Advertisement

ഇതെന്തൊരു വാശിയാ എമ്മാനെ ?

June 8, 2016
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അരവിന്ദ് വി

അധികാരം യഥേഷ്ടം ഉള്ളപ്പോഴും കോടതിയുമായി ഉരസലിന് നിൽക്കാതെ സ്കൂൾ പൂട്ടി കുട്ടികളെ കലക്ടറെറ്റിലേക്ക് മാറ്റിയ സർക്കാരല്ലേ ഇപ്പോൾ യഥാർഥ ഹീറോ ? അതല്ലേ ഹീറോയിസം ?

ദൈവത്തിൻറെ സന്നിധിയേക്കാള്‍ കോടതികളെ വിശ്വസിക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. കോടതി വിധികളെ ദൈവ വചനമായിട്ടല്ല ; അതിനേക്കാൾ ഉയരത്തിൽ പ്രതിഷ്ഠിച്ച് പ്രവർത്തിക്കുന്നവരുടെ നാടാണ് കേരളം. പഞ്ചായത്ത് സഭകളുടെ രൂപത്തിൽ ഗുണ്ടകളും നാട്ടുരാജാക്കന്മാരും നിയമത്തെയും രാജ്യത്തിന്റെ നിയമ വ്യവസ്ഥകളെയും വെല്ലുവിളിക്കുന്ന ബീഹാറിലെയും , ഉത്തർ പ്രദേശിലെയും ഒക്കെ ന്യായധിപന്മാർക്കു കിട്ടുന്ന വില(?)യല്ല ഇവിടെ കേരളത്തിൽ അവർക്ക് കിട്ടുന്നത്. നവാബ് രാജേന്ദ്രനെ പോലെ കോടതിയെ മാത്രം ആയുധമാക്കി പോരാട്ടങ്ങൾ നടത്തിയവരൊക്കെ ചെറുതല്ലാത്ത ചലനങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്. വി എസ് അക്കൂട്ടത്തിൽ ഒടുവിലായി നമുക്ക് മുന്നിൽ ഉദാഹരണമാണ്. ആദരവും ബഹുമാനവും സ്നേഹവും വിശ്വാസവും അവശേഷിക്കുന്ന മനസ്സോടെ ചോദിക്കട്ടെ … ഇതെന്തൊരു വാശിയാ ഈ മലാപറമ്പ് സ്കൂളിന്റെ കാര്യത്തിൽ ?

ആദ്യം വിധി നടപ്പാവട്ടെ ; എന്നിട്ടാവാം ഏറ്റെടുക്കലൊക്കെ ! കോടതിയുടെ ഇക്കാര്യത്തിലെ നിലപാടാണിത്. വിധിയ്ക്കു വേണ്ടി അഥവാ വിധിയുടെ വിധിയ്ക്ക് വേണ്ടിയുള്ള വാശി. തുലാസ്സിലാടുന്നത് കുറെ കുട്ടികൾ. എന്തിനാ ഇക്കാര്യത്തിൽ ഒരു വാശി ? പുതിയ സർക്കാർ മാറ്റം, അവരുടെ നയം , മന്ത്രിസഭാ യോഗം അതിനു വേണ്ടി ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കാൻ ക്ഷമയില്ലേ നാട്ടിലെ വലിയ നീതിപീഠത്തിന് ? നാട്ടിലെ നിയമങ്ങൾ നിർമ്മിക്കാൻ നിയമ സഭയിലേക്ക് തെരഞ്ഞെടുത്തവരുടെ ആലോചനകൾക്കും അവരുടെ നയങ്ങൾക്കും മുകളിലാണോ നീതിയുടെ കാവൽക്കാർ ? ആണെങ്കിൽ പോലും എത്ര ദിവസം ? നിയമസഭയിൽ നിയമം തിരുത്താൻ പോന്നവർക്ക് നല്കേണ്ട സാവകാശം കോടതിയുടെ ഔദാര്യം പോലുമല്ല.

