Advertisement

ഹൃദയം ചുരുങ്ങി ബ്രിട്ടൻ; കണ്ണീർ തോരാതെ അഭയാർത്ഥികൾ

June 26, 2016
Google News 1 minute Read

 

മഴയും ചെളിയും അടങ്ങാൻ മഹാനായ നെപ്പോളിയൻ ആറുമണിക്കൂർ കാത്തു നിന്നില്ലായിരുന്നെങ്കിൽ, ‘വാട്ടർ ലൂ’വിൽ ഇംഗ്ലീഷ് സേന വിജയിക്കില്ലായിരുന്നു. യൂറോപ്പിന്റെയും ലോകത്തിന്റെയും ചരിത്രം മറ്റൊന്നായേനെ. ഫ്രഞ്ച് പടയുമായി എത്തിയ നെപ്പോളിയൻ ആറുമണിക്കൂർ മടിച്ചു നിന്നപ്പോൾ കിട്ടിയ സമയം മുതലാക്കി വെല്ലസ്ലിയുടെ ഇംഗ്ലീഷ് സേന ഒരു ഭാഗത്തു നിന്നും പ്രഷ്യൻ സേന മറുഭാഗത്തു നിന്നും അക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ
നെപ്പോളിയന്റെ ‘വാട്ടർ ലൂ’ ആയി ആ യുദ്ധം.

നെപ്പോളിയന്റേത് ചരിത്രപരമായ വിഡ്ഢിത്തമെന്നോ ഹിമാലയൻ വങ്കത്തരമെന്നോ വിളിക്കാം. വാട്ടർലൂവിൽ ഇംഗ്ലീഷ് സേനയെ കീഴടക്കി, ബ്രിട്ടനിൽ ആക്രമണം നടത്താനുള്ള നെപ്പോളിയന്റെ പദ്ധതിയാണ് പൊളിഞ്ഞത്. ഭാഗ്യത്തിന് രക്ഷപ്പെട്ട ബ്രിട്ടൻ പിന്നീട് വളർന്ന പന്തലിച്ച് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി വിലസിയത് ചരിത്രം. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളെ കോളനിയാക്കിയതുമെല്ലാം ഈ ‘ഭാഗ്യം’ കൊണ്ട് സംഭവിച്ച നേട്ടമാണ്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഫ്രഞ്ചുകാർക്കും നെപ്പോളിയനും പറ്റിയ വങ്കത്തരം, ഒടുവിൽ ഇതാ ബ്രിട്ടനെയും പിടികൂടിയിരിക്കുന്നു. യൂറോപ്പിയൻ യൂണിയനിൽ നിന്ന് സ്വയം വെട്ടി മാറി ഒറ്റപ്പെട്ടു നിൽക്കാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനത്തിലൂടെ അതൊരു ദ്വീപായി മാറിയിരിക്കുന്നു.

ഇരുപത്തെട്ട് അംഗ യൂറോപ്യൻ യൂണിയനിൽ നിന്ന് പുരത്തു പോവുന്ന ആദ്യത്തെ അംഗം കൂടിയാണ് ബ്രിട്ടൻ. നാൽപ്പത്തി മൂന്നു വർഷത്തെ യൂറോപ്പിയൻ ബന്ധം വേണ്ടെന്നു വച്ചതിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ആഘാതം ബ്രിട്ടൻ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളു. ഈ സ്വയം ഒറ്റപ്പെടുത്തലിന് മറ്റൊരു മാനവും കൂടിയുണ്ട്. ആധുനീക മനുഷ്യന്റെ ഹൃദയം ഒരു ദ്വീപായി മാറുന്നുവെന്ന് പറയുന്നവരുണ്ട്. മുഖ്യധാരയിൽ നിന്നും ഒറ്റപ്പെടുന്ന ഒരു ദ്വീപ് മറ്റൊരു ദ്വീപിനെ അറിയുന്നില്ല. ആ ദ്വീപിന്റെ ഉള്ളിലെ ദുഖമാണ് ആത്യന്തികമായി സ്വയം അലിഞ്ഞ് ഇല്ലാതായി മഹാസാഗരത്തിൽ ലയിക്കാനാണ് ദ്വീപിന്റെ മോഹമെന്ന് താത്വിക ചിന്തയിൽ വിലയിരുത്താറുണ്ട്.

എന്നാൽ ഇംഗ്ലീഷ് സായിപ്പിന്റെ ഹൃദയം ഒരു ദ്വീപായി മാറിയപ്പോൾ,ലോകമാവുന്ന മഹാസാഗരത്തിൽ നിന്ന് അത് ഒറ്റപ്പെടുകയാണ്.സൂര്യനസ്തമിക്കാത്ത നാട് ഇന്ന് സങ്കുചിത ദേശീയവാദത്തിന്റെ ഒറ്റപ്പെട്ട തുരുത്തായി മാറി.

