Advertisement

കേരളം ചിലപ്പോ ചുവക്കുകേം വെളുക്കുകേം ചെയ്യും !  പക്ഷെ കോൺഗ്രസ്‌ പഴയ കോൺഗ്രസ്‌ തന്നെ !

June 6, 2016
Google News 0 minutes Read
അരവിന്ദ് വി 

ഇപ്പൊ തന്നെ ശരിയാക്കിക്കളയും എന്ന് കരുതി നെയ്യാർഡാമിൽ കൂടിയ കെപിസിസി ദ്വിദിന വിശകലന കാമ്പ് എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കി പിരിഞ്ഞു. തെരഞ്ഞെടുപ്പിലെ പരാജയം ആയിരുന്നു വിശകലന വിഷയം. ആരാണ് തോൽപ്പിച്ചത് എന്നതിന്റെ ഒരു താത്വിക അവലോകനം !

” അല്ല … ത്രിമൂർത്തികളെ , പറഞ്ഞാട്ടെ നമ്മളെങ്ങനെ തോറ്റു ? അത് മനസിലാകുന്ന ഭാഷയിൽ പറഞ്ഞാലും !” ഏറണാകുളം ജില്ലയിൽ നിന്നുള്ള ഒരു യുവ നേതാവ് പരിഹസിച്ചു. ഉമ്മൻ ചാണ്ടി , സുധീരൻ , രമേശ്‌ ചെന്നിത്തല എന്നിവരെയാണ് ഈ ത്രിമൂർത്തികൾ എന്നത് കൊണ്ട് യുവരക്തം ഉദ്ദേശിച്ചത് .

“പ്രസിഡണ്ട്‌ ജാഥ നടത്തിയത് സ്ഥാനാർഥികളാവാൻ സാധ്യത ഉള്ളവരെ നേരത്തെ കൂട്ടി മനസിലാക്കി അവരെ തേജോവധം ചെയ്തു നാറ്റിക്കാൻ ലക്ഷ്യമിട്ട് ആയിരുന്നു. “ ഒരു ബന്നി ബഹന്നാൻ ഭക്തൻ രംഗത്ത് രൗദ്ര വേഷത്തിൽ ആടി.

ജയിച്ചവരും കയ്യിലിരുപ്പ് കൊണ്ട് തോറ്റവരും കമാന്ന് മിണ്ടാതെ ചായയും ബിസ്കറ്റും ഇടയ്ക്കിടെ കുടിച്ചും , ഉച്ചയ്ക്ക് മീൻ പൊരിച്ചതും കൂട്ടി ഊണും കഴിച്ച് ശേഷം കഴിച്ചു കൂട്ടി. സീറ്റ് കിട്ടാത്തവരും കാറ്റിലാടി പരാജയം ഏറ്റവരും അട്ടിമറികൾക്ക് വിധേയരായവരും സുധീരനെയും രമേശിനെയും ഉമ്മൻ ചാണ്ടിയെയും എണ്ണയിൽ നിർത്തിപ്പൊരിച്ചു !

വൻ പരാജയം ഏറ്റുവാങ്ങിയ കെ ബാബു , കെ സുധാകരൻ എന്നിവരുടെ ആക്രമണം ആണ് ഏറ്റവും കടുത്തത്‌. സുധീരനെതിരെ കെ.ബാബു കടുത്ത ആക്രമണമാണ് നടത്തിയത്. ആദർശം പറഞ്ഞാൽ പാർട്ടിയുണ്ടാകില്ല. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി ഒഴിഞ്ഞു. പാർട്ടിക്കും തോൽവിയുടെ ധാർമിക ഉത്തരവാദിത്തമുണ്ട്. പാർട്ടിക്കുവേണ്ടാത്തവനാണ് താനെന്ന തോന്നലുണ്ടാക്കി. മദ്യലോബിയുടെ ആളായി ചിത്രീകരിച്ച് കളങ്കിതനാക്കി തോൽപ്പിച്ചെന്നും ബാബു പറഞ്ഞു. തോൽവിയുടെ മുഖ്യ ഉത്തരവാദിത്വം സുധീരനാണെന്നും ഇരു ഗ്രൂപ്പുകളും ആരോപിച്ചു. ചിലർ ഉമ്മൻ ചാണ്ടിയെയും , ചെന്നിത്തലയെയും പറഞ്ഞു. ഒടുവിൽ അത് തന്നെ സംഭവിച്ചു. അവരങ്ങ് ഒറ്റക്കെട്ടായി.

