വളി ഒരു തെറ്റല്ല ; മനോരമയ്ക്കും ആകാം !

നാക്കുളുക്കലും അച്ചടിപ്പിശകും ആദ്യം ട്രോളും പിന്നെ ആ ട്രോൾ വാർത്തയും ആകുമ്പോൾ ഇതൊക്കെ ഏത് മനോരമയ്ക്കും പറ്റിപ്പോകുന്നതാണെന്ന് ആര് മറന്നാലും മനോരമ മറക്കരുത്. ഇ.പി. ജയരാജനെ ട്രോളുകൾ മുച്ചൂടും മൂടുമ്പോൾ കുറച്ചു ദിവസം മുൻപ് ‘വളി’ എന്ന് വാമൊഴിയും ‘അധോവായു’ എന്ന ശാസ്ത്രീയ പ്രയോഗവും ഉള്ള ഒരു മാനുഷിക ശബ്ദത്തെ അധികരിച്ച് മനോരമ നടത്തിയ ചർച്ചയുടെ ദൃശ്യം ഓർമയിൽ വന്നു. വെറും ‘വളി’ അല്ല; ‘തെരുവിലെ പോർ വളി !!!’ അതിന്റെ ചർച്ചയിൽ പങ്കെടുക്കാൻ ഡീൻ കുര്യാക്കോസ്, പി എം മനോജ് , ബി ജെ പിയുടെ പത്മകുമാര്‍ സർവ്വോപരി സാഹിത്യ – രാഷ്ട്രീയ രംഗത്തെ സാറ ടീച്ചറും ഉണ്ടായിരുന്നു.
തെരുവിൽ ആരോ ഉച്ചത്തിൽ വിട്ട ആ അധോവായു ഇത്രേം ആളുകളെ വിളിച്ചു വരുത്തി ചർച്ചയാക്കുകയും, ഇത്ര മേൽ പ്രകമ്പനം കൊള്ളിക്കുന്നതുമെങ്ങനെ എന്ന് ഒരു നിമിഷം ആരും അന്തിച്ചു പോകും. ഉദരരോഗങ്ങളുടെ ആക്രമണം യഥേഷ്ടമുള്ള മലയാളിയുടെ ശ്രദ്ധ ഇതിലേക്ക് തിരിയുകയും കാഴ്ചക്കാര്‍ മനോരമയ്ക്ക് മുന്നിൽ പ്രാർഥനയോടെ ഇരിക്കുകയും ചെയ്തു. കൂട്ടത്തിൽ വയ്യാതെ കിടന്ന അമ്മൂമ്മയെ പിടിച്ചു കൊണ്ടുവന്നിരുത്തിയ ഒരു ചങ്ങാതിയും ഉണ്ടായിരുന്നത്രെ ! സ്ക്രീനിന്റെ അടിയിലൂടെ പായുന്ന സ്ക്രോൾ എന്ന അക്ഷരക്കൂട്ടം വീണ്ടും വീണ്ടും അത് കാണിച്ചു കൊണ്ടേയിരുന്നു. ‘തെരുവിലെ പോർ വളി !!!’
ചർച്ച തുടങ്ങി … കൊലച്ചതി. മനോരമയുടെ കൊലച്ചതി അപ്പോഴാണ് മറ നീക്കി പുറത്തു വന്നത്. അത് അക്ഷരത്തെറ്റായിരുന്നുവത്രേ! സംഗതി ‘വിളി’ എന്നത് ‘വളി’ ആയതാണ്. ബി ജെ പി ക്കാർ ഡൽഹിയിൽ നടത്തിയ എ.കെ.ജി. സെന്റർ ആക്രമണം കരി ഓയിൽ പ്രയോഗം ഒക്കെയാണ് ചർച്ച . ‘തെരുവിലെ പോർ വളി !!!’ ലക്ഷക്കണക്കിന് വായൂ രോഗികളെ മനോരമ വഞ്ചിച്ച ആ അക്ഷരത്തെറ്റ് സത്യത്തിൽ തെറ്റായിരുന്നോ ? അതോ ആളെക്കൂട്ടാൻ മനോരമ നടത്തിയ നാടകമോ ?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here