Advertisement

ജനകീയ ഡോക്ടർ ഷാനവാസിനെ ഇല്ലാതാക്കിയതാര് ?

July 24, 2016
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആർക്കാണ് ആ മരണത്തിന്റെ ലാഭം ? ഒരു ജനസമൂഹത്തിന്റെ പ്രതീക്ഷയായി ഉദിച്ചുയർന്ന നന്മയുടെ സൂര്യനെ അകാലമായ അസ്തമയത്തിലേക്ക് തള്ളിവിട്ടവർ ഇപ്പോഴും സ്വസ്ഥമായുറങ്ങുന്നുണ്ടോ ? നിയമവും നീതിപാലകരും എന്തുകൊണ്ടാണ് കടമകൾ മറക്കുന്നത് ? മാധ്യമങ്ങളുടെ ഉൾക്കണ്ണുകൾ ഈ നീതിനിഷേധത്തിന് നേരെ ഇതു വരെ തുറന്നു വയ്ക്കാത്തതെന്ത് ?

ഒരു രൂപാ പോലും പ്രതിഫലം പറ്റാതെ തന്റെ ആരോഗ്യവും സമയവുമെല്ലാം എന്തിന് , തന്റെ ശമ്പളം പോലും പാവങ്ങളുടെ ചികിത്സയ്ക്കും വിശക്കുന്നവരുടെ വിശപ്പകറ്റുവാനും വിനിയോഗിച്ചിരുന്ന പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. ഷാനവാസ് പി.സിയുടെ മരണമാണ് ഒന്നര വർഷങ്ങൾക്കിപ്പുറവും നീതി കാത്തു കിടക്കുന്നത്. മരിക്കുമ്പോൾ 36 വയസ്സു മാത്രമുണ്ടായിരുന്ന നിലമ്പൂര്‍ വടപ്പുറം സ്വദേശിയാണ് ഷാനവാസ്. സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു എന്നായിരുന്നു ആദ്യം വാർത്തകൾ എത്തിയത്. വൻ മരുന്നു മാഫിയകളുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ അന്യായമായ സ്ഥലം മാറ്റത്തിനെതിരെ നടത്തിയ പോരാട്ടത്തിനൊടുവില്‍, അധികാര കേന്ദ്രങ്ങളില്‍നിന്ന് തിരിച്ചടി നേരിട്ട്, കടുത്ത മാനസിക സംഘര്‍ഷങ്ങളിലായിരുന്നു ആ ദിനങ്ങളിൽ ഷാനവാസ്. പക്ഷെ അടുപ്പമുള്ളവർ ആ വാർത്തകളോട് സന്ധിയായില്ല.

ഷാനവാസ് മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് ഫേസ് ബുക്കിൽ ഒരു പോസ്റ് ഇട്ടിരുന്നു. ഒരിക്കൽ പോലും അദ്ദേഹത്തെ കണ്ടിട്ടില്ലാത്ത സൈബർ സുഹൃത്തുക്കളെ അതേറെ വിഷമിപ്പിച്ചു.

‘ ഹേ അധികാരികളെ, നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും.     

 feeling ആദിത്യന്‍ പിന്‍വാങ്ങുന്നു’.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഷാനവാസ് തന്റെ പ്രവർത്തനങ്ങളെ വ്യാപിപ്പിച്ചിരുന്നത് ഫേസ് ബൂക്കിലൂടെ ആയിരുന്നു. ആരാധകരുടെയും സ്നേഹിതരുടെയും സമാനമനസ്കരുടെയും വലിയൊരു ഒത്തുചേരൽ ഇടം കൂടിയായിരുന്നു ഡോക്ടർ ഷാനവാസിന്റെ ഫേസ്ബുക്ക്. അവർക്ക് ഏറെ ഞെട്ടലുണ്ടാക്കിയാണ് ഡോക്ടറുടെ അവസാന പോസ്റ് എത്തിയത്. ആ വാക്കുകളാണ് ദുരൂഹതകളിലേക്ക് വഴി തുറക്കുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ

