ഇനി തീവണ്ടിയിൽ അന്തിയുറങ്ങണ്ട; കൈത്താങ്ങായി മഞ്ജു വാര്യർ

തീവണ്ടിയിൽ ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടെ രമ്യയ്ക്കും പെൺമക്കൾക്കും നടി മഞ്ജുവാര്യരുടെ ഒരു കൈസഹായം. രാവിലെ തീവണ്ടിയിൽ കുളിച്ചൊരുങ്ങി സ്‌കൂളിൽ പോകുന്ന രമ്യയുടെ മക്കൾ ആർച്ചയും ആതിരയും ഇനി മുതൽ മഞ്ജു എടുത്തു നൽകിയ വാടക വീട്ടിലിരുന്ന് ഗൃഹപാഠം ചെയ്യും. സ്വന്തമായി വീടില്ലാത്ത ഇവർക്ക് മഞ്ജു വീട് നിർമ്മിച്ചു നൽകും.
കൊല്ലത്തേക്ക് ആദ്യം വരുന്ന തീവണ്ടിയിലാണ് ഇവരുടെ ദിവസം തുടങ്ങുന്നത്. പിന്നെ അടുത്ത ദിവസം വരെ പല തീവണ്ടികളിൽ. മുട്ടം മുല്ലക്കര എൽപി സ്‌കൂളിലെ നാലാം ക്ലാസുകാരി ആർച്ച ക്ലാസിൽ ഒന്നാമതാണ്. അനിയത്തി ആതിര രണ്ടിലും. കൂട്ടുകാരെയോ അധ്യാപകരെയോ ഒന്നും അറിയിക്കാ തെയാണ് ഇത്രയും നാൾ ഈ കുരുന്നുകൾ കഴിഞ്ഞിരുന്നത്.
അച്ഛൻ പ്രദീപാകട്ടെ രണ്ട് വർഷങ്ങൾക്കുമുമ്പ് നടന്ന അപകടത്തിൽ കാൽപ്പാദം നഷ്ടപ്പെട്ട് തൊഴിൽ ചെയ്യാനാകാത്ത അവസ്ഥയിലാണ്. ആദ്യം വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇവർ വരുമാനം ഇല്ലാതായതോടെ അമ്പലപ്പറമ്പിലേക്ക് മാറി. മഴ പെയ്യുമ്പോൾ അമ്പലമുറ്റത്തെ താമസം കുട്ടികൾക്ക് ബുദ്ധിമുട്ടായതോടെ താമസം തീവണ്ടിയിലേക്ക് മാറ്റുകയായുിരുന്നു.