Advertisement

ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം- മുഹമ്മദലി ക്ലേ

June 4, 2016
Google News 0 minutes Read

കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ എന്ന മുഹമ്മദലി ക്ലേ, വർണ വിവേചനത്തിൽ മുറിവേറ്റ മനസ്സുമായാണ് ലോകം കീഴടക്കാനിറങ്ങിയത്. ക്ലേയുടെ കുട്ടിക്കാലം വർണ വിവേചനത്തിന്റെ കടുത്ത വെല്ലുവിളി നിറഞ്ഞതായിരുന്നു. തൊലിയുടെ നിറം നോക്കി കറുത്തവർക്കും വെളുത്തവർക്കും വെവ്വേറെ ഹോട്ടലുകൾ, പാർക്കുകൾ, പള്ളികൾ തുടങ്ങി എല്ലാ മേഖലകളിലും വിവേചനം നിലനിന്നിരുന്ന കാലം. എല്ലായിടത്തും വെള്ളക്കാർക്ക് മാത്രം എന്ന് നിരത്തി വെച്ചിരുന്ന ബോർഡുകൾ. ക്ലേയുടെ ജീവിതത്തെ കരുപിടിപ്പിക്കുന്നതിലും ബോക്‌സിങ് റിങ്ങിൽ ശത്രുവിനെ ആക്രമിക്കുന്നതിലും ആവേശവും വീര്യവുമാകുന്നത് ഈ ജീവിത സാഹചര്യങ്ങളായിരുന്നു. അമേരിക്കയിലെ കെന്റുക്കിയിലുള്ള ലുയിസ് വില്ലിയിൽ 1942 ജനുവരി 17 ന് ജനിച്ച കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.

1954 ൽ കൊളംബിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ലുയിസ് വില്ലി ഹോം ഷോ കാണാൻ പുറപ്പെട്ടതാണ് ക്ലേയുടെ ജീവിതം മാറ്റി എഴുതിയത്. പ്രദർശന ഹാളിൽ കറങ്ങി നടന്നു പുറത്തെത്തിയപ്പോൾ ക്ലേയുടെ സൈക്കിൾ കാണാനില്ല. ഒരു പോലീസുകാരനായ ജോ മാർട്ടിൻ അവിടെ അടുത്തുള്ള ജിംനേഷ്യത്തിൽ ബോക്‌സിംഗ് പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ക്ലേ പരാതിയുമായി മാർട്ടിന്റെ അടുത്തെത്തി. ക്ലേയുടെ കാണാതെ പോയ സൈക്കിൾ മാർട്ടിന് ഒരിക്കലും കണ്ടു പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ജിംനേഷ്യത്തിൽ ചേർന്ന് ബോക്‌സിംഗ് പരിശീലിക്കാൻ മാർട്ടിൻ ക്ലേയെ പ്രേരിപ്പിച്ചു. ക്ലേ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

പരിശീലനം തുടങ്ങിയ ക്ലേ താമസിയാതെ തന്റെ ലോകം ബോക്‌സിങ്ങിൽ ആണെന്ന് തിരിച്ചറിഞ്ഞു. പരിശീലനം ആരംഭിച്ച് ആറാഴ്ച പിന്നിട്ടപ്പോൾ ക്ലേ ബോക്‌സിംഗ് റിങ്ങിൽ തന്റെ ആദ്യ ജയം നേടി. പിന്നീട് ബോക്‌സിങ്ങിന്റെ ബ്രാന്റ് ആയി മുഹമ്മദലി മാറി. ബോക്‌സിങ് എന്നാൽ മുഹമ്മദലി എന്നു എഴുതി വെച്ചു, ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം.

18 വയസ്സ് പൂർത്തിയാക്കിയപ്പോഴേക്കും അലി 108 അമേച്വർ ബോക്‌സിങ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. കെന്റക്കി ഗോൾഡൻ ഗ്ലൗസ് ടൂർണമെന്റ് കിരീടം ആറുതവണയും നാഷണൽ ഗോൾഡൻ ഗ്ലൗസ് ടൂർണമെന്റ് കിരീടം രണ്ടുതവണയും സ്വന്തമാക്കി. ബോക്‌സിങ് റിങ്ങിൽമാത്രമല്ല ക്ലേ തന്റെ വീര്യം തെളിയിച്ചത്. അമേരിക്ക വിയറ്റനാം യുദ്ധത്തിൽ വിയറ്റ്‌നാമിനൊപ്പം നിൽക്കുന്ന നിലപാടുകളെടുത്തും പരോക്ഷ വർണ വിവേചനങ്ങളെ എതിർത്തും അദ്ദേഹം വ്യത്യസ്ഥനായി.

അലിയുടേയും നടിയും മോഡലുമായ വെറോണികയുടേയും മകൾ ലൈല അലി പ്രശസ്തയായ ബോക്‌സർ ആണ്. പിതാവിന്റെ പാതയിലെത്തിയത് അലിയുടെ ഈ മകൾമാത്രമാണ്. സ്ത്രീകൾ ബോക്‌സിങ് റിങ്ങിൽ ഇറങ്ങുന്നതിനെ എതിർത്ത അലിയുടെ മകൾതന്നെ ബോക്‌സിങ് താരമായത് അക്കാലത്ത് ഏറെ ചർച്ചയായിരുന്നു. 1978 ൽ അലി പറഞ്ഞു സ്ത്രീകളുടെ ശരീരം ബോക്‌സിങ്ങ് റിങ്ങിൽ നിന്ന് ഇടി ഏറ്റുവാങ്ങാനുള്ളതല്ലെന്ന്. പിന്നീട് 1999 ൽ ലൈല ബോക്‌സിങ്ങിൽ എത്തി. 2014 ലോടെ ബോക്‌സിങ് റിങ്ങിൽ എതിരാളികളില്ലാത്ത ശക്തിയായി ലൈല മാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here