എചൂസ്സ്മീ കാക്ക തൂറീന്നാ തോന്നുന്നേ…എന്നാ മാറ്റി പുതിയതൊന്ന് വാങ്ങി !

ഒരു കാറിനു മുകളിൽ കാക്ക ഇരുന്നാൽ നമ്മളെന്തു ചെയ്യും ? എന്ത് ചെയ്യാൻ …? ഇനി കാറിൽ കാക്ക തൂറിയാലോ? വെള്ളമൊഴിച്ച് കഴുകും ! അല്ലാതെന്തു ചെയ്യാൻ ? പക്ഷെ സംഗതി മുഖ്യമന്ത്രിയുടെ കാറായാലോ? മാറ്റി പുതിയത് വാങ്ങും. ഒന്നിരുന്നു പോയി എന്ന കാക്കയുടെ തെറ്റിന് പോയത് പൊതു ജനങ്ങളുടെ പണം !
ഔദ്യോഗിക വാഹനത്തിനു മുകളിൽ കാക്ക വന്നിരുന്നത് ദുഃശ്ശകുനമായി കണ്ട് അത് ഉപേക്ഷിച്ച് പുതിയതൊന്ന് വാങ്ങിയത് കർണാടക മുഖ്യമന്ത്രിയാണ്. ഔദ്യോഗിക കാറിന്റെ മുകളിൽ കാക്ക വന്നിരുന്നത് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കകമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക വാഹനം മാറ്റിയത്. മുൻപ് ഉണ്ടായിരുന്ന ടൊയോട്ട ഫൊർച്യൂണർ ഇനം തന്നെയാണ് രണ്ടാമതും വാങ്ങിയിരിക്കുന്നത്.
എട്ടാം തീയതി ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ വെള്ള ഫോർച്യൂണറിന്റെ മുൻഭാഗത്ത് കാക്ക വന്നിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ശൂശൂ ആട്ടിയിട്ടും കല്ലെടുത്തോങ്ങിയിട്ടും കാക്ക അനങ്ങിയില്ല. എന്നാ പിന്നെ കണ്ടിട്ടേയുള്ളൂ എന്ന ഭാവത്തിൽ കാക്ക ഒന്ന് കൂടി ഇളകി അനങ്ങി ഇരിപ്പ് ഉറപ്പാക്കി. കാർ എടുത്തു അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു നോക്കി . രക്ഷയില്ല.
സംഗതി പ്രശ്നമായി. ചുറ്റിപ്പറ്റി നിന്ന മാധ്യമങ്ങൾ കാക്കയെങ്കിൽ കാക്ക എന്ന മട്ടിൽ വാർത്ത കാച്ചി എന്ന് പറയണ്ടല്ലോ? അന്തിക്ക് വിദഗ്ദ്ധ പാനലിസ്റ്റ്കൾ ചർച്ച ചെയ്തോ എന്നുറപ്പില്ല. എങ്കിലും തലക്കെട്ടുകളിലും പ്രൈം ടൈമിലും മുഖ്യമന്ത്രിയുടെ കാറിനു മുകളിൽ ഇരിപ്പുറപ്പിച്ച കാക്കയുടെ ക്ലോസപ്പും വൈഡും നിറഞ്ഞാടി. പത്തു മിനിട്ടിലകം നീണ്ട കാക്കയുടെ ചെയ്തികൾ മുഖ്യമന്ത്രിയും കണ്ടു. സംഗതി രൂക്ഷമായി. പണ്ടെങ്ങോ മുഖ്യമന്ത്രിയാകാൻ മോഹിച്ചിട്ട് നടക്കാതെ പരലോകം പൂകിയ ഏതോ കടുത്ത രാഷ്ട്രീയ ആത്മാവാണ് കാക്കയെന്നു മുഖ്യന് തോന്നി. സംഗതി അശുഭ ലക്ഷണമാണെന്ന് ആസ്ഥാന ജ്യോത്സ്യശിരോമണികൾ വിധി എഴുതി. സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി സ്ഥാനം പോകാനിരിക്കുന്നതിൻറെ ലക്ഷണങ്ങളാണ് കാക്ക സാന്നിദ്ധ്യമെന്നു വരെ മാധ്യമങ്ങളിൽ ചർച്ച നടത്തിയവർ കണ്ടെത്തി.
അന്ധവിശ്വാസ നിരോധന ബിൽ കൊണ്ട് വരുമെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് സംഗതി കത്തി പടർന്നു. ‘അന്ധവിശ്വാസ നിരോധന ബിൽ മുഖ്യമന്ത്രി’ ഇതിനെ പുറമേ പുശ്ചിച്ചു തള്ളി. പക്ഷെ അകമേ വിര കൊണ്ടു. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം വാഹനം മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. പഴയ കാറിന് കേടുപാടുകൾ സംഭവിച്ച കാരണമാണ് പുതിയ വാഹനമെന്നാണ് വിശദീകരണം. പക്ഷെ സ്ഥാനചലനം പേടിച്ച് ജോത്സ്യൻമാരുടെ നിർദേശപ്രകാരമാണ് സിദ്ധരാമയ്യ വാഹനം മാറ്റിയതെന്ന സത്യം അന്തരീക്ഷത്തിൽ ബാങ്ങ് ബാങ്ങ് മുഴക്കി മുഴങ്ങുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here