കൊച്ചി വാട്ടര്‍ മെട്രോ നാലുവര്‍ഷത്തിനകം: മുഖ്യമന്ത്രി പിണറായി

കൊച്ചി: വിശാല കൊച്ചി മേഖലയ്ക്കും വേമ്പനാട് കായലിന്റെ തീരത്ത്താമസിക്കുന്ന ജനങ്ങള്‍ക്കും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി വികസന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാകുമെന്നും അടുത്ത നാല് വര്‍ഷത്തിനകംപദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോതാട് തിരുഹൃദയ ദേവാലയാങ്കണത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

water metro 1

ഇന്ത്യയില്‍ ഇതുവരെ ഒരിടത്തും നടപ്പാക്കിയിട്ടില്ലാത്ത ആദ്യ നഗര ജലയാത്രാ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. ഈ പദ്ധതിയാഥാര്‍ത്ഥ്യമായിക്കഴിഞ്ഞാല്‍, കൊച്ചിക്ക് വേഗതയുള്ള, 78 ആധുനിക ബോട്ടുകളുടെ സേവനം ലഭ്യമാകും. വേമ്പനാട് കായലിന്റെ തീരങ്ങളിലും ദ്വീപുകളിലും താമസിക്കുന്നവര്‍ക്ക്, ആഗോളനഗരങ്ങളായ ഹോങ്കോംഗിലെയും ഇസ്താംബൂളിലെയും പോലെ കൊച്ചിയിലെ നഗരകേന്ദ്രങ്ങളിലേയ്ക്കു സൗകര്യപ്രദമായും സുരക്ഷിതമായും എത്തിച്ചേരാനാകും. ഈയടുത്ത കാലത്ത് ഇവിടെ ചില ബോട്ട് ദുരന്തങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ ബോട്ടുകളുടെ മോശം അവസ്ഥയാണ് ഇത്തരം അപകടങ്ങളുടെ പ്രാഥമിക കാരണങ്ങളിലൊന്ന്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് തുടക്കമാകുന്നതോടെ കൊച്ചി കായലിലെ നഗര ജലഗതാഗത യാത്രാസംവിധാനം ആധുനികമാവുകയും സുരക്ഷിതത്വം വളരെയധികം വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

water metro 3

ചിറ്റൂര്‍ ഫെറിയില്‍ നിന്ന് എം.എല്‍.എ.മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പദ്ധതിപ്രദേശങ്ങളിലൂടെ ബോട്ടിലാണ് മുഖ്യമന്ത്രി സമ്മേളന വേദിയിലേക്ക് എത്തിയത്.

water metro 2

കേരളത്തിന്റെ വികസനത്തിനായുള്ള പദ്ധതികളില്‍ സമൂഹത്തിലെ എല്ലാവര്‍ക്കും സാമ്പത്തികാവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന സുസ്ഥിര ടൂറിസം വികസനം സുപ്രധാനമാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നതോടെ ആഗോള തുറമുഖ നഗരമെന്ന നിലയില്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നതിന് കൊച്ചിക്ക് അവസരമുണ്ടാകും. ശരിയായ രീതിയിലാണ് നടപ്പാക്കുന്നതെന്നും കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ ഈ പദ്ധതിയെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. വെറുമൊരു നഗര ഗതാഗത പദ്ധതി മാത്രമല്ല കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി. വേഗത്തില്‍ സൗകര്യപ്രദമാംവിധം കൊച്ചി നഗരത്തിനുള്ളിലെ സാമ്പത്തികതൊഴില്‍ സാധ്യതകളിലേയ്ക്ക് എത്തിപ്പെടാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിത്. അതുകൊണ്ടുതന്നെ വേമ്പനാട് കായല്‍ത്തീരങ്ങളിലും ദ്വീപുകളിലുമുള്ളവരുടെ ഉപജീവനത്തിനുള്ള മാര്‍ഗംകൂടിയാകും ഇത്. ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ടം, സ്മാര്‍ട്ട് സിറ്റി, ഈ പ്രദേശത്തേയ്ക്കായി ലക്ഷ്യമിടുന്ന മറ്റ് നിക്ഷേപങ്ങള്‍ എന്നിവയിലൂടെ, ഇന്ത്യയിലെ തന്നെ സുപ്രധാന സാമ്പത്തിക കേന്ദ്രസ്ഥാനമായി മാറുകയാണ് കൊച്ചി. ഈ വികസന പദ്ധതികളിലൂടെ ഈ പ്രദേശത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും സാമ്പത്തിക, ഉപജീവന അവസരങ്ങള്‍ ഉണ്ടാക്കാനാകണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം. 747 കോടി രൂപ മുതല്‍മുടക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ ജെട്ടികള്‍ക്കും തീരപ്രദേശത്തെ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനും മികച്ച തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും നിര്‍ദേശമുണ്ട്. അതിനുപുറമെ, അവസാനയിടം വരെ വൈദ്യുത സിഎന്‍ജി ബസുകള്‍ ഏര്‍പ്പെടുത്തുക എന്നതുകൂടി പദ്ധതിവിഭാവനം ചെയ്യുന്നുണ്ട്. ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഫണ്ടിംഗ് ഏജന്‍സിയായ കെ.എഫ.്ഡബ്ല്യൂ. ഈ പദ്ധതിയുടെ 80 ശതമാനം ചെലവുകള്‍ക്ക് ആവശ്യമായ 580 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഇത്തരമൊരു പദ്ധതിക്കായി വിദേശത്തുനിന്നു ലഭ്യമാവുന്ന വളരെ ഉയര്‍ന്ന സാമ്പത്തിക സഹായമാണിത്. വിശാല കൊച്ചി മേഖലയുടെ സുസ്ഥിര വികസനമെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി നമുക്കൊപ്പം പങ്കാളികളാകുന്ന ജര്‍മ്മന്‍ സര്‍ക്കാര്‍, കെ.എഫ്.ഡബ്ല്യൂ. എന്നിവരോടുള്ള നന്ദിയും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top