കരുതി ഇരുന്നോളൂ… തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ വന്‍ നികുതി വേട്ട വരുന്നു

നികുതി അടക്കാത്ത വന്‍ സ്രാവുകളെ പിടിക്കാനും സംസ്ഥാനത്തെ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും കര്‍ശന നടപടികള്‍ നടപ്പാക്കാന്‍ സംസ്ഥാന ധനകാര്യ വകുപ്പ് ഒരുങ്ങുന്നു. ധനമന്ത്രി തോമസ് ഐസക്ക് തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്.
കേരളത്തിന് കഴിഞ്ഞ ഏപ്രില്‍ മെയ് മാസത്തില്‍ പിരിഞ്ഞ് കിട്ടിയ നികുതി വരുമാനം 12ശതമാനം മാത്രമാണ്. 18 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന നികുതി കഴിഞ്ഞ മൂന്ന് വര്‍ഷമായി 10-12 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് തോമസ് ഐസക്ക് പറയുന്നു. നികുതി പിരിവിലെ കാര്യക്ഷമത കുറഞ്ഞു. ഇതിന് കാരണം ഈ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകളും അഴിമതിയുമാണ്. ഈ അഴിമതിയുടെ ശൃംഖല മന്ത്രി ഓഫീസ് മുതല്‍ ഏറ്റവും താഴേത്തട്ടുവരെ നീണ്ടു. നല്ല ഉദ്യോഗസ്ഥരെല്ലാം നിഷ്ക്രിയരായി. തങ്ങള്‍ കൊടുക്കുന്ന റിട്ടേണുകള്‍ ആരും ഗൗരവമായി പരിശോധിക്കുന്നില്ലായെന്ന് വ്യാപാരികള്‍ തിരിച്ചറിഞ്ഞതോടെ സത്യസന്ധരായവര്‍ മണ്ടന്മാരുമായി.
നികുതിപിരിവ് 12 ശതമാനത്തില്‍ നിന്നും ഒറ്റയടിക്ക് 20 ശതമാനത്തിലേയ്ക്ക് ഉയര്‍ത്താനാവില്ല. എങ്കിലും വര്‍ഷം അവസാനിക്കുംമുമ്പ് ഈ ലക്ഷ്യത്തിലേയ്ക്ക് എത്താനായി ഒരു കാര്യപരിപാടിയും ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.. യുദ്ധകാലാടിസ്ഥാനത്തില്‍ ഇവിടുത്തെ പഴയ സെര്വ്വര് മാറ്റി സ്ഥാപിക്കുക, സോഫ്ട്വെയര് നവീകരിക്കുക, ചെറുമീനുകളെവിട്ട് വന്‍കിടക്കാരുടെ ഫയലുകള്‍ പരിശോധിക്കുക, റിക്കവറി നടപടികള്‍ ശക്തിപ്പെടുത്തുക എന്നിവയൊക്കെയാണ് ചില നീക്കങ്ങള്‍. അഴിമതിരഹിത വാളയാര്‍ ബഡ്ജറ്റിനുശേഷം പുനരാരംഭിക്കും. ഇത്തവണ വാളയാറില്‍ ഒതുങ്ങില്ല എന്നും അദ്ദേഹം പറയുന്നു. ഡിപ്പാര്‍ട്ട്മെന്റ് മുഴുവന്‍ ശുദ്ധീകരിക്കണം. ചില കള്ളന്മാരെ മാതൃകാപരമായി ശിക്ഷിച്ചുകൊണ്ടാവും ഇതിനുതുടക്കമെന്ന മുന്നറിയിപ്പും ഫെയ്സ് ബുക്കിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here