ഗജ്‌നി ഇവിടെ ഉണ്ട്

സൂര്യ തകർത്തഭിനയിച്ച ഗജ്‌നി എന്ന സിനിമ ഏറെ ഹിറ്റുകൾ വാരിക്കൂട്ടിയ ഒരു ചിത്രമായിരുന്നു. തലക്കേറ്റ ശക്തമായ ആഘാതം മൂലം അഞ്ച് മിനിറ്റ് മാത്രം ഓർമ്മശക്തി നിൽക്കുന്ന സഞ്ജയ് രാമാസ്വാമിയുടെ അവസ്ഥ കണ്ടപ്പോൾ നാമെല്ലാം ഉള്ളിൽ പ്രാർത്ഥിച്ചിട്ടുണ്ട് ഈ അവസ്ഥ ആർക്കും ഉണ്ടാവല്ലേയെന്ന്. അത്രയ്ക്ക് ഭീകരമാണ് ഓർമ്മശേഷി ഇല്ലാതെ ഈ ഭൂമുഖത്ത് ജീവിക്കേണ്ടി വരുന്ന അവസ്ഥ.
ഇത് ഷെൻ ഹോങ്‌സി. ഗജനി സിനിമയിൽ നാം കണ്ട് മറന്ന സഞ്ജയ് രാമസ്വാമിയെ പോലെ ഷോർട്ട് ടേം മെമറി ലോസ് രോഗി. പതിനേഴ് വയസ്സുണ്ടായിരുന്നപ്പോൾ സംഭവിച്ച ഒരു കാർ അപകടത്തിലാണ് ഹോങ്‌സിയുടെ ഓർമ്മശേഷി നഷ്ടപ്പെട്ടത്. തലച്ചോറിനേറ്റ ഗുരുതരമായ പരിക്ക് ഹോങ്‌സിയുടെ ഓർമ്മശേഷിയെ കാര്യമായി ബാധിച്ചു. അപകടത്തിന് ശേഷം പത്ത് മിനിറ്റിൽ കൂടുതൽ ഹോങ്‌സിക്ക് ഒന്നും ഓർത്തുവെക്കാൻ കഴിയില്ല.
പ്ലാസ്റ്റിക്ക് ബോട്ടിൽ വിറ്റാണ് ഹോങ്‌സിയും അമ്മയും കഴിയുന്നത്. കാര്യങ്ങൾ ഓർത്തെടുക്കാൻ ഹോങ്‌സിയും സഞ്ജയ്‌നെ പോലെ ഒരു കറുത്ത ഡയറി കൂടെ കരുതാറുണ്ട്. കാണുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങൾ, പ്ലാസ്റ്റിക്ക് കുപ്പികൾ വിറ്റു കിട്ടുന്ന കണക്കുകൾ, കാണുന്ന കാഴ്ച്ചകൾ എന്ന് വേണ്ട എല്ലാം ഹോങ്‌സി ഇതിൽ കുറിച്ചിടും. തനിക്ക് മാത്രം മനസ്സിലാവുന്ന ഒരു ഫൊണറ്റിക് ലിപി ഉപയോഗിച്ചാണ് ഹോങ്‌സി വിവരങ്ങൾ ഡയറിയിൽ കുറിച്ചിടുന്നത്. എട്ട് വർഷം മുമ്പ് നടന്ന അപകടത്തിൽ നിന്നും ശരീരം സുഖപ്പെട്ടിട്ടും, ഹോങ്‌സിയുടെ ഓർമ്മ ഇന്നും ആ പതിനേഴ് വയസ്സ് കാരനിൽ തന്നെയാണ്.
എന്നും രാവിലെ ഹോങ്‌സി എഴുനേൽക്കുമ്പോൾ അമ്മ ഹോങ്‌സിയുടെ ഡയറി അവന് നൽകും. അപകടം നടന്നതിന് ശേഷമുള്ള തന്റെ ജീവിതത്തെ ഹോങ്‌സി അങ്ങനെയാണ് അറിയുന്നത്. തന്റെ കാലശേഷം മകന് ആരുണ്ടെന്ന ആവലാതിയാണ് ഈ അമ്മയ്ക്ക്. ഓർമ്മശക്തി ഇല്ലത്തത് കൊണ്ട് തന്നെ ഹോങ്‌സിക്ക് പഠനം ഒരു വിദൂര സ്വപ്‌നം മാത്രമാണ്. എന്നിരുന്നാലും പ്രതിസന്ധികളിൽ തളരാതെ ഹോങ്‌സി ഇന്നും ജീവിക്കുന്നു. ചെറിയ പ്രശ്‌നങ്ങൾ വരുമ്പോൾ തളർന്നു പോകുന്നവർക്ക് ഹോങ്‌സി ഒരു പ്രചോദനമാകട്ടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here