shanavas report

പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ ആത്‌ഹത്യ എന്ന സാധ്യതയേക്കാള്‍ ദൂരൂഹ മരണത്തിലേക്കാണ്‌ നയിക്കുന്നത്. ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍. ബലപ്രയോഗത്തിലൂടെ ആരെങ്കിലും വായും മൂക്കും പൊത്തിപ്പിടിച്ചാലേ ഇത്തരത്തില്‍ ഛര്‍ദ്ദില്‍ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങാന്‍ സാധ്യതയുള്ളൂവെന്നാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്. ഷാനവാസിന്റെ വലതു കൈയില്‍ കുത്തിവയ്പ്പ് നടത്തിയ പാടും അമിതമായി മദ്യം കഴിച്ചിരുന്നെന്ന വാർത്തകളും ആദ്യം പുറത്തു വന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട് വന്നതോടെ അടുപ്പമുള്ളവരുടെ സംശയം വര്‍ധിച്ചു. ധാരാളമായി റെഡ് ബുൾ പോലുള്ള ഫ്രൂട് ജ്യൂസുകൾ കഴിക്കുന്ന സ്വഭാവം ഷാനവാസിനുണ്ടായിരുന്നു. കഴിച്ച ശേഷം ഫെർമെന്റേഷന്-പുളിക്കുന്ന- വിധേയമാകുന്ന ജ്യൂസ് പോസ്റ്റ്മോർട്ടം നടക്കുമ്പോൾ മദ്യത്തിന്റെ മണം ഉണ്ടാക്കാറുണ്ട്. റിപ്പോർട്ടിൽ അതു തന്നെയാണ് പറയുന്നതും. രാസപരിശോധനയിലും മരണകാരണം ആകുന്ന അളവിൽ മദ്യം കണ്ടെത്തിയിട്ടില്ല. ഷാനവാസ് മദ്യപിച്ചിരുന്നു എന്ന് കൂടെയുള്ളവർ പറഞ്ഞതിന്റെ വിശ്വാസ്യത അതോടെ ചോദ്യം ചെയ്യപ്പെട്ടു.

സുഹൃത്തുക്കൾ പറഞ്ഞ കഥ

മൂന്നു കൂട്ടുകാരും ഒന്നിച്ചാണ് ഷാനവാസ് അവസാന യാത്ര ചെയ്തത്. 2015 ഫെബ്രുവരി മാസം 13 ന് ഡോ.ഷാനവാസിന് എന്ത്‌ സംഭവിച്ചു എന്ന ദുരൂഹത സോഷ്യൽ മീഡിയ ഏറ്റെടുത്തു. അതോടെ പലരും മരണ കാരണം അറിയണമെന്ന ആവശ്യം ഉയർത്തി. ആരോപണങ്ങൾ വർദ്ധിച്ചപ്പോൾ മരണ കാരണം വിശദീകരിക്കാൻ കൂടെയുണ്ടായിരുന്ന കൂട്ടുകാർ നിർബന്ധിതരായി.

