സെക്സുണ്ട് സ്റ്റണ്ടുണ്ട്

പഴയകാല മലയാള സിനിമകളിലെ കച്ചവട വിഭവങ്ങളായിരുന്നു സെക്സും സ്റ്റണ്ടും. സെക്സ് എന്നത് നായികാ നടിയുടെ ഒന്നോ രണ്ടോ കുളി സീനാകാം അല്ലെങ്കിൽ മാദക നടിയുടെ കാബറേ നൃത്തമാകാം- അഞ്ചോ പത്തോ സ്റ്റണ്ട് രംഗങ്ങൾ ‘സെക്സുണ്ട് സ്റ്റണ്ടുണ്ട്’ എന്ന പരസ്യങ്ങളിലൂടെ പ്രേക്ഷകനെ കൊതിപ്പിച്ച് കച്ചവടവിജയം നേടിയിരുന്ന പഴയ സിനിമാ ഫോർമുല. ഇത്തരമൊരു ഫോർമുലയുടെ വിജയകരമായ ആവർത്തനം നമ്മുടെ പൊതു സമൂഹത്തിൽ ആടിത്തിമിർക്കുകയാണിപ്പോൾ – ദളിത്-പെൺകുട്ടി-പീഡനം-എന്നീ മൂന്ന് ഘടകങ്ങൾ കൂട്ടിച്ചേർത്ത ഈ ഫോർമുല വാർത്തകൾ ചൂടപ്പം പോലെ മാധ്യമ ബോക്സോഫീസിൽ വിറ്റഴിക്കപ്പെടുന്നു.
പെരുമ്പാവൂരിലെ ‘ദളിത് പെൺകുട്ടി’യുടെ കൊലപാതകം അമ്പതുനാൾ പിന്നിട്ട വിജയമാഘോഷിക്കുമ്പോഴേക്കും തലശ്ശേരിയിൽനിന്ന് ദളിത് സഹോദരിമാരുടെ ജയിൽ വാർത്തയെത്തുന്നു. അതിലെ ഒരാൾ ആത്മഹത്യാ നാടകമാടിയതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ‘ദളിത് പെൺകുട്ടി’യിലേക്ക് കഥ ചുവടുമാറുകയാണ് പ്രേക്ഷകരേ, ചുവടുമാറുകയാണ്. ഈ ‘ദളിത് പെൺകുട്ടി’യുടെ കണ്ണീരിൽ കുതിർന്ന കദന കഥയിൽ ചാനൽ മൈക്കുകൾ നനഞ്ഞീറനണിയുമ്പോഴേക്കും, ബംഗ്ലൂരിൽ റാഗിംഗിന് വിധേയയായ ‘ദളിത് പെൺകുട്ടി’ ആശുപത്രി കിടക്കയിൽനിന്ന് മാടി മാടി വിളിക്കുന്നു. ‘ദളിതും’ ‘പെണ്ണും’ ‘പീഡന’വുമാണ് ഈ സീസണിൽ വിറ്റുപോകുന്നതെന്ന് തിരിച്ചറിഞ്ഞതോടെ വിപണിയാകെ ആവേശത്തിമിർപ്പിലാണ്. മത്സരത്തിൽ ആരു ജയിക്കുമെന്ന റേറ്റിംഗ് റിപ്പോർട്ടിനായി കാത്തിരിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here