യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പൊലീസ് മർദനം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം സുധീരൻ

യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വിഎസിന് നേരെയുള്ള പൊലീസ് മർദനത്തിൽ
മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. പൊലീസിലെ ക്രിമിനലുകൾക്കെതിരെ പേരിന് നടപടികൾ സ്വീകരിച്ച് വെള്ളപൂശാൻ ശ്രമിച്ചു. പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
പൊലീസ് കാട്ടാളത്തം നാടിനെ ഞെട്ടിക്കുന്നതാണ്. പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ വ്യക്തമായി. ആഭ്യന്തരവകുപ്പിനും നടപടി തീരാ കളങ്കം വരുത്തി. ഇവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു. പൊലീസിലെ ക്രിമിനലുകൾ ഒരുകാരണവശാലും സർവീസിൽ തുടരാൻ പാടില്ല. ഒപ്പം നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയും ഉറപ്പുവരുത്തണം.ഇവരെ സംരക്ഷിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും നടപടി ഉണ്ടാവണം. കേൾവി നഷ്ടപ്പെട്ട സുജിത്തിന് നഷ്ടപരിഹാരം നൽകാനും സർക്കാർ തയാറാവണമെന്നും വി.എം. സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം തൃശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന മൂന്നാംമുറ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ഈ വിഷയത്തിൽ ഉന്നതതല അന്വേഷണം നടന്നുവരികയാണ്, പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പരിശോധിക്കാൻ റേഞ്ച് ഡിഐജി ആർ. ഹരിശങ്കറിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക യോഗം ചേരും.
കഴിഞ്ഞദിവസം പുറത്തുവന്ന ദൃശ്യങ്ങളനുസരിച്ച് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ അതിക്രൂരമായി മർദ്ദിക്കുന്നതായി കാണാം. 2023 ഏപ്രിൽ 5-ന് നടന്ന കസ്റ്റഡി മർദ്ദനത്തിൻ്റെ ഈ ദൃശ്യങ്ങൾ കോടതിയുടെ ഇടപെടലിലൂടെയാണ് പുറത്തുവന്നത്. ഒരു സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് പൊലീസുകാർ സുജിത്തിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചത്.
എസ്.ഐ. നുഹ്മാൻ, സിവിൽ പൊലീസ് ഓഫീസർമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്നാണ് സുജിത്തിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇതിനുപുറമെ വ്യാജ എഫ്.ഐ.ആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടക്കാനും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
Story Highlights :V.M. Sudheeran demands strict action over police brutality Kunnamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here