” മദ്യപിച്ച്‌ അവശനായി കാറിന്റെ പിൻസീറ്റിൽ ഷാനു തളർന്ന് കിടക്കുകയായിരുന്നു. രാത്രി 10 മണിയോട്‌ കൂടി കോഴിക്കോട്‌ നിന്നും വടപുരത്തുള്ള ഷാനവാസിന്റെ വീടിനു മുന്നിൽ എത്തിയ ശേഷം ഷാനുവിനെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു . പക്ഷേ ഷാനവാസ്‌ അബോധാവസ്ഥയിൽ ആയിരുന്നു. ഛർദ്ദിച്ച്‌ അവശനായിരുന്നു. ഷാനവാസിന്റെ വീട്ട്‌ മുറ്റത്ത്‌ ഷാനുവിന്റെ ഉപ്പയുടെ കാർ കണ്ടു. അക്കാരണത്താൽ മദ്യപിച്ച്‌ ലെക്ക്‌ കെട്ട അവസ്ഥയിൽ ഛർദ്ദിയോട്‌ കൂടി ഷാനുവിനെ വീട്ടിൽ കൊണ്ട്‌ പോയി കിടത്താൻ കഴിയാത്തതിനാൽ അവിടെ നിന്നും മടങ്ങി. അതിനു ശേഷം കുറേ നേരം ഷാനവാസിന് ബോധം തെളിയുവാൻ വേണ്ടി വാഹനത്തിൽ തന്നെ കാത്തിരുന്നു. അങ്ങോട്ടുമിങ്ങോട്ടും വാഹനം ഓടിച്ച്‌ വെറുതേ സമയം കളയുകയായിരുന്നു. ഒരുപാട്‌ നേരമായിട്ടും ഷാനുവിന് ബോധം തെളിയാത്തതിനാൽ ഷാനുവിനെയും കൊണ്ട്‌ സുഹൃത്തായ അനീഷിന്റെ വീട്ടിലേക്ക്‌ പോവുകയും അവിടെ നിന്ന് വസ്ത്രങ്ങൾ എടുത്ത ശേഷം അടുത്തുള്ള ഒരു പഞ്ചായത്ത്‌ പൈപ്പിനു മുന്നിൽ വാഹനം നിർത്തി ഷാനവാസിനെ വണ്ടിയിൽ നിന്നും പുറത്തെടുത്ത്‌ കഴുകി വൃത്തിയാക്കി പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച്‌ ഇടവണ്ണയിലെ രാജഗിരി ഹോസ്‌പിറ്റലിൽ കൊണ്ട്‌ പോവുകയുമായിരുന്നു. ” കൂട്ടുകാർ വിശദീകരിച്ചതിന്റെ ഏകദേശം ചുരുക്കം ഇതായിരുന്നു.

ഇതിന്റെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത് ഡോക്ടർ ഷാനവാസിന്റെ മാതാപിതാക്കളാണ്. 2012 ജനുവരി ഒന്നിന് സംഭവിച്ച വാഹന അപകടത്തെ തുടർന്ന് ഷാനവാസ് മദ്യപാനം നിർത്തിയിരുന്നു എന്നും , ദിവസം 3 അല്ലെങ്കിൽ 4 റെഡ് ബുൾ വരെ കഴിക്കുമായിരുന്നു എന്നും അവർ പറയുന്നു . അത് കൊണ്ട് തന്നെ അമിതമായി മദ്യപിച്ച് ഷാനവാസ് മരിച്ചു എന്ന് വിശ്വസിക്കുന്നില്ല. ആദ്യം ഷാനുവിന്റെ ബോഡി പോസ്‌റ്റ്‌ മോർട്ടം ചെയ്യണ്ട എന്ന് ചിലർ ആവശ്യപ്പെട്ടു. എന്നാൽ ഡോ.ഷാനവാസിന്റെ ജേഷ്‌ടൻ ഡോ.ഷിനാസ്‌ ബാബു ഇടപെട്ട്‌ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പിന്നീട്‌ പോസ്റ്റ്‌ മോർട്ടം ചെയ്യുകയുമായിരുന്നു.

dr shanavas 1

‘ പാവങ്ങളുടെ ഡോക്ടർ ‘

സർക്കാർ ആശുപത്രികളിൽ പോലും അമിതമായ മരുന്നുകൾ കൊണ്ട് മനുഷ്യനെ കൊല്ലാക്കൊല ചെയ്യിക്കുന്ന കാഴ്ചകളിൽ മനംനൊന്താണ് ഷാനവാസ് തന്റെ കർമമേഖലയെ ശുദ്ധീകരിക്കാൻ ശ്രമം തുടങ്ങുന്നത്. അതിനായി സ്വയം പരുവപ്പെട്ട ഡോക്ടർ തന്റെ ജില്ലയായ മലപ്പുറത്തിന്റെ വനമേഖലയിലേക്ക് ഒരു യാത്ര പോയി. അങ്ങനെയാണ് മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലെ ആദിവാസി ഗ്രാമങ്ങൾ ഡോക്ടർ ഷാനവാസിന്റെ പ്രധാന പ്രവർത്തന കേന്ദ്രം ആകുന്നത്. നിലമ്പൂർ ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന സമയത്ത് ആദിവാസി മേഖലകളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ തുടങ്ങിയോടെ മലപ്പുറത്തെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളും വിവിധ മരുന്നു കമ്പനികളും ഷാനവാസിനെതിരേ രംഗത്തെത്തി. സ്വകാര്യ ആശുപത്രി ലോബിയുടെ കടുത്ത എതിർപ്പിനെ അതിജീവിച്ചാണ് ഷാനവാസ് നിലമ്പൂരിലെ പൊതുജനാരോഗ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചത്.

