കലാഭവൻ മണിയുടെ മരണം; ദുരൂഹത വർധിപ്പിച്ച് വ്യത്യസ്ത റിപ്പോർട്ടുകൾ

കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐയ്ക്ക് വിടാനിരിക്കെ ലാബ് റിപ്പോർട്ടുകളിലെ വൈരുദ്ധ്യം ചർച്ചയാവുന്നു. മണിയുടെ മരണം വിഷമദ്യത്തോടൊപ്പം കീടനാശിനിയും അകത്തുചെന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.ക്‌ളോർ പൈറിഫോസിസ് എന്ന കീടനാശിനിയും മെഥനോൾ ആൽക്കഹോളും മണിയുടെ ശരീരത്തിൽ ഉണ്ടായിരുന്നതായാണ് പോസ്റ്റമോർട്ടം നടത്തിയ ഫോറൻസിക് വിദഗ്ധനും അസിസ്റ്റന്റ് പോലീസ് സർജനുമായ ഡോ.ഷെയ്ക് സക്കീർ ഹുസൈൻ റിപ്പോർട്ടിൽ പറയുന്നത്.
മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെയും വിഷമദ്യത്തിന്റെയും അംശമുണ്ടെന്ന് കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. പക്ഷേ,ഹൈദരാബാദിലെ കേന്ദ്രലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന കാര്യം തെളിഞ്ഞില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കേന്ദ്രലാബ് റിപ്പോർട്ടും വ്യത്യസ്ത വസ്തുതകൾ വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് വിഷയം വീണ്ടും ചർച്ചയായിരിക്കുന്നത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർന്നാണ് അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതും ഇതിനുള്ള ശുപാർശ കേന്ദ്രസർക്കാരിന് കൈമാറിയതും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here