ഏക സിവിൽകോഡ് നടപ്പാക്കാൻ കേന്ദ്രം

ഏക സിവിൽകോഡ് നടപ്പാക്കുന്നതിനാവശ്യമായ പരിശോധനകൾക്ക് കേന്ദ്രസർക്കാർ നിയമ കമ്മീഷനെ ചുമതലപ്പെടുത്തി. നിയമമന്ത്രാലയമാണ് കമ്മീഷന് കത്തയച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്കും സമുദായങ്ങൾക്കുമിടയിൽ സമവായമില്ലെന്നിരിക്കെ നിയമം നടപ്പിലാക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ.
ഇന്ത്യയിൽ അതത് സമുധായങ്ങൾക്ക് അവരുടേതായ വ്യക്തി നിയമം നിലനിൽക്കെ നിയമങ്ങൾ ഏകീകരിക്കുന്നത് ഏറെ വിവാദങ്ങൾക്ക് നയിച്ചേക്കും. വിവാഹ, സ്വത്തവകാശ നിയങ്ങളടക്കം പല മത സമുദായങ്ങൾക്കും വ്യത്യസ്ത നിയമമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്.
നിയമ പരിഷ്‌കരണം നടപ്പാക്കുന്നതിൽ സുപ്രധാന ഉപദേശക സ്ഥാനമാണ് നിയമ കമീഷന്റേത്. സുപ്രീംകോടതി മുൻ ജസ്റ്റിസ് ബൽബീർ സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതി നിയമമന്ത്രാലയത്തിന്റെ കത്ത് അടിസ്ഥാനപ്പെടുത്തി ഏക സിവിൽകോഡ് വിഷയത്തിൽ വിദഗ്ധരും ബന്ധപ്പെട്ട മറ്റെല്ലാവരുമായി ചർച്ച നടത്തും. ശേഷം കമീഷന്റെ കാഴ്ചപ്പാടും ഏകസിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വഴികളും ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കും.
വിവിധ രാഷ്ട്രീയ പാർട്ടികൾക്കും മത സമുദായങ്ങൾക്കും ഇതിൽ വ്യത്യസ്ത നിലപാടാണെന്നിരിക്കെ നിയമം ഏകീകരിക്കുന്നത് എളുപ്പമാകില്ല. നിയമം എന്നതിലുപരി വൈകാരികമാണ് ഇത് എന്നിരിക്കെ സംഘപരിവാറിന്റെയും ബിജെപിയുടേയും അജണ്ഡകൾക്ക് അനുസൃതമായാണ് നിയമമന്ത്രാലയത്തിന്റെ നടപടി.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ആം വകുപ്പ് എടുത്തുകളയുക, ഏക സിവിൽകോഡ് നടപ്പാക്കുക, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക എന്നീ മൂന്നു വിവാദ അജണ്ടകൾ ബിജെപിയുടേതാണ്. യു.പി തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കേ, സർക്കാറിന് രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന് ആക്ഷേപം ഉയർന്നുവന്നു കഴിഞ്ഞു.
ഏക സിവിൽകോഡിന്റെ കാര്യത്തിൽ ചർച്ച ആവശ്യമാണെന്ന് നിയമമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖവും 44ആം അനുച്ഛേദവും ഏക സിവിൽകോഡിന് അനുകൂലമാണെന്നും സദാനന്ദ ഗൗഡ അഭിപ്രായപ്പെട്ടിരുന്നു.