ദളിത് യുവതികളെയും ഒന്നരവയസ്സുകാരിയായ കുട്ടിയെയും ജയിലിലടച്ച സംഭവം;സംസ്ഥാന പട്ടികജാതി- വര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തു.

കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ച് കടന്ന് പ്രവര്‍ത്തകനെ ആക്രമിച്ചെന്നാരോപിച്ച് രണ്ട് ദളിത് യുവതികളെയും ഒന്നരവയസ്സുകാരിയായ കുട്ടിയെയും ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി- വര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തു.
സിപിഐഎം ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ യുവതികളെ കോടതി കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു. ഇവര്‍ക്ക് വേണ്ട നിയമസഹായം നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചു. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖില(30) അഞ്ജന(25) എന്നി ദളിത് പെണ്‍കുട്ടികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായി സിപിഎം ഓഫീസില്‍ ഇവര്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കാനെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിപ്പിച്ച ഇവരെ ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുന്നത്.
കൈക്കുഞ്ഞുമായാണ് അഖില ജയിലില്‍ കഴിയുന്നത്. കുട്ടിമാക്കൂല്‍ ഡി.വൈ.എഫ്.ഐ. തിരുവങ്ങാട് മേഖല സെക്രട്ടറിയും സി.പി.എം. അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ തങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ അസഭ്യം പറയുകയായിരുന്നെന്നും ചോദിക്കാനായി ചെന്നപ്പോള്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് യുവതികള്‍ പറയുന്നത്. ഇത് കാണിച്ച് ഇവര്‍ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ 15 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ചുകടന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജുവിന്റെ മക്കള്‍ക്കെതിരെ ഉള്ള കേസ്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖല എ.ഡി.ജി.പിക്ക് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.