മാധ്യമ പ്രവർത്തകരെ നെയ്യാർഡാമിലേക്ക് വാഹനം അയച്ച് വരുത്തി. സംഗതി പഴയ കോൺഗ്രസ്‌ തന്നെയെന്നു ഡാമിലെ കാമ്പിൽ എത്തിയ ഉടനെ തന്നെ മാധ്യമ പ്രവർത്തകർക്ക് മനസിലായി. ത്രിമൂർത്തികൾ കെട്ടിപ്പിടിച്ചു നിന്ന് മാധ്യമങ്ങളെ സ്വീകരിച്ചു. “കണ്ടു പിടിച്ചോ ? ആരാ തോൽപ്പിച്ചത് ? അധ്യക്ഷൻ മാറുമോ ? പുതിയ പ്രസിഡണ്ട്‌ ആരാ ? പുന:സംഘടന ഉണ്ടോ?” പത്രക്കാരുടെ മനസ്സിൽ പൊട്ടുന്ന ചോദ്യ ലഡു മുൻകൂട്ടി കണ്ട വി ഡി സതീശനും , എം എം ഹസ്സനും , കെ മുരളീധരനും നടക്കാൻ പോകുന്ന പത്ര സമ്മേളനത്തിലെ കാര്യങ്ങൾ ആലോചിച്ചാലോചിച്ച് അമർത്തിച്ചിരിച്ചു. പിന്നെ പൊട്ടി ചിരിച്ചു. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകരല്ലെ… ഹും… പറയാൻ പോകുന്ന കാര്യങ്ങളൊക്കെ പലരും എഴുതി ഡെസ്കിൽ കൊടുത്തിട്ടാ വന്നത്. “ഡാമിൽ വന്നിട്ട് ഒരു പാട് കാലമായതു കൊണ്ടാ വന്നത് സതീശാ … അധികം ചിരിക്കണ്ട ! ഒറ്റക്കെട്ട് , തെറ്റ് തിരുത്തും, മുന്നോട്ടു പോകും , ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും, പൈശാചികമായി തന്നെ കുറ്റക്കാർക്കെതിരെ നടപടി എടുക്കും, വിമർശനം ഉൾക്കൊള്ളും… ഇതൊക്കെ ചേർത്തൊരു പ്രസംഗ കലാപരിപാടിയല്ലേ നടക്കാൻ പോകുന്നത്?” മുതിർന്ന ഒരു പത്രപ്രവർത്തകൻ പറഞ്ഞപ്പോൾ കെ. പി. സി. സി.കൾ വാ പൊളിച്ചു. “ചേട്ടാ ടി വി വച്ചു നോക്ക് , ഇവിടത്തെ തീരുമാനങ്ങൾ വാർത്ത ആയിക്കഴിഞ്ഞു.”

തുടർന്ന് നടന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അവർകളുടെ വാർത്താ സമ്മേളനം ഇപ്രകാരം ആയിരുന്നു

പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് വി.എം. സുധീരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. മദ്യനയത്തിൽ പാർട്ടിയുടെ നിലപാടിൽ പുനഃപരിശോധനയില്ല. വമ്പൻ കമ്മിറ്റികൾ വേണമെന്നും നിർദേശമുണ്ട്. ഇക്കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും. വിമർശനങ്ങൾ സ്വാഭാവികമാണെന്നും ഉൾക്കൊള്ളുമെന്നും സുധീരൻ പറഞ്ഞു. ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടിയെ ശക്തിപ്പെടുത്തും. ബൂത്തുതലം മുതൽ കെപിസിസി വരെ പുനഃക്രമീകരണം നടത്തും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് നയരേഖ തയാറാക്കും. ഇതിനായി വി.ഡി. സതീശൻ കൺവീനറായ ഉപസമിതിയെ നിയോഗിച്ചെന്നും സുധീരൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാനും സമിതികൾ രൂപീകരിച്ചു. നാല് മേഖലകളിലെ സമിതികൾ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.

“കേരളം പഴയ കേരളം ആയിരിക്കില്ല ! ചിലപ്പോ ചുവക്കുകേം വെളുക്കുകേം ചെയ്തേക്കാം… പക്ഷെ കോൺഗ്രസ്‌ പഴയ കോൺഗ്രസ്‌ തന്നെ ! “ സിനിമ കമ്പക്കാരനായ ഭാരവാഹി ആത്മഗതം പോലെ എല്ലാവരും കേൾക്കേ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here