുക എന്നത് ജനങ്ങളുടെ ആവശ്യമാണ്. കേവലം താലൂക്ക് വരിക എന്നുള്ളത് മാത്രമല്ല അതിനപ്പുറം താലൂക്കിനെ മികച്ചതാക്കി ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന രീതിയിലേക്ക് ഉയർത്തുക എന്നതായിരിക്കും ആദ്യ ലക്ഷ്യം.

തൊഴിൽ മേഖലയിൽ പ്രതീക്ഷിക്കാവുന്ന മാറ്റം ?

പരമ്പരാഗത തൊഴിൽ മേഖലകളുടെ ശക്തികേന്ദ്രമായിരുന്നു കായംകുളം. സ്പിന്നിങ് മിൽ, കയർ, കശുവണ്ടി, ഉൾനാടൻ മത്സ്യ മേഖല, കായൽ ടൂറിസം എന്നിവയ്‌ക്കെല്ലാം സാധ്യതയുള്ള സ്ഥലമാണ്. എന്നാൽ ഈ മേഖല ആകെ തന്നെ ഗവൺമെന്റിന്റെ നയസമീപനം മൂലം ഇടിവ് നേരിടുകയാണ്. കശുവണ്ടി ഫാക്ടറികൾ പൂട്ടിയിട്ടിരിക്കുകയാണ്. തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് തൊഴിൽ നൽകാതിരിക്കുന്നത് അനീതിയല്ലേ. അപ്പോൾ പൂട്ടിയിട്ടിരിക്കുന്ന ഫാക്ടറികൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

കശുവണ്ടി ഫാക്ടറികൾ തുറന്നുപ്രവർത്തിക്കുന്നതിന്, അവിടെ സ്ത്രീകൾക്ക് കൂടുതൽ ദിവസം തൊഴിൽ നൽകുന്നതിന്, അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളും. അവിടെ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥ ദയനീയമാണ്. ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ ആരോഗ്യ പ്രശ്‌നങ്ങളിൽ കൂടി ഇടപൊട്ടുകൊണ്ട് വേണ്ട നടപടികൾ സ്വീകരിക്കും.

മത്സ്യ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന്‌ രാത്രി രണ്ട് മണിക്കെല്ലാം വള്ളത്തിൽ പോയാൽ കയറി വരുന്നത് രാവിലെ 8 മണിയോടെയാണ്. 200 ഓ 250 ഓ രൂപയുടെ മത്സ്യം മാത്രമാണ് നാല് പേർ ഒരു വള്ളത്തിൽ പോയാൽ കിട്ടുന്നത്. മാത്രമല്ല മത്സ്യ സമ്പത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനും ഇടപെടും.
മാത്രമല്ല എന്നെല്ലാം ഇടതുപക്ഷം അധികാരത്തിൽ വന്നിട്ടുണ്ടോ അന്നെല്ലാം ഈ മേഖലകളെ നല്ല രീതിയിൽ കൊണ്ടുപോയിട്ടുണ്ട്. ഇപ്പോൾ അവരുടെ ജീവിതം ഇരുളടഞ്ഞിരിക്കുകയാണ്. അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ നിവർത്തിയില്ല. ഞാൻ നേരിട്ടുകണ്ടിട്ടുള്ളതാണ്. 250 രൂപ മൂന്ന് പേർ വീതിച്ച് പോയാൽ ഒരാൾക്ക് എന്ത് കിട്ടാൻ.

ഇപ്പോൾ വിലക്കയറ്റം രൂക്ഷമാണ്. വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ ഈ ഗവൺമെന്റ് ഒന്നും ചെയ്തിട്ടില്ല. ബദൽ സംവിധാനം ആവിഷ്‌കരിക്കുന്നത് ഇടതുപക്ഷം ആയിരുന്നു. ഇവിടെ അരിവില കൂടുമ്പോൾ പശ്ചിമ ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും പോയി അരി കൊണ്ടുവന്ന് സപ്ലൈകോയിലൂടെയും പൊതു വിതരണ കേന്ദ്രങ്ങളിലൂടെയും വിതരണം ചെയ്തിരുന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. പ്രകടന പത്രികയിൽ ഇവയെല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

പ്രകടനപത്രികയിലെ നയങ്ങൾ ?

പ്രകടന പത്രികയിൽ പറയുന്നുണ്ടല്ലോ ‘വിശപ്പില്ലാത്ത കേരളം’ എന്ന്. ചെയ്യാൻ പോകുന്ന കാര്യങ്ങളാണ് പ്രകടനപത്രികയിൽ പറയുന്നത്. പറഞ്ഞ കാര്യങ്ങൾ 10 ശതമാനത്തിൽ കൂടുതൽ നടപ്പിലാക്കുകയും ചെയ്യും.

ജില്ലാ പഞ്ചായത്തിലെ അനുഭവ സമ്പത്ത് വിലയിരുത്തപ്പെടുമെന്ന് കരുതുന്നുണ്ടോ ?

