മെസ്സിക്ക് 21 മാസം ജയിൽ ശിക്ഷ

ലോകഫുട്‌ബോളർ ലയണൽ മെസ്സിക്ക് നികുതി വെട്ടിപ്പുകേസിൽ തടവും പിഴവും. മെസ്സിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും ആണ് ശിക്ഷ. രണ്ടു പേർക്കും 21 മാസത്തെ ജയിൽശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇരുവരും 20 ലക്ഷം യൂറോ പിഴയും ഒടുക്കണം. ബാർസിലോണ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 53 ലക്ഷം ഡോളർ ഇരുവരും ചേർന്നു വെട്ടിച്ചതായാണ് നികുതി വകുപ്പിന്റെ കേസ്. അതായത് ഏകദേശം മുപ്പതുകോടിയോളം രൂപ.
അപ്പീൽ അർഹതയുള്ളതിനാൽ ഇരുവർക്കും ജയിൽ പോകേണ്ടി വരില്ല. രണ്ടു വർഷത്തിൽ താഴെ മാത്രം ശിക്ഷയുള്ളതിനാലാണിത്. ബാർസിലോണയിൽ സ്ഥിരതാമസം ആക്കി അവിടത്തെ പൗരത്വവും നേടിയ കുടുംബമാണ് മെസ്സിയുടേത്. കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റ് ഫൈനലിലെ തോൽവിയെത്തുടർന്ന് രാജ്യാന്തര ഫുട്ബോളിൽനിന്ന് ലയണൽ മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മെസ്സിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ വിധി. 2006 മുതൽ 2009 വരെയുള്ള കാലയളവിൽ ടാക്സ് നിയമങ്ങൾ അനുസരിച്ച് കൃത്യമായ വിവരങ്ങൾ നല്കാതെയുള്ള റിട്ടേണുകളാണ് ഇവർ സമർപ്പിച്ചതെന്നാണ് കേസ്.
ഇതേ കേസിൽ നോട്ടീസ് ലഭിച്ച മെസ്സിയും പിതാവും 50,16,542 യൂറോ സ്‌പെയിനിലെ നികുതി വകുപ്പിൽ നേരത്തെ അടച്ചിരുന്നു. നിയമത്തെ കുറിച്ചും , നികുതിയെ കുറിച്ചും തനിക്കു അറിയില്ല എന്ന നിലപാടാണ് മെസ്സി സ്വീകരിച്ചത്. ഫുട്ബോൾ കളിക്കാരനായ താൻ ഇക്കാര്യത്തിൽ പിതാവിനേയും അഭിഭാഷകരേയും വിശ്വസിക്കുകയായിരുന്നെന്നും വിചാരണവേളയിൽ മെസ്സി കോടതിയിൽ വാദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here