ഇനി ആരും സ്മാർട്ട് ഫോൺ താഴെയിട്ട് പൊട്ടിക്കില്ല!!

ആശിച്ച് മോഹിച്ച് വൻവില കൊടുത്ത് വാങ്ങിയ സ്മാർട്ട്‌ഫോൺ അബദ്ധത്തിൽ തറയിൽ വീണാലുള്ള അവസ്ഥ ഓർത്തുനോക്കൂ. നല്ല നേരമല്ലെങ്കിൽ ആ വീഴ്ചയോടെ ഡിസ്‌പ്ലേ പോവുമെന്നുറപ്പ്. എന്നാൽ,ഇനി അങ്ങനെ സംഭവിക്കില്ലെന്നാണ് പ്രമുഖ ഗ്ലാസ് നിർമ്മാണ കമ്പനി കോർണിംഗ് പറയുന്നത്. തങ്ങളുടെ ഗോറില്ല ഗ്ലാസ്സിന്റെ അഞ്ചാം പതിപ്പിനൊപ്പമാണ് കമ്പനി ഇങ്ങനൊരു വാഗ്ദാനം നല്കുന്നത്.
തോളൊപ്പം ഉയരത്തിൽ നിന്ന് വരെ താഴെ വീഴുന്ന ഫോണുകളുടെ സ്‌ക്രീൻ സംരക്ഷിക്കാൻ ഈ ഗോറില്ല ഗ്ലാസ്സിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.2007ൽ ഉല്പാദനം ആരംഭിച്ച ഗോറില്ല ഗ്ലാസ് ഇതുവരെ സാംസങ്ങ്,മോട്ടോറോള,എൽജി ഉൾപ്പടെ 450 കോടിയോളം ഫോണുകളുടെ ഭാഗമായിട്ടുണ്ട്.
പോക്കറ്റിൽ വയ്ക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുമ്പോഴാണ് ഫോൺ താഴെവീഴാനുള്ള സാധ്യത കൂടുതലെന്ന് കമ്പനി നടത്തിയ സർവ്വെയിൽ തെളിഞ്ഞിരുന്നു. ഇതനുസരിച്ച് ഗോറില്ലയുടെ അഞ്ചാം പതിപ്പ് ഉപയോഗിച്ചിരിക്കുന്ന ഫോണുകൾ നിർമ്മാതാക്കൾ ഇടുപ്പിന്റെ ഉയരത്തിൽ നിന്നും തോളിന്റെ ഉയരത്തിൽ നിന്നും ടാറിട്ട പ്രതലങ്ങളിലേക്കിട്ട് പരീക്ഷിച്ചിരുന്നു.80 ശതമാനം ടെസ്റ്റുകളിലും വീഴ്ചകളെ അതിജീവിക്കാൻ ഈ ഗ്ലാസ്സുകൾക്കായെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here