73 പഞ്ചായത്തുകളുടെ പ്രതിനിധിയായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചത്. ഇപ്പോൾ ആറ് പഞ്ചായത്തിലേക്കാണ് വന്നിരിക്കുന്നത്. സ്വാഭാവികമായും ആ അനുഭവ സമ്പത്ത് കരുത്തായിക്കൊണ്ട് കായംകുളം മണ്ഡലത്തെ അധികാര വികേന്ദ്രീകരണത്തിന് ഏറ്റവും മികച്ച ഉദാഹരണമാക്കി മാറ്റും ഒപ്പം സ്ത്രീ സൗഹൃദ മണ്ഡലമാക്കിയും മാറ്റുന്നതായിരിക്കും പദ്ധതികൾ. സത്യസന്ധമായ പ്രവർത്തനത്തിന്റെ അനുഭവ സമ്പത്ത് കരുത്താകുമെന്ന പ്രതീക്ഷയിലാണ്. ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സ്ത്രീകൾക്കായി എന്തെല്ലാം പദ്ധതികൾ പ്രതീക്ഷിക്കാം ?

പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെട്ടു. ആ കുട്ടിക്ക് കിടക്കാൻ അടച്ചുറപ്പുള്ള വീട് ഇല്ലായിരുന്നു. അതുപോലെ നിരവധി പെൺകുട്ടികൾ ഉണ്ട്. അത് കണ്ടത്തേണ്ടതുണ്ട്.
നമ്മുടെ ഗവൺമെന്റ് ഇരിക്കെ ഇഎംഎസ് ഭവന പദ്ധതിയിലൂടെ നിരവധി പേർക്കാണ് വീട് വെച്ചു നൽകിയത്. അത് കേവലമായൊരു രാഷ്ട്രീയമല്ല. ജനങ്ങളോടൊപ്പം നിന്ന് രാഷ്ട്രീയമോ പാർട്ടിയൊ നോക്കാതെ വീടില്ലാത്തവർക്ക് വീട് നൽകുക എന്നതാണ്. അത് ഒരു നയമാണ്. കേരളത്തിലാദ്യമായി സ്ത്രീ സൗഹൃദ കേന്ദ്രം പദ്ധതി എടുത്ത് സ്ത്രീകളോടൊപ്പം നിന്നിട്ടുള്ളതും ആലപ്പുഴ പഞ്ചായത്താണ്. ഇതെല്ലാം വിലയിരുത്തപ്പെടും.

കോടിക്കണക്കിന് രൂപയുടെ റോഡുകൾ, പാലങ്ങൾ, അത്യാധുനിക സ്വകര്യമുള്ള സ്‌കൂളുകൾ, സ്‌കൂൾ ബസ്സുകൾ, സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, സ്മാർട് കിച്ചൺ, ബട്‌സ് സ്‌കൂളുകൾ, ബട്‌സ് സ്‌കൂളുകൾക്ക് വാഹനങ്ങൾ, എച്.ഐ.വി. ബാധിതർക്ക് പോഷകാഹാരം, ക്ഷയ രോഗികൾക്ക് പോഷകാഹാരം അങ്ങനെ ഞങ്ങൾ എത്തിപ്പെടാത്ത മേഖലകളില്ല ജില്ലാ പഞ്ചായത്തിൽ.

കായംകുളത്തുകാർ ഈ ആറ് പഞ്ചായത്തിലെ പ്രവർത്തനങ്ങൾ ആയിരിക്കും തരംതിരിച്ച് വിലയിരുത്തുക. അപ്പോഴും ഈ അവകാശം ഉണ്ടാകുമോ ?

തീർച്ചയായും. 73 പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിന്റെ വികസനം എത്തി. 23 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്ത്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ ആറ് പഞ്ചായത്തിലും ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിന്റേതായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അവിടെ ഞങ്ങൾ രാഷ്ട്രീയം നോക്കിയിട്ടില്ല. ഏതെങ്കിലും ഒരു ജില്ലാ പഞ്ചായത്ത് അംഗം പ്രതിപക്ഷത്തേ താണെന്നു കരുതി വികസനം കൊണ്ടുവരാതിരുന്നിട്ടില്ല. എല്ലാവർക്കും തുല്യ നീതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് ശ്രമിച്ചിട്ടുണ്ട്.

അപകട മരണങ്ങൽ കേരളത്തിൽ ഇപ്പോൾ സ്വാഭാവികമാണ്. അപകടം സംഭവിച്ചവരുടെ കുടുംബത്തിന് കരകേറാൻ പിന്നീട് പ്രയാസമാണ്. അപകടത്തിൽപെട്ട് മരിക്കുന്നവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ നിയോഗം എന്ന പദ്ധതി നടപ്പിലാക്കി. കേരളത്തിലാദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവർത്തനം പ്രകൃതിക്കും മനുഷ്യനും അടുത്ത തലമുറയ്ക്കും വേണ്ടി ഉള്ളതായിരുന്നു. തീർച്ചയായും അത് വിലയിരുത്തപ്പെടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here