dr shanavas 2

മൂന്നു മാസത്തിൽ അഞ്ചു സ്ഥലം മാറ്റം

മരുന്നു കമ്പനികളെ ആശ്രയിക്കാതെ സാമ്പിൾ മരുന്നുകൾ കണ്ടെത്തിയായിരുന്നു ഷാനവാസിന്റെ പ്രവർത്തനങ്ങൾ. സാമ്പിൾ മരുന്നുകൾ കമ്പനികളിൽ നിന്നുള്ള മികച്ച ക്വാളിറ്റി മരുന്നുകളാണ്. ഇതായിരുന്നു അവ ഉപയോഗിക്കുന്നതിന് ഒരു കാരണം. മുമ്പു ജോലി ചെയ്ത ചില ആശുപത്രികളും സാമ്പിൾ മരുന്നുകൾ ഷാനവാസിനു നൽകിയിരുന്നു. ഇത് വരാനിരിക്കുന്ന ഒരു വലിയ മാറ്റത്തിന്റെ തുടക്കമാകുമെന്ന് മരുന്നു കമ്പനികൾ മനസിലാക്കി. അതോടെ മരുന്നുകമ്പനികൾ ചില രാഷ്ട്രീയ കക്ഷികളുടെ സഹായത്തോടെ ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്ക് സ്ഥലം മാറ്റി. അതിനിടെ തന്നെ മലപ്പുറത്തെ തന്നെ ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ആദ്യം ചുങ്കത്തറ, അവിടെ നിന്ന് കരുളായി, പിന്നെ വണ്ടൂർ , അവിടെ നിന്നും പാലക്കാട്ടേക്ക് വണ്ടൂർ , ശിരുവാണി ! മൂന്നു മാസം കൊണ്ട് അഞ്ചു സ്ഥലം മാറ്റം. 2013-ൽ ചുങ്കത്തറ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന പേരിൽ ഷാനവാസിനെതിരെ കേസ് ഉണ്ടായിരുന്നു. മദ്യപിച്ചിട്ടില്ല എന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2015 ഫെബ്രുവരി 09-ന് നിലമ്പൂർ സി.ജെ.എം. കോടതി ഷാനവാസിനെ കുറ്റവിമുക്തനാക്കി. താൻ മെഡിക്കൽ ലോബികൾക്കെതിരെ നിന്ന് പ്രവർത്തിക്കുന്നതുകൊണ്ടാണ് കള്ളക്കേസ് കെട്ടിച്ചമച്ചതെന്നു അന്ന് ഷാനവാസ് പറഞ്ഞിരുന്നു. ഒടുവിൽ തിരുവനന്തപുരത്ത് ആരോഗ്യ ഡയറക്ടറുടെ ഹിയറിങിന് ശേഷവും നാട്ടിലേക്ക് നിയമനം നല്‍കാത്തതിനാല്‍ ഷാനവാസ് അവധിയിലായിരുന്നു.

ഷാനവാസിന്റെ മരണം ഒരു ആത്മഹത്യയോ സ്വാഭാവിക മരണമോ ആയിരുന്നില്ലേ ? ആർക്കാണ് ഷാനുവിന്റെ ജീവനിൽ കണ്ണുണ്ടായിരുന്നത് ? മരുന്നും, പണവും , രാഷ്ട്രീയവും ഒത്തു ചേരുന്ന ഒരു ആരോഗ്യ മാഫിയ നമ്മുടെ ജീവനുകളെ വേട്ടയാടുന്നതിന്റെ അന്ത്യം കുറിക്കാൻ ഇത് തെളിയേണ്ടത് ആവശ്യമാണ്. അസ്തമിച്ചത് ആദിത്യൻ മാത്രമാണ് ; ഷാനവാസ് സമൂഹത്തിലേക്ക് പകർന്നു വച്ച ഒരു ചോദ്യമുണ്ട്… അതിനുള്ള ഉത്തരം തേടേണ്ടത് നമ്മളാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement