24
Oct 2021
Sunday
Covid Updates

  രണ്ടരക്കൊല്ലം മുമ്പ് നരേന്ദ്രമോഡി മുന്നോട്ട് വച്ച മുദ്രാവാക്യത്തിന്റെ മലയാള പരിഭാഷയാണ് ഇത്തവണ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നത്: വി.ടി ബല്‍റാം

  എന്താണ് പ്രചാരണത്തിന്റെ മോഡല്‍ ?
  യുഡിഎഫ് ഇത്തവണ തൃത്താലയില്‍ വലിയ വിജയപ്രതീക്ഷയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. തൃത്താലയിലേയും അതുപോലെ സംസ്ഥാനത്തേയും ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യമുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഞങ്ങളുടെ പ്രചാരണം മുന്നോട്ട് പോകുന്നത്. ഇവിടുത്തെ ജനപ്രതിനിധി എന്ന നിലയില്‍ ഈ മണ്ഡലത്തിലെ ഓരോ വീട്ടിലും എപ്പോള്‍ വേണമെങ്കിലും കടന്ന് ചെല്ലാനും ആശയവിനിമയം നടത്താനുമുള്ള സ്വാതന്ത്ര്യം എനിയ്ക്ക് ഉണ്ട്. ഒരു കുടുംബാംഗം ആയി തന്നെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഉറച്ച വിശ്വാസം.

  സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയത്തിനാണോ പ്രാദേശികതലത്തിലുള്ള രാഷ്ട്രീയത്തിനാണോ പ്രചാരണത്തില്‍ കൂടുതല്‍ പരിഗണന പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുക?
  തൃത്താല വളരെ രാഷ്ട്രീയ പ്രബുദ്ധമായിട്ടുള്ള ഒരു നാടാണ്. അത് കൊണ്ട് തന്നെ ദേശീയ തലത്തിലേയും സംസ്ഥാന തലത്തിലേയും വിഷയങ്ങളും അതോടൊപ്പം തൃത്താലയിലെ പ്രാദേശിക പ്രശ്നങ്ങളും ഒരേപോലെ ചര്‍ച്ചാവിഷയമായി മാറും എന്ന് സംശയലേശമന്യേ പറയാന്‍ സാധിക്കും. വ്യത്യസ്തമായ ഒരു അനുഭവം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തൃത്താലയില്‍ ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. നിഷ്പക്ഷമതികളായ ജനങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്യും. ഒരു ജനപ്രതിനിധിയുടെ മുഴുവന്‍ സമയ സാന്നിധ്യം ഈ നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ആദ്യമായി ലഭിച്ചത് ഈ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലാണ്. സത്യത്തില്‍ എം.എല്‍എ. ഓഫീസ് എന്ന സംവിധാനം തന്നെ തൃത്താലയില്‍ ഉണ്ടായത് ഈ അഞ്ച് വര്‍ഷങ്ങളില്‍ മാത്രമാണ്.

  എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി എന്ന് എനിക്ക് പറയാനാവില്ല. കാരണം 20 വര്‍ഷത്തെ പോരായ്മകള്‍ നികത്തിക്കൊണ്ടാണ് ഞങ്ങള്‍ മുന്നോട്ട് പോയത്.അതിന്റെ ഒരു തുടര്‍ച്ച വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇത് തന്നെയാണ് എനിയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രധാന ഘടകവും.

  ധൈര്യപൂര്‍വ്വം ഒരു താരതമ്യത്തിന് ഞങ്ങള്‍ മുന്നോട്ട് വരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷവും അതിന് മുമ്പത്തെ ഇരുപത് വര്‍ഷവും തമ്മിലാണ് താരതമ്യം ചെയ്യേണ്ടത്. ഈ നാട് ആഗ്രഹിച്ച വികസനങ്ങള്‍ ലഭിച്ചത് ഈ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലാണ്.
  യുഡിഎഫ് എന്ന് സംവിധാനത്തിനെതിരെ അഴിമതി അടക്കമുള്ള നിരവധി ആക്രമണങ്ങള്‍ എപ്പോഴുമുണ്ട്. ഇതെ സംബന്ധിച്ചുള്ള ജനങ്ങളുടെ ചോദ്യങ്ങളെ എങ്ങനെയാണ് ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ താങ്കള്‍ മറികടക്കുക?
  അഴിമതിയെ ഒരിക്കലും ഞാന്‍ ന്യായീകരിച്ചിട്ടില്ല. എനിക്കെതിരെ ഒരു അഴിമതി ആരോപണം ഉണ്ടാകാനുള്ള അവസരവും ഞാന്‍ ഇത് വരെ ഉണ്ടാക്കിയിട്ടില്ല.

  എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നതാണ് എല്‍ഡിഎഫിന്റെ മുദ്രാവാക്യം. സമീപകാലത്ത് വന്ന ഏറ്റവും അരാഷ്ട്രീയമായ മുദ്രാവാക്യമാണ് ഇത്. രണ്ടരകൊല്ലം മുമ്പ് നരേന്ദ്രമോഡി ദേശീയതലത്തില്‍ ഉപയോഗിച്ച മുദ്രാവാക്യത്തിന്റെ മലയാളം പരിഭാഷയാണ് സിപിഎം ഇപ്പോള്‍ ഉപയോഗിക്കുന്നത്. എല്‍.ഡി എഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് പറയുന്ന ഇടത് പക്ഷം എങ്ങനെയാണ് അഴിമതി അടക്കമുള്ള കാര്യങ്ങളില്‍ ഒരു ബദ്ല‍ സൃഷ്ടിക്കുക എന്നതിന്റെ ഒരു കൃത്യമായ വിശദീകരണം ഇത് വരെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിട്ടില്ല.

  സാന്റിയഗോ മാര്‍ട്ടിനെ പോലുള്ളവരുടെ അധികാര വലയത്തില്‍ കുടുങ്ങിയ ഒരു ഭരണമാണ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ഇടത് കാഴ്ചവച്ചത്. ലോട്ടറിയില്‍ നിന്ന് കേവലം 550 കോടിരൂപയാണ് അക്കാലത്ത് കേരളത്തിന് ലഭിച്ചത്. ഇന്ന് ഏതാണ്ട് 6800 കോടി രൂപയാണ് അതേ ലോട്ടറിയില്‍ നിന്ന് ഓരോ വര്‍ഷം കേരളം നേടുന്നത്. ലോട്ടറി മാഫിയകളുമായി ചേര്‍ന്ന് ഇടത് പക്ഷം ചെയ്ത ഈ ലോട്ടറി കച്ചവടമാണ് കേരളം കണ്ട് ഏറ്റവും വലിയ ആസൂത്രിത അഴിമതി. ആ ഭരണം തിരിച്ചു വരിക എന്നതാണോ എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്.
  ഭൂമി ഇടപാടുകളുമായി സംബന്ധിച്ച് ചില അഭിപ്രയവ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ അത് കറക്റ്റ് ചെയ്യാനുള്ള ഒരു മെക്കാനിസം കോണ്‍ഗ്രസിന് അകത്ത് തന്നെ ഉണ്ടായിട്ടുണ്ട്.

  അഴിമതി ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. അത് ഒരാള്‍ വിചാരിച്ചാള്‍ ഒറ്റ രാത്രികൊണ്ട് മാറ്റാനും പറ്റില്ല.ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന് അക്കാര്യത്തില്‍ ദുരഭിമാനം ഇല്ല. തെറ്റ് ചൂണ്ടിക്കാണിക്കാനും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താനുമുള്ള സന്നദ്ധത കോണ്‍ഗ്രസിനകത്തുണ്ട്. എല്‍.ഡിഎഫ് ഒരിക്കലും ഇങ്ങനെ ഒരു തെറ്റുതിരുത്തലിന് ഒരു കാലത്തും തയ്യാറായിട്ടില്ല.

  അഴിമതിയ്ക്ക് ഇട നല്‍കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക, ഇനി ഉണ്ടായാല്‍ അത് തിരുത്തുക എന്നതാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഇത്തരത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോട് കൂടിയുളള അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളും മുന്നേറ്റവുമാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
  ആദ്യകാലത്ത് താങ്കള്‍ മുന്നോട്ട വച്ചത് ഹരിത രാഷ്ട്രീയം എന്ന കണ്‍സപ്റ്റായിരുന്നു. ഇപ്പോള്‍ അതില്‍ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ?
  അങ്ങനെ ഒരു സംശയത്തിന് സാധുതയില്ല. തൃത്താല നിയോജക മണ്ഡലത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഞാന്‍ ഇവിടെ എം.എല്‍.എ യായി വരുന്ന അവസരത്തില്‍ ദിവസവും നൂറും നൂറ്റമ്പതും ലോഡ് മണലാണ് അനധികൃതമായി കടത്തിയിരുന്നത്. അത്തരം മണല്‍ മാഫിയകളെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് ഒരു ജനാധിപത്യ സംവിധാനമാണ് എന്നതിന്റെ സാധ്യതയെ ഞാന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ക്രിയാത്മകമായി ഉപയോഗിച്ചതിന്റെ ഫലമായാണ് ഇതിന് സാധിച്ചത്. ജനപ്രതിനിധികളെ മാഫിയകള്‍ സ്വാധീനിക്കുക എന്നത് സ്വാഭാവികമായും നടക്കുന്ന കാര്യങ്ങളാണ്. ഈ രാജ്യത്ത് ആര് ഭരിച്ചാലും ഇത് പോലുള്ള ഇടപെടലുകള്‍ ഉണ്ടാകും. അത്തരം ശ്രമങ്ങളില്‍ ഒരു കറക്റ്റീവ് ഫോഴ്സ് ആയി പ്രവര്‍ത്തിക്കുക എന്നതാണ് എന്നെ പോലുള്ള പുതിയ തലമുറയിലെ ജനപ്രതിനിധികളുടെ ചുമതല.
  ഇനിയും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ എന്തിനൊക്കെയാണ് മുന്‍തൂക്കം നല്‍കുക?
  വെള്ളിയാങ്കലിലെ ടൂറിസം പദ്ധതി രണ്ട് കോടി ഉപയോഗിച്ച് വിപുലീകരിച്ചു. അവിടെ മ്യൂസിയം നിര്‍മ്മിക്കുക എന്നതിന് ഒരു പ്രത്യേക പരിഗണന നല്‍കും. തൃത്താലയിലെ നെല്‍കര്‍ഷകര്‍ പതിറ്റാണ്ടുകള്‍ കാത്തിരുന്നാണ് കൂട്ടക്കടവ് റഗുലേറ്ററിന് അംഗീകാരം ലഭിച്ചത്. 2017ഓടെ ഇത് പൂര്‍ത്തിയാകും. 2000 ഹെക്ടര്‍ സ്ഥലത്തേയക്ക് ജലസേചനം നടത്താന്‍ കഴിയും. കോളേജ് അനുവദിച്ച് കിട്ടി, മാത്രമല്ല ഇവിടുത്തെ പല സ്ക്കൂളുകളിലും കെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുകയാണ്. ഇതൊക്കെ പൂര്‍ത്തിയാക്കുന്നതിനാണ് ഇനി ഒരു അവസരം ലഭിക്കുകയാണെങ്കില്‍ മുന്‍തൂക്കം നല്‍കുക.

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top