സ്വാർത്ഥതാല്പര്യത്തോടൊപ്പം അഭയാർഥികൾക്കും കുടിയേറ്റക്കാർക്കും എതിരേയുള്ള വികാരം കൂടിയാണ് ബ്രിട്ടനിൽ അലയടിച്ചത്.ലോകത്തെ നൊമ്പരപ്പെടുത്തി സ്വന്തം മണ്ണിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ സംഖ്യ ആറു കോടി എന്ന റിക്കോർഡിൽ എത്തി നിൽക്കുമ്പോഴാണ് ബ്രിട്ടന്റെ കണ്ണിൽ ചോരയില്ലാത്ത ഈ നടപടി. ബ്രിട്ടന്റെ ചുവട്പിടിച്ച് മറ്റ് യൂറോപ്യൻ രാഷ്ട്രങ്ങൾ അഭയാർഥികൾക്കു നേരെ വാതിൽ കൊട്ടി അടച്ചാൽ വൻ ദുരന്തമാവും സംഭവിക്കുക.

മൂന്നാം ലോകരാജ്യങ്ങളിൽ വർധിച്ചുവരുന്ന ഭീകരവാദത്തിനും അഭയാർഥിപ്രവാഹത്തിനും പരോക്ഷമായി ബ്രിട്ടനും കുറ്റവാളിയാണ് എന്ന് ചരിത്രം പറയും.ദരിദ്രരാജ്യങ്ങളെ ആക്രമിച്ച് കീഴടക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ച കോളനീവല്ക്കരണത്തിന്റെ ദുരന്തഫലമാണ് ഇപ്പോൾ മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും അരങ്ങേറുന്നത്.

ജൂൺ 20ന് ലോക അഭയാർഥി ദിനം ആചരിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.സ്വന്തം ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ രണ്ടുകോടി ജനങ്ങൾ അഭയാർഥികളാണ്.ഒരു കോടി ജനങ്ങൾക്ക് സ്വന്തമായി രാജ്യം പോലുമില്ല.അവർ രേഖകളനുസരിച്ച് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നില്ല.നാല്പത്തിമൂവായിരം പേർ ഇതെഴുമ്പോഴും ഓരോ ദിവസവും സ്വന്തം മണ്ണിൽ നിന്ന് ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുകയാണ്.സിറിയയിലെ ആഭ്യന്തരയുദ്ധം മൂലം ഒരു കോടി അഭയാർഥികളാണ് വഴിയാധാരമായിരിക്കുന്നത്. രാജ്യത്തിന്റെ ജനസംഖ്യയിൽ നാല്പത്തിയഞ്ച് ശതമാനം.

1971ലെ ഇന്ത്യാ പാകിസ്താൻ യുദ്ധകാലത്ത് ഇന്ത്യയിലേക്ക് പ്രവഹിച്ച ബംഗ്ലാദേശി അഭയാർഥികളുടെ കാര്യം ഓർക്കുക.ഏറ്റവും വലിയ അഭയാർഥിക്യാമ്പ് ആഫ്രിക്കയിലെ കെനിയയിലാണ്-മൂന്നേകാൽ ലക്ഷത്തിലേറെ പേർ. അഭയാർഥികളിൽ ഭൂരിപക്ഷവും 18 വയസ്സിനു താഴെയുള്ളവരാണെന്ന് കൂടി പറയുമ്പോൾ ദുരന്തത്തിന്റെ ചിത്രം വ്യക്തമാവും.രണ്ട് ലോകമഹായുദ്ധങ്ങൾ സമ്മാനിച്ചതിനേക്കാൾ വിനാശമാണ് ഭീകരവാദവും ആഭ്യന്തരയുദ്ധവും ഇന്ന് ലോകത്തിൽ വിതയ്ക്കുന്നത്.

ബർലിൻ മതിൽ തകർത്ത് പടിഞ്ഞാറൻ,കിഴക്കൻ ജർമ്മനികൾ ഒന്നായപ്പോൾ യൂറോപ്പിന്റെയും ലോകത്തിന്റെയും ഹൃദയം വലുതായി എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.എന്നാൽ,കുടിയേറ്റക്കാരെയും അഭയാർഥികളെയും വെറുത്ത് ബ്രിട്ടൻ മതിലുകൾ പണിയുമ്പോൾ യൂറോപ്പിന്റെ ഹൃദയം ചുരുങ്ങുകയാണ്.ഭൂമിയിൽ കാരുണ്യത്തിന്റെയും കരുതലിന്റെയും പച്ചപ്പ് ഇല്ലാതാവുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here