14
Jun 2021
Monday

മദനിയോട് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത് …

അരവിന്ദ് വി 

” എവിടെ നിയമങ്ങൾ അധികമോ അവിടെ നീതി അകലെ …! “ മാർക്കേസ് ടാലിയാസ് പറഞ്ഞതാണ്. ഓരോന്നിനും ഓരോ നിയമങ്ങളാൽ ചുറ്റപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന ഭാരതത്തിൽ പക്ഷെ ആ നിയമങ്ങളൊക്കെ നീതി നിഷേധമാകുന്ന ദയനീയ സ്ഥിതിയുടെ നേർ ഇരയാണ് മദനി. നിയമത്തിന്റെ കുറവല്ല; അതിന്റെ ആധിക്യമാണ് നീതി ഇല്ലാത്ത മദനിയുടെ കാരാഗൃഹവാസത്തിന്റെ കാരണം. ഇവിടെ നീതി എന്നാൽ മദനിയെ തുറന്നു വിട്ടു സ്വതന്ത്രൻ ആക്കണം എന്നല്ല ; മറിച്ച് മദനിയുടെ കുറ്റം അതു ചെയ്തിട്ടുണ്ടെങ്കിൽ തെളിയിക്കപ്പെടണം. തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം ! കടുത്ത ശിക്ഷ കൊടുക്കണം. എന്നാൽ വിചാരണ കാത്തുള്ള ഈ കിടപ്പ് ആരോടുമുള്ള നീതിയല്ല.

കുറ്റം ആരോപിക്കപ്പെട്ട് കാരാഗൃഹത്തിൽ മദനി കിടക്കുന്നതിന് ഒന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അതു രണ്ടു തവണ ആയിട്ടാണെങ്കിലും. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 1998 മാർച്ച്‌ 31-ന്‌ എറണാകുളത്ത് കലൂരിലെ വസതിയിൽ നിന്ന്അറസ്റ്റിലായ മദനി 9 (ഒൻപത്) വർഷമാണ് ജയിലിൽ വിചാരണ കാത്തു കിടന്നത്. അതും തമിഴ്നാട്ടിൽ . 2007 ഓഗസ്റ്റ് 1-ന്‌ ഈ കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ വെറുതേ വിട്ടു. അതായത് താൻ കുറ്റം ചെയ്തിട്ടുണ്ടോ എന്നറിയാൻ മാത്രം 9 വർഷം.

madani 1 24

ഇപ്പോൾ വീണ്ടും മദനി ജയിലിൽ ആണ്. 2008 ജൂലൈ 25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി ബംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്നു. (ഇതേ അഗ്രഹാരയിലെ മറ്റൊരു കോടതിയിലായിരുന്നു രാവും പകലും വ്യത്യാസമില്ലാതെ ജയലളിതയ്ക്ക് വേണ്ടി നിയമം കണ്ണിമ വെട്ടാതെ ഉണർന്നിരുന്നതെന്നു കൂടി ഓർക്കണം. ) 2010 ആഗസ്റ്റ്‌ 17 നാണു ഈ കേസിൽ മദനി അറസ്റ്റിലായത്. നീണ്ട ആറു വർഷങ്ങൾ. ഈ തടവിനിടയിൽ സുപ്രീം കോടതി നിരവധി തവണ ഇടപെട്ടു. 90 ദിവസത്തിനകം വിചാരണ പൂർത്തിയാക്കി കുറ്റവാളിയെങ്കിൽ ശിക്ഷിക്കണം അല്ലങ്കിൽ തുറന്നു വിടണം എന്ന കടുത്ത നിലപാട് സുപ്രീം കോടതി എടുത്തത് കഴിഞ്ഞ വർഷം ആണ്. അതൊക്കെയും കാറ്റിൽ പറന്നു പോയി. അന്വേഷണം പൂർത്തിയാകാത്ത ബംഗളൂരു സ്ഫോടന പരമ്പര കേസിൽ മദനി കാരാഹൃഹത്തിൽ തന്നെ. അവിടെ നിന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിൽ വെറും എട്ടു ദിവസത്തെ ഇളവ് ജാമ്യത്തിൽ മദനി കേരളത്തിലേക്ക് വന്നത്.

madani 2 24വിചാരണയ്ക്ക് കാത്തുകിടക്കുന്നയാൾ കുറ്റം ആരോപിക്കപ്പെട്ട വ്യക്തി മാത്രമായിരിക്കെ മദനിയ്ക്കു മാത്രം വിമാനയാത്രയും പൊതു നീതിയും നിഷേധിക്കുന്ന നിയമങ്ങളാണ് സൗകര്യം പോലെ ഓരോരുത്തരായി എടുത്തു പ്രയോഗിക്കുന്നത്. ഇതിനു മുൻപും രണ്ടു തവണ സമാന സ്ഥിതിയിൽ മദനി കേരളത്തിലേക്ക് വന്നിട്ടുണ്ട്. അന്നും സായുധരായ കാവലാളുകൾ മദനിയെ അനുഗമിക്കുകയും ചെയ്തു. അന്നില്ലാത്ത നിയമം ഇന്നുണ്ടാകുന്നതാണ് നിയമം കൊണ്ടു തന്നെ നീതി നിഷേധിക്കുന്നതിന്റെ പുതിയ രാഷ്ട്രീയം. അതു തീർത്തും വിമാനക്കമ്പനിയുടെ രാഷ്ട്രീയ പ്രീതിപ്പെടുത്തൽ കൂടിയാണ്. ഒരു ബോളിവുഡ് നടി ടിക്കറ്റ് എടുത്താൽ, അതു പേര് കൊണ്ടു തന്നെ മനസിലാക്കി അവർക്കിഷ്ടപ്പെട്ട സാഫ്രോൺ മിൽക്കും , ഗുആവ ജ്യൂസും പ്രത്യേകമായി കരുതി വയ്ക്കുന്ന വിമാനക്കമ്പനി മദനി ഒരു തടവുകാരനായ ‘പ്രധാനി’ ആണെന്നും അയാൾക്കൊപ്പം സായുധരായ കാവലാളുകൾ ഉണ്ടാകുമെന്നും മനസിലാക്കാത്തതിൽ ഒരു സ്തുതി പാഠകന്റെ സ്വാധീനമില്ലേ ?

രാജ്യത്തിന്റെ പരമോന്നത നീതി പീഠം അറിഞ്ഞനുവദിച്ച യാത്രാനുവാദം മദനിക്ക് ലഭിച്ചത് ലോകം മുഴുവൻ അറിഞ്ഞിട്ടും ഇൻഡിഗോയുടെ മേലാളന്മാർ അത് അറിയാതെ പോയതിന് ഒരു കാരണം വേണമല്ലോ ? ഉണ്ടാകും.

” എവിടെങ്കിലും ഒരിടത്ത് നീതി നിഷേധം ഉണ്ടോ , അത് എല്ലായിടത്തെയും നീതിയെ ഇല്ലാതാക്കും ! “

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top