ലെജിസ്ലേച്ചർ , എക്സിക്കുട്ടീവ് , ജുഡീഷറി എന്നീ മൂന്നു നെടുംതൂണുകൾ പരസ്പരം പുലർത്തുന്ന ഒരു മര്യാദ ഉണ്ട്. അധികാരത്തിന്റെ സ്വാതന്ത്ര്യം കൊണ്ട് പരസ്പരം സൃഷ്ടിച്ച മര്യാദയുടെ മതിൽ. സപ്പരേഷൻ ഓഫ് പവേഴ്സ് (separation of powers) എന്നത് നിയമം പഠിപ്പിക്കുന്ന ബാലപാഠം ആണ്. ഇന്ത്യയിൽ എന്നല്ല ലോകത്തെല്ലാം തന്നെ ഈ മതിലിനു വിള്ളൽ വീഴ്ത്താൻ നടത്തിയ ശ്രമങ്ങൾ നാടിന്റെ നന്മയായി ഭവിച്ചിട്ടില്ല. കൊച്ചിയിലെ ‘കൊതുകിനെ പിടിച്ചെ പറ്റൂ’ എന്ന പഴയ ഒരു കോടതി വിധിയോട് ‘പറ്റില്ല’ എന്ന മറുപടി പറഞ്ഞ മുൻസിപ്പൽ കമ്മീഷണറെ കോടതി അലക്ഷ്യത്തിന് ശിക്ഷിക്കുക പോയിട്ട് ഒന്ന് വിളിപ്പിക്കുക പോലും ചെയ്തില്ല. നിയമസഭ സ്പീക്കറും ഹൈക്കോടതിയും തമ്മിൽ നടന്ന തർക്കങ്ങൾ പ്രതിസന്ധി ഉണ്ടാക്കിയതല്ലാതെ എങ്ങുമെങ്ങും എത്തിയില്ല.

നിങ്ങളിതാരോടാ വാശി കാണിക്കുന്നത് ? തകർന്നു തരിപ്പണമായി നിൽക്കുന്ന നമ്മുടെ പൊതു വിദ്യാഭ്യാസത്തെ നോക്കി സഹതപിച്ചില്ലങ്കിലും പല്ലിളിച്ച് പരിഹസിക്കരുത്. ഒരു സാഹചര്യത്തിൽ അന്ന് യുക്തമെന്നു തോന്നി പേപ്പറിൽ എഴുതിയ വിധിയുടെ കാഠിന്യം 75 കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഒരു നാടിന്റെയും വികാരങ്ങളെക്കാൾ മുകളിലും തിരുത്തപ്പെടാൻ കഴിയാത്തതും ആയി മാറിയതെങ്ങനെ എന്ന് മനസാക്ഷിയെ എങ്കിലും ബോധ്യപ്പെടുത്തെണ്ടതല്ലേ ? സർക്കാർ നേരെ സ്കൂൾ ഏറ്റെടുത്തു ഉത്തരവും ഇറക്കി അധ്യയനവും ആരംഭിച്ചാൽ കോടതി എന്താവും ചെയ്യുക ? പോലീസ്സിനെ വിട്ട് കുട്ടികളെയും അധ്യാപകരെയും തല്ലിച്ചതച്ച് ഇറക്കി വിടാൻ ഉത്തരവിറക്കുമോ ? അതോ സ്കൂൾ ഇടിച്ചിടാൻ സ്വകാര്യ മാനേജർക്ക് അനുവാദവും സംരക്ഷണവും നൽകി ഉത്തരവാകുമോ ?

സിഗരറ്റ് വലിക്കു വിധി, ഹെല്‍മറ്റ് വിധി, യോഗ വിധി ,
പ്രകടന വിധി, റിസോര്‍ട്ട് വിധി, വഴി വെട്ടു വിധി, നോക്ക് കൂലി വിധി,
ആനയ്ക്ക് വിധി കാട്ടില്‍ കിടക്കുന്ന ചേനക്ക് വേറെ വിധി ,
പെന്‍ഷന്‍ വിധി , ശമ്പള വിധി, ബോണസ് വിധി,                                                         മരം വെട്ടാന്‍ വിധി ; വെട്ടാതിരിക്കാന്‍ വിധി ,
കാടിനൊരു വിധി റോഡിനൊരു വിധി ,
കോളേജിന് വിധി , തമ്മില്‍ തല്ലുന്ന പള്ളിക്ക് വിധി ,
കെട്ടി പൂട്ടി വച്ചിരുന്ന നിധി കൂടിനു വിധി … എല്ലാറ്റിനും ആവശ്യത്തിനു സാവകാശവും സമയവും.
എന്നിട്ട് അവസാനം …
75 കുട്ടികളും അവരുടെ മാതാപിതാക്കളും കൂടി നീതിയ്ക്ക് വേണ്ടി യാചിക്കുമ്പോൾ കല്ലേപ്പിളർക്കുന്ന കൽപ്പനയുടെ ഊറ്റത്തിന് വേണ്ടി മാത്രം പുതിയ സർക്കാരിന്റെ സ്കൂൾ ഏറ്റെടുക്കാം എന്ന ഏറ്റവും ഒടുവിലത്തെ തീരുമാനത്തിന് പോലും ചെവി കൊടുക്കാത്ത നീതി ഇനി ആർക്ക് വേണ്ടിയാണ് കരുതി വച്ചിരിക്കുന്നത് ?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement