ടോയ്‌ലെറ്റിനോ റെസ്റ്റ് റൂമിനോ അല്ല ഈ വേർതിരിവ്!!

ചങ്ങനാശ്ശേരി എസ് ബി കോളേജിലും മാനേജ്‌മെന്റിന്റെ ലിംഗവിവേചനമെന്ന് ആരോപണം. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോളേജിൽ നിർമ്മിച്ച ഡൈനിംഗ് ഹാളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഇടങ്ങളിൽ ഇരിപ്പിടം ഒരുക്കിയിരിക്കുകയാണ്.
കോഴിക്കോട് ഫറൂഖ് കോളേജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടം ഒരുക്കിയതിനെതിരെ പ്രതിഷേധിച്ചവർ പോലും എസ് ബിയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന ആരോപണവും ശക്തമാണ്. അധ്യാപകരും വിദ്യാർഥികളുമടക്കം സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് മറുപടി വന്നിട്ടില്ല.
കേരളത്തിൽ സ്വയംഭരണാധികാര പദവി ലഭിച്ച ആദ്യ കോളേജാണ് ചങ്ങനാശ്ശേരി എസ് ബി കോളേജ്. ഈ പദവി ലഭിച്ചതോടെ കോളേജിൽ നടക്കുന്നത് അരാഷ്ട്രീയതയാണെന്നും വിദ്യാർഥികൾ പലവിധ വിലക്കുകൾക്കും നടുവിലാണെന്നും മുമ്പേ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വർഷാവർഷം നിർബന്ധിത ധ്യാനവും ആഴ്ചയിലൊരു ദിവസം എന്ന കണക്കിൽ നിർബന്ധിത സദാചാരപഠന ക്ലാസ്സും നടത്താറുള്ള കലാലയമാണിത്.ഇതിനെതിരെ പല രീതിയിലും വിദ്യാർഥികളുടെ ഭാഗത്തു നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here