ഈ ആര്‍ട്സ് ഡേ ഉദ്ഘാടനം ചരിത്രത്തിലേക്ക്

ഒരു കോളേജിലേയും ആര്‍ട്സ് ഡേ ഉദ്ഘാടനം ചരിത്രത്തിന്റെ ഭാഗമാകാറില്ല. എന്നാല്‍ തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ആര്‍ട്സ് ഡേ ഉദ്ഘാടനം ചരിത്രം എന്നും ഓര്‍മ്മിയ്ക്കും കാരണം, ഇത് ഉദ്ഘാടനം ചെയ്തത് ട്രാന്‍സ്ജെന്ററും, എല്‍ജിബിടി ആക്ടിവിസ്റ്റും, കേരള സെക്ഷ്വല്‍ മൈനോറിറ്റീസ് ഫോറം സംസ്ഥാന സെക്രട്ടറിയുമായ ശീതള്‍ ശ്യാമാണ്. ഉദ്ഘാടനത്തോടൊപ്പം സമ്മാന വിതരണവും നടത്തിയാണ് ശീതള്‍ മടങ്ങിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഉദ്ഘാടന ചടങ്ങ്.
അക്കാദമിക് തലത്തില്‍ ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ പുതുതലമുറയെങ്കിലും മാറ്റത്തെ ഉള്‍ക്കൊള്ളുമെന്ന ചിന്തയാണ് ഈ തീരുമാനം നടപ്പാക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിദ്യാര്‍ത്ഥിയൂണിയന്‍ ചെയര്‍മാന്‍ എകെ വിനേഷ് പ്രതികരിച്ചത്. കുട്ടികളെടുത്ത തീരുമാനത്തെ പൂര്‍ണ്ണമനസോടെ അംഗീകരിക്കുകയായിരുന്നുവെന്നും മലയാള സര്‍വകലാശാല ചാന്‍സിലര്‍ കെ. ജയകുമാര്‍ പ്രതികരിച്ചു.